ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ ക്ഷേമത്തിനായി നടത്തുന്നത് മികച്ച പ്രവര്‍ത്തനങ്ങള്‍ : എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ
kasargodscolarship

കാസർഗോഡ് : അംഗങ്ങളുടെ ക്ഷേമത്തിനായി മികച്ച പ്രവര്‍ത്തനങ്ങളാണ് ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് നടത്തുന്നതെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. ലോട്ടറി തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് 2021-22 വര്‍ഷത്തെ സ്‌കോളര്‍ഷിപ്പ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച മാര്‍ക്ക് നേടി സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും അവരുടെ രക്ഷിതാക്കളെയും എം.എല്‍.എ അനുമോദിച്ചു.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് മെമ്പര്‍ വി ബാലന്‍ അധ്യക്ഷനായി. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് വിശിഷ്ടാതിഥിയായി. അസിസ്റ്റന്റ് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ എം വി രാജേഷ് കുമാര്‍, വിവിധ തൊഴിലാളി സംഘടന പ്രതിനിധികളായ എം കുഞ്ഞമ്പു, കെ. എം ശ്രീധരന്‍, പി വി ഉമേശന്‍, മധുസൂദനന്‍ നമ്പ്യാര്‍, വി ബി സത്യനാഥന്‍, സി സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ കെ ഹരീശ സ്വാഗതവും ജില്ലാ ഭാഗ്യക്കുറി ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് ജി ലിജു നന്ദിയും പറഞ്ഞു.  

എസ്.എസ്.എല്‍.സി പരീക്ഷയില്‍ 80 ശതമാനത്തിലധികം മാര്‍ക്ക് നേടിയ 24 വിദ്യാര്‍ത്ഥികള്‍ക്ക് ചടങ്ങില്‍ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമ, മെഡിക്കല്‍, എഞ്ചിനീയറിങ്ങ് തുടങ്ങി വിവിധ കോഴ്‌സുകളില്‍ മികവു പുലര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ക്ഷേമനിധി ബോര്‍ഡില്‍ നിന്നും സ്‌കോളര്‍ഷിപ്പ് നല്‍കി വരുന്നുണ്ട്. ഇതോടൊപ്പം അംഗങ്ങളുടെ മക്കളുടെ വിവാഹം, അംഗങ്ങള്‍ക്ക് ചികിത്സാ ധനസഹായം, തൊഴിലിടങ്ങളിലെ സുരക്ഷിതത്വം ഉറപ്പാക്കാന്‍  ബീച്ച് അംബ്രല്ല, അംഗപരിമിതരായ അംഗങ്ങള്‍ക്ക് മുച്ചക്ര വാഹനം തുടങ്ങി വിവിധങ്ങളായ ക്ഷേമ പ്രവര്‍ത്തനങ്ങളാണ് ബോര്‍ഡ് നടത്തി വരുന്നത്.

Share this story