രണ്ടാം ഘട്ട ഹജ്ജ് പരിശീലന ക്ലാസ് ഫെബ്രുവരി 3 മുതൽ

hajj
hajj

മലപ്പുറം : ഈ വർഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവർക്കുള്ള രണ്ടാം ഘട്ട സാങ്കേതിക പരിശീലന ക്ലാസുകൾ ഫെബ്രുവരി മൂന്ന് മുതൽ  25 വരെ തിയ്യതികളിൻ നടത്താൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം തീരുമാനിച്ചു. സസ്ഥാനതല  ഉദ്ഘാടനം കായിക - ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഫെബ്രുവരി 3-ന്  കരിപ്പൂർ ഹജ്ജ് ഹൗസിൽ നിർവ്വഹിക്കും. തുടർന്നുള്ള ദിവസങ്ങളിൽ 14 ജില്ലകളിലും വിവിധ കേന്ദ്രങ്ങളിലായി രണ്ടാംഘട്ട പരിശീലന ക്ലാസ്സുകൾ നടക്കും. 

കേരളത്തിൽ നിന്ന് ഇതുവരെ ഈ വർഷത്തെ ഹജ്ജിന് 15,481 പേർ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 6,337 പുരുഷന്മാരും 9144 പേർ സ്ത്രീകളുമാണ്. വെയ്റ്റിംഗ് ലിസ്റ്റിലെ ക്രമനമ്പർ 2208 വരെയുള്ളവർക്ക് അവസരം ലഭിച്ചു. കണ്ണൂരിൽ പുതിയ ഹജ്ജ് ഹൗസ് നിർമാണവുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ യോഗം വിലയിരുത്തി. നിർമാണ പ്രവൃത്തികൾ തുടങ്ങാൻ ആവശ്യമായ കാര്യങ്ങൾ ത്വരിത ഗതിയിലാക്കും.

കരിപ്പൂർ ഹജ്ജ് ഹൗസിൽ നടന്ന യോഗത്തിൽ ചെയർമാൻ  ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് അധ്യക്ഷത വഹിച്ചു. ഹജ്ജ് കമ്മിറ്റി മെമ്പർമാരായ അഡ്വ. പി.ടി.എ. റഹീം എം.എൽ.എ., അഡ്വ. പി. മൊയ്തീൻകുട്ടി, പി.പി. മുഹമ്മദ് റാഫി, പി ടി  അക്ബർ, അഷ്‌കർ കോരാഡ്, ഒ.വി. ജാഹ്ഫർ കണ്ണൂർ, ഷംസുദ്ദീൻ അരീഞ്ചിറ, എം.എസ്. അനസ് ഹാജി, മുഹമ്മദ് സക്കീർ, നൂർ മുഹമ്മദ് നൂർഷാ, അഡ്വ. എം.കെ. സക്കീർ എന്നിവർ പങ്കെടുത്തു. അസ്സയിൻ പി.കെ. സ്വാഗതം പറഞ്ഞു.
 

Tags