നെല്ലിയാമ്പതി വെള്ളച്ചാട്ടത്തില്‍ കാല്‍വഴുതി വീണ് യുവാവ് മരിച്ചു

A young man died after slipping in the Nelliampathi falls

പാലക്കാട്: നെല്ലിയാമ്പതി മലനിരയുടെ വൃഷ്ടിപ്രദേശമായ വെള്ളരിമേട് വെള്ളച്ചാട്ടത്തില്‍ അപകടത്തില്‍പ്പെട്ട് യുവാവ് മരിച്ചു. കൊടുവായൂര്‍ എത്തന്നൂര്‍ സ്വദേശി പല്ലറോഡില്‍ കരിയിലകളം സുന്ദരന്റെ മകന്‍ സുരേഷ് (26) ആണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം വെള്ളച്ചാട്ടം കാണാനെത്തിയ സുരേഷ് കാല്‍വഴുതി പാറക്കെട്ടില്‍ വീഴുകയായിരുന്നു. 

അപകട വിവരം കൊല്ലങ്കോട് പോലീസ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീമിനെ അറിയിച്ചതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയാണ് സുരേഷിനെ കണ്ടെത്തിയത്. വനത്തിനുള്ളില്‍ നിന്നും പ്രതികൂല സാഹചര്യത്തില്‍ ഏറെ പരിശ്രമിച്ച് സ്ട്രച്ചറില്‍ തൂക്കിയെടുത്താണ് മലയടിവാരത്തുനിന്നും പുറത്തെത്തിച്ചത്. 

തലക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുമുണ്ടായ ഗുരുതരമായ പരുക്കുകള്‍ മരണത്തിന് കാരണമായി. കൂട്ടുകാരായ പ്രതിഷ്, രഞ്ജിത്ത്, അഭിലാഷ് എന്നിവരാണ് കൂടെ ഉണ്ടായിരുന്നത്. ഇവര്‍ക്ക് സുരേഷിനെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. ഇവരാണ് പോലീസിന് വിവരം നല്‍കിയത്.

തുടര്‍ന്ന് കൊല്ലങ്കോട് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ അര്‍ജുന്‍ കെ. കൃഷ്ണന്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ സി.വി. പുഷ്പഹാസന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ടി.സി. വിജയകുമാര്‍, പി.എം. ഷാഫി, എസ്. പ്രശാന്ത്, എസ്. ഷാജി, എം. മുകുന്ദന്‍, സുല്‍ഫികര്‍ അലി, കൃഷ്ണന്‍ കുട്ടി, ബിമല്‍ രാജ് എന്നിവരുടെ നേതൃത്വത്തിലാണ് വെള്ളച്ചാട്ടത്തില്‍ അകപ്പെട്ടയാളെ പുറത്തെടുത്തത്. വെല്‍ഡിങ് തൊഴിലാളിയാണ് സുരേഷ്. കൊല്ലങ്കോട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Tags