മലയോരത്ത് വളയം പിടിക്കാൻ വളയിട്ട കൈകൾ; സൂപ്പർ ബസ് ഡ്രൈവറായി സ്നേഹ

Woman bus driver thrills the hilly region of Iritty
Woman bus driver thrills the hilly region of Iritty

കണ്ണൂർ: മലയോര മേഖലയായ ഇരിട്ടിയെ ത്രസിപ്പിച്ച് വനിത ബസ് ഡ്രൈവർ. ഇരുത്തം വന്ന ഡ്രൈവറെപ്പോലെ മലയോരത്തെ റോഡിലൂടെ ബസുമായി കുതിച്ചു പായുന്ന സ്നേഹയെന്ന യുവതി നാട്ടുകാരെ വിസ്മയിപ്പിക്കുകയാണ്. പുരുഷന്മാർ മാത്രം ജോലി ചെയ്തിരുന്ന മേഖലയിലേക്ക് കടന്നു വന്ന സ്നേഹയെ കൗതുകത്തിനൊപ്പം ഏറെ  സ്നേഹത്തോടെയാണ് തന്റെ യാത്രികരും ഈ റൂട്ടിലെ നാട്ടുകാരും വീക്ഷിക്കുന്നത്.

കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് ഇരട്ടി ബസ് സ്റ്റാൻഡിൽ നിന്നും ആറളം ചെടികുളത്തേക്ക് പോകുന്ന കെ സി എം ബസ്സിൽ സ്നേഹ ഡ്രൈവറായി എത്തിയത്. ആദ്യമായിട്ടാണ് ഒരു വനിതാഡ്രൈവർ ഈ മേഖലയിൽ ബസ് ഓടിക്കുന്നത്. ഇരട്ടി ബസ് സ്റ്റാൻഡിൽ ചെടിക്കുളത്തേക്ക് പോകുന്ന ബസ്സിൽ നിറയെ ആളുകൾ ഉണ്ടായിരുന്നു. പക്ഷേ യാതൊരു കൂസലുമില്ലാതെ ഒരു ഇരുത്തം വന്ന ഡ്രൈവറെപ്പോലെയാണ് സ്നേഹ ബസ്സോടിച്ചു പോയത്. 

Woman bus driver thrills the hilly region of Iritty

35 വർഷത്തോളമായി കണ്ണൂരിൽ നിന്നും ഇരിട്ടി വഴി മലയോര മേഖലയായ ആറളം ചെടിക്കുളത്തേക്ക് സർവീസ് നടത്തിവരുന്ന ബസാണ് കെസിഎം. വർഷങ്ങളായി ഈ ബസിന്റെ ഡ്രൈവറാണ് സുമജൻ. ഇദ്ദേഹത്തിന്റെ ജ്യേഷ്ഠന്റെ മകളാണ് ഏച്ചൂർ വലിയന്നൂർ സ്വദേശിനിയായ സ്നേഹ. 

തന്റെ പിതാവിനൊപ്പം ഡെലിവറി വാനിൽ ഒന്നിച്ചു പോകുന്ന സ്നേഹ ഒഴിവു ദിവസങ്ങളിലാണ് ബസ്സിൽ ഡ്രൈവറായി പോകുന്നത്. അതിനാലാണ് കഴിഞ്ഞ ഞായറാഴ്ച മട്ടന്നൂരിൽ നിന്നും ചെടിക്കുളത്തേക്ക് ബസ് ഓടിക്കാൻ എത്തിയത്. മുൻപും ഈ റൂട്ടിൽ ഒഴിവു ദിവസങ്ങളിൽ ഇതേ ബസ് ഓടിച്ചിട്ടുണ്ടെന്നു സ്നേഹ പറഞ്ഞു. 

ബസ് ഓടിക്കാനുള്ള ആഗ്രഹമാണ് തന്നെ ഡ്രൈവറുടെ സീറ്റിൽ എത്തിച്ചതെന്നും ഡ്രൈവിങ് ലൈസൻസ് ലഭിച്ചിട്ട് ഒരു വർഷത്തോളമായെന്നും സ്നേഹ പറഞ്ഞു. വരും ദിവസങ്ങളിലും ഈ റൂട്ടിൽ ബസോടിക്കാൻ സ്നേഹയുണ്ടാകുമെന്നാണ് കരുതുന്നത്.

Tags