സത്യസന്ധതയില്‍ നൂറ് മാര്‍ക്ക്, അഭിമാനിക്കാം ഹരിതകര്‍മ സേനക്ക്

google news
jhgfcv

വീടുകളില്‍ നിന്നും നീക്കിയ അജൈവ മാലിന്യങ്ങള്‍ക്കിടയിലുണ്ടായ പണം ഉടമസ്ഥന് തിരികെ ഏല്‍പ്പിച്ച് ഹരിതകര്‍മ സേനാംഗങ്ങളുടെ മാതൃകാ പ്രവര്‍ത്തനം. മടിക്കൈ പഞ്ചായത്തിലെ ആറാം വാര്‍ഡിലെ ഹരിതകര്‍മ്മ സേനാംഗങ്ങളായ സി.സുശീലയും, പി.വി ഭവാനിയുമാണ് മാതൃകാ പ്രവര്‍ത്തനത്തിനിലൂടെ അഭിമാനമായത്. മാലിന്യ ശേഖരണത്തിനായി ബുധനാഴ്ചയാണ് ഇരുവരും മാല്‍പ്പച്ചേരിയിലെ വീടുകളില്‍ പോയത്. ശേഖരിച്ച മാലിന്യങ്ങള്‍ സംസ്‌കരണ കേന്ദ്രത്തിലേക്ക് എത്തിക്കുന്നതിനായി തൊട്ടടുത്ത മരത്തണലിലേക്ക് മാറ്റി. പിന്നീട് ഇരുവരും വീട്ടുകളിലേക്ക് മടങ്ങി.

കുറച്ചു നേരം കഴിഞ്ഞപ്പോഴാണ് പ്ലാസ്റ്റികിനൊപ്പം പണം എന്തെങ്കിലും ഉള്‍പ്പെട്ടിരുന്നോ എന്ന അന്വേഷണവുമായി പ്രദേശത്തെ രാജീവന്റെ ഭാര്യ ഫോണ്‍ വിളിക്കുന്നത്. കൂലിവേലക്കാരനായ രാജീവന്‍ വീട് പണിക്കായി സൂക്ഷിച്ച പണമാണ് നഷ്ടമായത് എന്നും ഇവരെ അറിയിച്ചു. ആ നാട്ടില്‍ നിന്ന് ശേഖരിച്ച മാലിന്യമാകെ അരിച്ചുപെറുക്കി പരിശോധിച്ചപ്പോഴാണ് അരലക്ഷം രൂപ ഇവര്‍ കണ്ടെത്തിയത്. പണം സുരക്ഷിതമായി കയ്യിലുണ്ടെന്ന് ഉടമയെ വിളിച്ച് അറിയിച്ചു. തുടര്‍ന്ന് നാട്ടുകാരുടെ സാന്നിധ്യത്തില്‍ തുക കൈമാറി.

മാലിന്യങ്ങള്‍ ശേഖരിക്കുന്ന വീടുകളില്‍ നിന്നും തന്നെയാണ് സാധരണ വേര്‍തിരിക്കുന്നത്. എന്നാല്‍ പ്ലാസ്റ്റിക് കവറുകളും മറ്റു വസ്തുക്കളും വീട്ടുകാര്‍ കൃത്യമായി ശേഖരിച്ച് വെച്ചതിനാല്‍ വീണ്ടും തരം തിരിക്കേണ്ടി വന്നില്ല. ആദ്യം ഫോണ്‍ കോള്‍ വന്നപ്പോള്‍ അന്താളിപ്പായെന്നും തുടര്‍ന്ന് പണം കണ്ടെത്തി തിരിച്ചു നല്‍കിയപ്പോള്‍ ഏറെ സന്തോഷം തോന്നിയതായും സുശീലയും ഭവാനിയും പറഞ്ഞു.  

Tags