തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം സ്ഥാനാര്‍ത്ഥികള്‍ കര്‍ശനമായി പാലിക്കണം: കൊല്ലം ജില്ലാ കലക്ടര്‍

 Collector N. Devidas
 Collector N. Devidas

കൊല്ലം : തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ പെരുമാറ്റ ചട്ടം കര്‍ശനമായി പാലിക്കണമെന്നു ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്. തിരഞ്ഞെടുപ്പ് സംബന്ധിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ സ്ഥാനാര്‍ത്ഥികളെ അറിയിക്കാന്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ അധ്യക്ഷത വഹിക്കവേ ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡുകള്‍ സജീവമാണെന്നും പൊതുയിടങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച 200ലധികം പ്രചാരണ സാമഗ്രികള്‍ മാറ്റിയെന്നും അറിയിച്ചു. പെരുമാറ്റ ചട്ടലംഘനങ്ങള്‍ സംബന്ധിച്ച  പരാതികളില്‍  ജില്ലാ പെരുമാറ്റച്ചട്ട നിരീക്ഷണ സമിതി നടപടി സ്വീകരിക്കും.

tRootC1469263">

ജനങ്ങളുടെ അടിസ്ഥാനആവശ്യങ്ങളുമായി ബന്ധപ്പെടുന്ന പദ്ധതികളല്ലാതെ തദ്ദേശസ്ഥാപനതലത്തിലുള്ള പദ്ധതികള്‍ക്ക് സമിതി നിലവില്‍ അനുമതി നല്‍കില്ല. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഉടനീളം ഹരിതചട്ടം പാലിക്കണം. പരിസ്ഥിതി സൗഹൃദമല്ലാത്ത വസ്തുക്കള്‍ പോളിങ്, വോട്ടെണ്ണല്‍, വിതരണകേന്ദ്രങ്ങളില്‍ ഉപയോഗിക്കരുത്. വോട്ടിംഗ്‌യന്ത്രങ്ങളില്‍ ബാലറ്റ് പേപ്പര്‍ സ്ഥാപിക്കുന്ന പ്രക്രിയയിലും ഹരിതചട്ടം ബാധകമാണ്. കണ്ട്രോള്‍, ബാലറ്റ് യൂണിറ്റുകള്‍ അടങ്ങുന്ന വോട്ടിംഗ്‌യന്ത്രത്തില്‍ ജില്ലാ പഞ്ചായത്തിനായി ഉപയോഗിക്കുന്നത് നീലനിറത്തിലുള്ള ബാലറ്റ് പേപ്പറും ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകള്‍ക്ക് യഥാക്രമം പിങ്ക്, വെള്ള ബാലറ്റ് പേപ്പറുകളുമാണ്.

ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ മൂന്ന് വോട്ട് വീതം രേഖപ്പെടുത്തേണ്ട ഉദ്യോഗസ്ഥര്‍ക്ക് തത്തുല്യ എണ്ണം ബാലറ്റ് വീതവും നഗരസഭ/കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ ഒരോ പോസ്റ്റല്‍ ബാലറ്റും അനുവദിച്ചിട്ടുണ്ട്. പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തേണ്ട ഫോം 15 തിരഞ്ഞെടുപ്പ് ദിനത്തിന് അഞ്ചു ദിവസം മുന്‍പ് നല്‍കണം. തിരഞ്ഞെടുപ്പിനു നിയോഗിച്ച ഉത്തരവിന്റെ പകര്‍പ്പും നല്‍കണം. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും സുരക്ഷാചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കും പോസ്റ്റല്‍ ബാലറ്റ് ഉപയോഗിക്കാം.
പ്രശ്നബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തും.
തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ബി ജയശ്രീ, സൂപ്രണ്ട് രമേശ് മാധവന്‍, സ്ഥാനാര്‍ത്ഥികള്‍, തിരഞ്ഞെടുപ്പ് ഏജന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags