എന്‍ എസ് വി പക്ഷാചരണം : വയനാട് ജില്ലാതല ഉദ്ഘാടനം നടന്നു

google news
sss

വയനാട് : ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യദൗത്യത്തിന്റെയും ആഭിമുഖ്യത്തില്‍ പുരുഷ വന്ധ്യംകരണ ശസ്ത്രക്രിയ പക്ഷാചരണം നടത്തി. തരിയോട് ജില്ലാ പരിശീലന കേന്ദ്രത്തില്‍ നടന്ന ജില്ലാതല  ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.പി ദിനീഷ് നിര്‍വ്വഹിച്ചു. സമൂഹത്തില്‍ പുരുഷ കുടുംബാസൂത്രണ മാര്‍ഗ്ഗങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ലിംഗസമത്വം കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടന്നത്.

ജില്ലയില്‍ ഏറ്റവും കൂടുതല്‍ എന്‍ എസ് വി ശസ്ത്രക്രിയ ചെയ്യുകയും പുരുഷ കുടുംബാസൂത്രണ മാര്‍ഗ്ഗങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ സജീവ പങ്കാളിത്തം വഹിക്കുകയും ചെയ്ത മീനങ്ങാടി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ കെ പി കുഞ്ഞിക്കണ്ണനെ ചടങ്ങില്‍ ആദരിച്ചു. പുരുഷ വന്ധ്യംകരണ ശസ്ത്രക്രിയ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ സാമൂഹ്യ പ്രസക്തിയെകുറിച്ചും ആരോഗ്യ-കുടുംബക്ഷേമ മാനങ്ങളെകുറിച്ചും സൂപ്പര്‍വൈസറിതല ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി. ഏറ്റവും ലളിതവും സുരക്ഷിതവും ഫലപ്രദവുമായ സ്ഥിര പുരുഷ കുടുംബാസൂത്രണ മാര്‍ഗമാണ് എന്‍ എസ് വി. വേദനാ രഹിതവും കുറഞ്ഞസമയം കൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയുന്നതുമായ ഈ കുടുംബാസൂത്രണ മാര്‍ഗം സ്ത്രീകളില്‍ നടത്തുന്ന താരതമ്യേന സങ്കീര്‍ണ്ണമായ സ്ഥിര കുടുംബാസൂത്രണ ശസ്ത്രക്രിയകള്‍ കുറയ്ക്കാന്‍ സാധിക്കും.

കുടുംബാസൂത്രണ മാര്‍ഗ്ഗങ്ങളില്‍ സ്ത്രീ - പുരുഷ സമത്വം ഉറപ്പുവരുത്താന്‍ സഹായിക്കുകയും ചെയ്യുന്നു. എന്‍ എസ് വി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള കൗണ്‍സലിങ്ങും സൗകര്യങ്ങളും സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലൂടെ സൗജന്യമായി ലഭിക്കും.ദേശീയ ആരോഗ്യദൗത്യം പ്രോഗ്രാം മാനേജര്‍ ഡോ.സമീഹ സൈതലവി, ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ ഷിജിന്‍ ജോണ്‍ ആളൂര്‍, ആര്‍ദ്രം ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ പി.എസ് സുഷമ, ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരായ കെ എം ഷാജി, കെ എച്ച് സുലൈമാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
 

Tags