കണ്ണൂരിലെ വിനോദ സഞ്ചാര മേഖലയായ പൈതൽമലയിലെ മാലിന്യം തള്ളൽ: മിന്നൽ പരിശോധനയിൽ മൂന്ന് സ്ഥാപനങ്ങൾക്ക് പിഴയിട്ടു

Three companies were fined for dumping garbage in Paithalmala
Three companies were fined for dumping garbage in Paithalmala

ആലക്കോട്: ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് വലിച്ചെറിയൽ മുക്ത വാരത്തിന്റെ ഭാഗമായി വിനോദ സഞ്ചാര മേഖലയായ പൈതൽമല കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ മാലിന്യങ്ങൾ വലിച്ചെറിഞ്ഞതിനു മൂന്ന് കേസുകളിലായി 30000 രൂപ പിഴ ചുമത്തി. പൈതൽ മലയിൽ പ്രവർത്തിച്ചു വരുന്ന പൈതൽ ഹിൽ റിസോർട്ടിനു 15000 രൂപയാണ് പിഴ ചുമത്തിയത്.

റിസോർട്ടിലെ അടുക്കളയിൽ നിന്നുള്ള മലിനജലം തുറസ്സായി ഒഴുക്കി വിടുന്നതായും മാലിന്യങ്ങൾ റിസോർട്ടിന്റെ തന്നെ സ്ഥലത്ത് പലയിടങ്ങളിലായി ഗാർബജ് ബാഗുകളിലും അല്ലാതെയും തരം തിരിക്കാതെ തള്ളിയതായും സ്‌ക്വാഡ് കണ്ടെത്തി. മാലിന്യങ്ങൾ ഉടൻ തന്നെ എടുത്തു മാറ്റാൻ സ്‌ക്വാഡ് നിർദേശം നൽകി.

paithalmala garbage

പൈതൽ മലയിൽ പ്രവർത്തിക്കുന്ന ഡ്രീം വ്യൂ ഹോട്ട് ആൻഡ് കൂൾ എന്ന സ്ഥാപനത്തിലെ മാലിന്യം ഹോട്ടലിന് മുൻവശത്തായി കുന്നിൻ ചെരുവിലേയ്ക്ക് വലിച്ചെറിഞ്ഞതിനും ഹോട്ടലിന് പുറക് വശത്തെ കുഴിയിൽ  നിരോധിത ഒറ്റ തവണ ഉൽപന്നങ്ങൾ ,പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളിയതിനും 5000 രൂപ പിഴ ചുമത്തി. ചെമ്പേരിയിൽ പ്രവർത്തിക്കുന്ന റോസ്റ്റ് ക്ലബ്‌ എന്ന ഹോട്ടൽ ഉടമക്ക് മാലിന്യങ്ങൾ കൂട്ടി ഇട്ടു കത്തിച്ചതിനും ഹോട്ടലിന്റെ പല ഭാഗങ്ങളിൽ വലിച്ചെറിഞ്ഞതിനും  10000 രൂപ പിഴ ചുമത്തി.  

തുടർന്നു വരുന്ന ദിവസങ്ങളിലും വിനോദ സഞ്ചാര മേഖല കേന്ദ്രീകരിച്ചു ശക്തമായ പരിശോധന നടത്തുമെന്നു സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി അറിയിച്ചു. പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി, സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ, എരുവേശ്ശി ഗ്രാമപഞ്ചായത്ത് ക്ലാർക്ക് മനു പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.

Tags