നടുക്കുന്ന ഓർമ്മയിൽ വിമൽ; റിജിത്തിന് വെട്ടേൽക്കുന്നത് തന്നെ അക്രമിക്കുന്നത് തടഞ്ഞപ്പോൾ
തലശേരി: റിജിത്തിനോടൊപ്പം ആർ.എസ്. എസ് - ബി.ജെ.പി പ്രവർത്തകരുടെ അക്രമത്തിന് ഇരയായ വിമലിന് ഇപ്പോഴും നടുക്കം മാറിയില്ല. തന്നെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് കണ്ണപുരം ചുണ്ട സ്വദേശിയായ റിജിത്തിനും വെട്ടേറ്റത്. തലനാരിഴയ്ക്കാണ് വിമൽ രക്ഷപ്പെട്ടത്. സമാധാന അന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്താണ് ആർ.എസ്.എസ് ബി.ജെ.പി പ്രവർത്തകർ 2005 ഒക്ടോബർ മുന്നിന് രാത്രി ഒൻപതു മണിക് അക്രമമഴിച്ചുവിട്ടത്.
വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന റിജിത്തിൻ്റെ കൂടെ നികേഷ് വിമൽ, വികാസ് , സജീവൻ എന്നിവരുമുണ്ടായിരുന്നു.വടിവാൾ കൊണ്ടു തന്നെ വെട്ടുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് റിജിത്തിന് വെട്ടേൽക്കുന്നതെന്ന് വിമൽ പറഞ്ഞു. കിണറിന് സമീപത്തു നിന്നാണ് വിമലിന് വെട്ടേൽക്കുന്നത്. തടയാൻ ചെന്ന റിജിത്തിന് കഴുത്തിൽ വെട്ടേൽക്കുകയായിരുന്നു. അതീവ ഗുരുതരമായി പരുക്കേറ്റ റിജിത്തിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്തെ ക്ഷേത്രവളപ്പിൽ ആർ.എസ്.എസ് ശാഖ തുടങ്ങുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സി.പി.എം - ആർ.എസ്.എസ് പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തിലെത്തിയത്.