വയക്കരയിൽ കാൻസർ രോഗിണിയായ അമ്മയെ കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ

The son who tried to kill his cancer-stricken mother was arrested in payyannur Wayakkara

പയ്യന്നൂർ: കാന്‍സര്‍ രോഗിണിയായ അമ്മയെ കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍.വെള്ളിയാഴ്ച്ച പുലര്‍ച്ചെ 5.45 ന് ചെറുപുഴ പൊലിസ് സ്റ്റേഷൻ പരിധിയിലെ വയക്കര ഭൂദാനത്താണ് നാടിനെ നടുക്കിയ  സംഭവം നടന്നത്. ഭൂദാനത്തെ കോട്ടയില്‍ സതീഷാണ് (34) അമ്മ നാരായണി (68) യെ വായില്‍ തുണി തിരുകിയ ശേഷം ഭിത്തിയില്‍ തലയിടുപ്പിച്ചും കഴുത്തുഞെരിച്ചും കൊല്ലാന്‍ ശ്രമിച്ചത്.
ഈ സമയം സതീഷും അമ്മയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. 

നാരായണി മരിച്ചുവെന്ന് കരുതി സതീഷ് തന്നെയാണ് അയല്‍ക്കാരെയും ബന്ധുക്കളെയും അമ്മയ്ക്ക് സുഖമില്ലെന്ന് വിവരമറിയിച്ചത്. ആളുകള്‍ ഓടിയെത്തി ഉടന്‍ തന്നെ പരിയാരത്തെ മെഡിക്കല്‍ കോളെജിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളെജിലുമെത്തിക്കുന്നത്. ഇതിനിടയിലാണ് നാരായണി മകന്‍ തന്നെ കൊല്ലാന്‍ ശ്രമിച്ചതാണെന്ന് പറയുന്നത്. ഉടന്‍ തന്നെ മെഡിക്കൽ കോളേജ് അധികൃതർ പൊലി സിൽ വിവരമറിയിക്കുകയായിരുന്നു.

ചെറുപുഴ എസ്എച്ച്ഒ ടി.പി. ദിനേശിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച്ച രാവിലെ സതീഷിനെ അറസ്റ്റു ചെയ്യുകയായിരുന്നു. കാന്‍സര്‍ രോഗിയായ അമ്മ കാരണം തനിക്ക് ജീവിക്കാന്‍ കഴിയുന്നില്ലെന്നും തനിക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നുവെന്നും അതിനാല്‍ അമ്മയെ കൊല്ലാന്‍ ശ്രമിച്ചതാണെന്നും സതീഷ് പൊലിസിന് മൊഴി നൽകിയിട്ടുണ്ട്. ഇയാൾക്കെതിരെ വധ ശ്രമത്തിനാണ് പൊലിസ് കേസെടുത്തിട്ടുള്ളത്.

Tags