പ്രവാസികൾക്കായി ഇ-സേവ കേന്ദ്രം ആരംഭിക്കാൻ സർക്കാറിനോട് ശിപാർശ ചെയ്യും :പ്രവാസി കമീഷൻ
കോഴിക്കോട് : പ്രവാസികളുടെ സേവനത്തിനായി ഇ-സേവ കേന്ദ്രം ആരംഭിക്കാൻ സർക്കാറിനോട് ശിപാർശ ചെയ്യുമെന്ന് പ്രവാസി കമീഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് സോഫി തോമസ്. കോഴിക്കോട് ഗവ. പോളിടെക്‌നിക്കിൽ സംഘടിപ്പിച്ച പ്രവാസി കമീഷൻ അദാലത്തിൽ സംസാരിക്കുകയായിരുന്നു അവർ. പ്രവാസി മലയാളി എന്ന് പേരിലുൾപ്പെടുത്തിയ ഏത് സംഘടന കണ്ടാലും അത് സർക്കാറിൻേറതാണെന്ന് തെറ്റിദ്ധരിച്ച് പണം നിക്ഷേപിച്ച് പലരും ചതിയിലകപ്പെടുന്നുണ്ട്. ഇതിനെതിരായ ബോധവത്കരണം കമീഷൻ അദാലത്തുകൾ വഴിയും മറ്റും നടത്തുന്നു്‌ണ്ടെന്നും ചെയർപേഴ്‌സൺ പറഞ്ഞു.
tRootC1469263">അനധികൃത സംരംഭങ്ങളിൽ നിക്ഷേപം നടത്തിയും റിക്രൂട്ടിങ് ഏജൻസികളുടെ ജോലി വാഗ്ദാനത്തിലൂടെയുമെല്ലാം പണം നഷ്ടമാകുന്നവർ നിരവധിയാണ്. ഇത്തരം പരാതികൾ പൊലീസിന്റെയും നോർക്ക ഡിപ്പാർട്ട്‌മെന്റിന്റെയും നോർക്ക റൂട്ട്‌സിന്റെയും വെൽഫയർ ബോർഡിന്റെയുമെല്ലാം ശ്രദ്ധയിൽ കൊണ്ടുവരുന്നുണ്ട്. പ്രവാസി പ്രശ്‌നങ്ങളിലെ പരിഹാരത്തിന് പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പരമാവധി വേഗത്തിൽ പരിഹാരത്തിന് ശ്രമിക്കുന്നുണ്ട്. അനുമതിയില്ലാത്ത സംഘടനകൾക്ക് തടയിടാനും ശ്രമം നടത്തുന്നുണ്ട്. പരാതികൾ കാലതാമസം കൂടാതെ അറിയിച്ചാൽ നടപടികൾ എളുപ്പത്തിൽ സാധ്യമാകുമെന്നും വേൾഡ് മലയാളി പ്രവാസി ഓർഗനൈസേഷൻ എന്ന പേരിൽ 25ഓളം പേരെ പാർട്ണർമാരാക്കി വഞ്ചിച്ചതിന്റെ രണ്ട് പരാതികൾ കോഴിക്കോട്ട് ലഭിച്ചിട്ടുണ്ടെന്നും ചെയർപേഴ്‌സൺ അറിയിച്ചു.
പ്രവാസി കുടുംബങ്ങൾ നാട്ടിൽ നേരിടുന്ന പ്രശ്‌നങ്ങൾ, സാമ്പത്തിക തട്ടിപ്പുകൾ, റിക്രൂട്ടിങ് ഏജൻസികളുടെ വഞ്ചന, സർക്കാർ കാര്യാലയങ്ങളിൽനിന്നും ബാങ്കുകളിൽ നിന്നും എംബസികളിൽനിന്നും തൊഴിൽ ദാതാക്കളിൽനിന്നും ലഭിക്കേണ്ട സഹായങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് കമീഷന്റെ പരിഗണനയിൽ വന്നത്.
64 പഴയ പരാതികളും 60 പുതിയതുമടക്കം 124 പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. കമീഷൻ അംഗങ്ങളായ പി.എം ജാബിർ, ഡോ. മാത്യൂസ് കെ ലൂക്കോസ്, എം എം നഈം, ജോസഫ് ദേവസ്യ പൊന്മാങ്കൽ, സെക്രട്ടറി ആർ ജയറാം കുമാർ എന്നിവരും പങ്കെടുത്തു.
.jpg)

