മൃഗചികിത്സാ സംവിധാനങ്ങള്‍ വീട്ടുപടിക്കല്‍; മൊബൈല്‍ വെറ്ററിനറി യൂണിറ്റ് സേവനമാരംഭിച്ചു

google news
sdfg

മലപ്പുറം :  മൃഗചികിത്സാ സംവിധാനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന മൊബൈല്‍ വെറ്ററിനറി ക്ലിനിക്കുകളുടെ ജില്ലാതല ഉദ്ഘാടനം നടന്നു. മലപ്പുറം ജില്ലാപഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങില്‍ മൊബൈല്‍ വെറ്ററിനറി വാഹനങ്ങളുടെ താക്കോല്‍ നിലമ്പൂര്‍, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് കൈമാറി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം അധ്യക്ഷത വഹിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന ലൈവ്സ്റ്റോക്ക് ഹെല്‍ത്ത് ആന്റ് ഡിസീസ് കണ്‍ട്രോള്‍  എന്ന  കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ കീഴില്‍ മൃഗസംരക്ഷണ വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് മൊബൈല്‍ വെറ്ററിനറി  യൂണിറ്റുകള്‍ ആരംഭിച്ചിട്ടിള്ളത്. 

തിരൂര്‍, നിലമ്പൂര്‍  ബ്ലോക്കുകളിലേക്കായി രണ്ട് വാഹനങ്ങളാണ് ജില്ലയ്ക്ക് അനുവദിച്ചിട്ടുള്ളത്. ബാക്കിയുള്ള ബ്ലോക്കുകളിലേക്ക് ഉടന്‍ വാഹനങ്ങളെത്തുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍  ഡോ.പി.യു. അബ്ദുള്‍ അസീസ് പറഞ്ഞു. ക്ഷീരകര്‍ഷകര്‍ക്ക് 1962 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ഈ സേവനത്തിന് വേണ്ടി ബന്ധപ്പെടാം. ഓരോ വാഹനത്തിലും ഒരു വെറ്ററിനറി സര്‍ജന്‍, ഒരു പാരാവെറ്റ്,  ഒരു ഡ്രൈവര്‍ കം അറ്റന്റന്‍ഡ് എന്നിങ്ങനെ മൂന്ന് പേരാണുള്ളത്. തുടക്കത്തില്‍ ഉച്ചയ്ക്ക് ഒന്ന് മുതല്‍ എട്ടുവരെയാണ് സേവനം. ക്ഷീര കര്‍ഷകര്‍ക്ക് വാതില്‍പ്പടി സേവനം ലഭിക്കുന്നതിന് ഫീസ് നിരക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. കന്നുകാലികള്‍, പൗള്‍ട്രി മുതലായവയ്ക്ക് 450 രൂപയാണ് നിരക്ക്. കൃത്രിമ ബീജദാനത്തിന് 50 രൂപ അധികം നല്‍കണം. അരുമമൃഗങ്ങള്‍ക്ക് 950 രൂപ, ഒരേ വീട്ടിലെ കന്നുകാലികള്‍, പൗള്‍ട്രി, അരുമ മൃഗങ്ങള്‍ എന്നിവയ്ക്ക് ഒന്നിച്ചുള്ള ചികിത്സയ്ക്ക് 950 രൂപ എന്നിങ്ങനെയുമാണ് നിരക്ക്.

വാഹന കൈമാറ്റ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ സറീന ഹസീബ്, തിരൂര്‍ ബ്ലോക്ക് പഞ്ചയാത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ധീന്‍, നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പുഷ്പവല്ലി, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. പി.യു. അബ്ദുള്‍ അസീസ്, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. ജോയ് ജോര്‍ജ്ജ്, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ.ബി. പ്രഭാകരന്‍, തിരൂര്‍ സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. പി. ഉഷ, നിലമ്പൂര്‍ സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. ഷൗക്കത്തലി വടക്കുംപാടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags