കാസർകോട് ജില്ലയിൽ നിരോധിത ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഉത്പ്പന്ന വില്‍പ്പനക്കെതിരെ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് പരിശോധന ശക്തമാക്കി


കാസർകോട് : നിരോധിച്ച ഒറ്റ തവണ ഉപയോഗ ഗ്ലാസ്സുകളും പ്ലേറ്റുകളും വ്യാപകമായി വില്പന നടത്തുന്നുണ്ടെന്ന പരാതിയില്‍ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ ജില്ല എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ചെങ്കള ഗ്രാമപഞ്ചായത്തിലെ ചെറുക്കളയില്‍ നടത്തിയ പരിശോധനയില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളുടെ ഗോഡൗണുകളില്‍ സൂക്ഷിച്ച നിരോധിത ഉത്പ്പന്നങ്ങള്‍ കണ്ടെത്തി പിടിച്ചെടുക്കുകയും 10000 രൂപ പിഴ ചുമത്തുകയും ചെയ്തു. പിടിച്ചെടുത്ത ഉത്പന്നങ്ങള്‍ ഉപയോഗയോഗ്യമല്ലാതാക്കിയ ശേഷം ഗ്രാമപഞ്ചായത്തിന്റെ് എം സി എഫിലേക്ക് കൈമാറി. ജില്ലയിലെ വിവിധ മാര്‍ക്കറ്റുകളിലേക്ക് നിരോധിത ഉത്പ്പന്നങ്ങള്‍ എത്തിക്കുന്ന ഏജന്‍സിയെ കണ്ടു പിടിക്കുന്നതിനുള്ള ഊര്‍ജിത ശ്രമം സ്‌ക്വാഡ് നടത്തിവരുന്നുണ്ട്.
മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ചെര്‍ക്കളയിലെ സ്‌കൂളുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും പരിശോധന നടത്തി. മാലിന്യങ്ങള്‍ അശ്രദ്ധമായി കൈകാര്യം ചെയ്തതിന് രണ്ട് കട ഉടമകള്‍ക്ക് 5000 രൂപ തല്‍സമയ പിഴ ചുമത്തി. ഓവുചാലിലേക്ക് മലിനജലം ഒഴുക്കുന്നവരെ കണ്ടെത്തി പിഴ ഈടാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പരിശോധനയില്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡര്‍ കെ വി മുഹമ്മദ് മദനി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രശ്മി കെ, സ്‌ക്വാഡ് അംഗം ഫാസില്‍ ഇ.കെ എന്നിവര്‍ പങ്കെടുത്തു.