സൈബര്‍പാര്‍ക്ക് ഫുഡ്കോര്‍ട്ടില്‍ എമറാള്‍ഡ് റസ്റ്റുറന്‍റും

Emerald Restaurant at Cyberpark Food Court
Emerald Restaurant at Cyberpark Food Court

കോഴിക്കോട്: കോഴിക്കോട് ഗവ. സൈബര്‍പാര്‍ക്കിലെ ഫുഡ് കോര്‍ട്ടില്‍ പ്രശസ്തമായ എമറാള്‍ഡ് റെസ്റ്റുറന്‍റിന്‍റെ ഔട്ട്ലെറ്റ് പ്രവര്‍ത്തനമാരംഭിച്ചു. സൈബര്‍പാര്‍ക്ക് ജനറല്‍ മാനേജര്‍ വിവേക് നായര്‍ ഔട്ട്ലെറ്റിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഇതോടെ ഫുഡ്കോര്‍ട്ടിലെ നാല് റസ്റ്റുറന്‍റ് സ്പേസുകളും പൂര്‍ണമായി സജ്ജമായി.

എമറാള്‍ഡ് ഗ്രൂപ്പിന്‍റെ സ്നാക്സ് ക്ലബുകളുടെ ഔട്ട്ലറ്റാണ് ഫുഡ്കോര്‍ട്ടില്‍ പ്രവര്‍ത്തനം തുടങ്ങിയത്. വിവിധ സ്നാക്കുകളും വിവിധ പാനീയങ്ങളും ഇവിടെ ലഭ്യമാകും.

ഉദ്ഘാടനത്തോടനുബന്ധിച്ച് കൂപ്പണ്‍ വഴി പത്ത് പേര്‍ക്ക് എമറാള്‍ഡ് ഗ്രൂപ്പിന്‍റെ മുത്തങ്ങയിലുള്ള റിസോര്‍ട്ടില്‍ ഒരു ദിവസത്തെ സൗജന്യ താമസവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിനു പുറമെ സൈബര്‍പാര്‍ക്കിലെ കമ്പനികളുമായി ചേര്‍ന്ന് റിസോര്‍ട്ടുകളില്‍ ഐടി ജീവനക്കാര്‍ക്ക് ഇളവുകളോടെ താമസിക്കാനുള്ള ഓഫറുകളും ആലോചിക്കുന്നുണ്ടെന്ന് എമറാള്‍ഡ് ഗ്രൂപ്പ് ജനറല്‍ മാനേജര്‍ അലിയാര്‍ അഹമ്മദ് പറഞ്ഞു.

സൈബര്‍പാര്‍ക്കിലെ അഞ്ച് ഏക്കറിലുള്ള  പ്രത്യേക സാമ്പത്തിക മേഖലയിലെ സഹ്യ കെട്ടിടത്തില്‍ 82 ഐ ടി കമ്പനികളും, സെസ് ഇതര മേഖലയിലുള്ള കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കെട്ടിടത്തില്‍  22 സ്റ്റാര്‍ട്ടപ്പ് കമ്പനികളും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ആകെ 2200 ഓളം ഐ ടി പ്രൊഫഷണലുകളാണ് ഇവിടെ ജോലി ചെയ്യുന്നത്. മൂന്ന് ലക്ഷം ചതുരശ്ര അടിയാണ് കെട്ടിടത്തിന്‍റെ  വിസ്തീര്‍ണം.

ജീവനക്കാരുടെ കായിക മാനസികോല്ലാസത്തിനായി 1017 ചതുരശ്രമീറ്റര്‍ വലുപ്പമുള്ള രണ്ട് ഫൈവ്സ് ഫുട്ബോള്‍ ടര്‍ഫ്, 2035 ചതുരശ്രമീറ്റര്‍ വലുപ്പുമുളള സെവന്‍സ് ഫുട്ബോള്‍ ടര്‍ഫ്, 640 ചതുരശ്ര മീറ്റര്‍ വലുപ്പമുള്ള ബാസ്കറ്റ് ബോള്‍ ടര്‍ഫ്, ഡബിള്‍സ് കളിക്കാവുന്ന രണ്ട് ഷട്ടില്‍ ബാഡ്മിന്‍റണ്‍ കോര്‍ട്ടുകള്‍ എന്നിവയടങ്ങിയ സ്പോര്‍ട്സ് അരീനയും സൈബര്‍പാര്‍ക്കിലുണ്ട്.

Tags