ഉപതിരഞ്ഞെടുപ്പ്: പാലക്കാട് ജില്ലയിൽ വിവിധ സ്‌ക്വാഡുകള്‍ പ്രവര്‍ത്തനം തുടങ്ങി

election
election

പാലക്കാട് : പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ സുതാര്യമായ നടത്തിപ്പിനായി വിവിധ സ്‌ക്വാഡുകള്‍ പ്രവര്‍ത്തനം തുടങ്ങി. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ കണ്ടെത്തി തുടര്‍നടപടി സ്വീകരിക്കുക, രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണ ചെലവുകളുടെ നിരീക്ഷണം, വോട്ടര്‍മാരെ പണം, മദ്യം, ലഹരി പദാര്‍ത്ഥങ്ങള്‍, മറ്റു സാമ്പത്തിക ഇടപാടുകള്‍ തുടങ്ങിവ ഉപയോഗിച്ച് സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്ന് അറിയുകയും തടയുകയും ചെയ്യുക എന്നീ ചുമതലകളാണ് വിവിധ സ്‌ക്വാഡുകള്‍ക്ക്. ഫ്ളെയിങ് സ്‌ക്വാഡ് , സ്റ്റാറ്റിക് സര്‍വെയലന്‍സ് ടീം , വീഡിയോ സര്‍വെയലന്‍സ് ടീം , വീഡിയോ വ്യൂയിങ് ടീം, ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡ് എന്നിവയാണ് പ്രവര്‍ത്തിക്കുന്നത്.ഫ്‌ളെയിങ്, സ്റ്റാറ്റിക് സര്‍വെയ്‌ലന്‍സ്, ആന്റി ഡീഫേഴ്‌സ്‌മെന്റ് ടീമുകളുടെ ലീഡറായി എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ അധികാരമുള്ള ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്.


പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ആറ് ഫ്ളെയിങ് സ്‌ക്വാഡുകള്‍ വിവിധ ഷിഫ്റ്റുകളിലായി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കും. തിരഞ്ഞെടുപ്പ് ഫിനാന്‍സ്- ചെലവ് നിരീക്ഷണ ജില്ലാതല നോഡല്‍ ഓഫീസറുടെ കീഴിലാണ് ഫ്‌ളെയിങ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം. ടീം ലീഡര്‍, ഒരു പൊലീസ് ഉദ്യോഗസ്ഥന്‍, ഒരു വീഡിയോഗ്രാഫര്‍, എന്നിവരടങ്ങിയതാണ് ഒരു ടീം. മാതൃകാ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട പരാതികള്‍ കണ്ടെത്തി റിപ്പോര്‍ട്ടു ചെയ്യുക, വോട്ടര്‍മാരെ ഏതെങ്കിലും തരത്തില്‍ ഭീഷണിപ്പെടുത്തിയോ പണം നല്‍കിയോ ഉപഹാരങ്ങള്‍, സൗജന്യ മദ്യം, ഭക്ഷണം എന്നിവ വാഗ്ദാനം ചെയ്തോ സ്വാധീനിക്കുന്നത് തടയുക എന്നിവയ്ക്കായി സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ നിരീക്ഷണം നടക്കും. സുതാര്യതയും മറ്റ് നടപടിക്രമങ്ങളും ഉറപ്പാക്കുന്നതിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ / സ്ഥാനാര്‍ത്ഥികള്‍ എന്നിവരുടെ പ്രചരണ ചെലവുകളുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവയും സംഘം സൂക്ഷ്മമായി നിരീക്ഷിക്കും.


വീഡിയോ സര്‍വെയ്ലന്‍സ് ടീമിന്റെ സഹായത്തോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയ റാലികള്‍, പൊതു യോഗങ്ങള്‍ മറ്റു പ്രധാന ചെലവുകള്‍ എന്നിവയുടെ വീഡിയോഗ്രാഫുകളും സംഘം നിരീക്ഷിക്കും. രണ്ട് വീഡിയോ സര്‍വെയ്‌ലന്‍സ് ടീമുകളാണ് ഉപതിരഞ്ഞെടുപ്പിനായി രൂപീകരിച്ചിട്ടുള്ളത്.പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ആറ് സ്‌ക്വാഡുകളായാണ് സ്റ്റാറ്റിക് സര്‍വെയലന്‍സ് ടീമിന്റെയും പ്രവര്‍ത്തനം. ജില്ലയിലെ പ്രധാന റോഡുകളിലും മറ്റും ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ച് പ്രസ്തുത ടീം നിരീക്ഷണം നടത്തും. അനധികൃത മദ്യം, കൈക്കൂലി വസ്തുക്കള്‍, അല്ലെങ്കില്‍ വന്‍തോതില്‍ പണം, ആയുധങ്ങള്‍, വെടിമരുന്ന് എന്നിവയുടെ നീക്കം നിരീക്ഷിക്കുകയും അവരുടെ പ്രദേശത്തെ സാമൂഹിക വിരുദ്ധരുടെ നീക്കം നിരീക്ഷിക്കുകയും ചെയ്യുകയാണ് ചുമതല.   ചെലവ് നിരീക്ഷണ നോഡര്‍ ഓഫീസറാണ് സ്റ്റാറ്റിക് സര്‍വെയ്ലന്‍സ് സ്‌ക്വാഡിന്റെയും നോഡല്‍ ഓഫീസര്‍. ടീം ലീഡര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, വീഡിയോഗ്രാഫറും അടങ്ങിയതാണ് ഒരു ടീം.  


തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച സര്‍ക്കാരിന്റെ വികസനനേട്ടങ്ങളുമായി ബന്ധപ്പെട്ട ഫ്‌ളക്‌സുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, നോട്ടീസുകള്‍, വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ പ്രചരണ ബോര്‍ഡുകള്‍ എന്നിവ നീക്കം ചെയ്യുകയാണ് ആന്റി ഡീഫേഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ ചുമതല. രണ്ട് ടീമുകളാണ് രൂപീകരിച്ചിട്ടുള്ളത്. മാതൃകാ പെരുമാറ്റ ചട്ടത്തിന്റെ നോഡല്‍ ഓഫീസറായ അഡീഷണല്‍ ജില്ലാ മജിസ്‌ടേറ്റിന് കീഴിലാണ് ഈ സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുക. സ്‌ക്വാഡുകളുടെ ലീഡറായി എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റിന്റെ അധികാരമുള്ള ഒരു ഉദ്യോഗസ്ഥനെയും നിയമിച്ചിട്ടുണ്ട്.
 

Tags