അനന്തുകൃഷ്ണന്റെ തട്ടിപ്പുകേസിന്റെ സത്യാവസ്ഥ സർക്കാർ ഇടപെട്ടു പുറത്തുകൊണ്ടുവരണം; തളിപ്പറമ്പ സീഡ് സൊസൈറ്റി


തളിപ്പറമ്പ: സിഎസ്ആര്‍ ഫണ്ടിന്‍റെ മറവിൽ തട്ടിപ്പ് നടത്തിയതിന് അനന്തുകൃഷ്ണൻ അറസ്റ്റിലായതിനു പിന്നാലെ സംഭവത്തിന്റെ സത്യാവസ്ഥ സർക്കാർ ഇടപെട്ടു പുറത്തുകൊണ്ടുവരണമെന്ന ആവശ്യവുമായി തളിപ്പറമ്പ സീഡ് സൊസൈറ്റി രംഗത്ത്. എത്രയും പെട്ടെന്ന് മുടങ്ങിക്കിടക്കുന്ന പ്രൊജക്ടുകൾ നൽകുകയോ, അതല്ലെങ്കിൽ മെമ്പർമാർ അടച്ച ഗുണഭോകൃത വിഹിതം തിരിച്ചു നൽകുകയോ ചെയ്യാൻ നടപടി ഉണ്ടാവണമെന്നും സീഡ് സൊസൈറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു.
ഇടുക്കി സ്വദേശി സി.വി അനന്തു കൃഷ്‌ണൻ ചെയർമാനായിട്ടുള്ള സ്പിയാർഡ്‌സ് പ്രൊജക്റ്റ് ഇമ്പ്ലിമെൻറ് ഏജൻസിയുടെ സപ്പോർട്ടിങ്ങ് ഏജൻസിയാണ് കണ്ണൂർ ജില്ലയിലെ സീഡ് സോസൈറ്റികൾ. ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി നൂറോളം കോർഡിനേറ്റർമാരും, മുന്നൂറോളം പ്രൊമോട്ടർമാരും സീഡിന് വേണ്ടി വർക്ക് ചെയ്യുന്നുണ്ട്.
അതുപോലെ അയ്യായിരത്തോളം മെമ്പർമാരും അതിൽ നാലാ യിരത്തോളം ഗുണഭോക്താക്കളായ മെമ്പർമാരും ഉണ്ട്. സർക്കാർ സംവിധാനത്തിലുള്ളതുപോലെ സമൂഹത്തിലെ താഴെ തട്ടിലെ അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തി അവരെക്കൊണ്ട് പ്രോജെക്ടിൻ്റെ പകുതി പൈസ അടപ്പിച്ച് ബാക്കി തുക സബ്‌സിഡിയായി കമ്പനി അടച്ചു കൊണ്ടാണ് പ്രൊജക്ടുകൾ കൊടുക്കുന്നത്.
ഇതിനോടകം സ്ത്രീകൾക്ക് ഒന്നാംഘട്ടം ഇരുചക്ര വാഹന വിതരണം, രണ്ടായിരത്തോളം സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കായി ജൂണിൽ സ്‌കൂൾ കിറ്റ് വിതരണം, ഓണക്കാലത്തു അയ്യായിരം കുടുംബങ്ങൾക്ക് ആവശ്യവസ്‌തുക്കൾ ഉൾപ്പെടുത്തി ഓണക്കിറ്റ് വിതരണം,
2000 കോളേജ് മറ്റ് ഉന്നത വിദ്യാഭാസം നേടുന്ന കുട്ടികൾക്കായി രണ്ടു ഘട്ടങ്ങളിലായി ലാപ്ടോപ് വിതരണം, 1000 വനിതകൾക്ക് തയ്യൽ മെഷീൻ വിതരണം, കർഷകർക്കാവശ്യമായ ജൈവവള വിതരണം, ഫലവൃക്ഷ തൈകൾ, ബയോ ബിൻ, വാട്ടർ ടാങ്ക്, പ്യൂരിഫയർ, മൊബൈൽ ഫോൺ എന്നിവ ജില്ലയിൽ വിതരണം നടന്നിട്ടുണ്ട്.
ഈ ഇനത്തിൽ ജില്ലയിൽ അഞ്ചുകോടിയോളം ഗുണഭോക്യ വിഹിതം ചിലവഴിച്ചിട്ടുണ്ട്.

ഇപ്പോൾ ഇരുചക്ര വാഹനത്തിന്റെ രജിസ്ട്രേഷൻ, ടോക്കൺ നൽകി മറ്റു പ്രൊസ്സസ്സ് നടന്നുകൊണ്ടിരിക്കെയാണ് മൂവാറ്റുപുഴയിൽ അനന്തുകൃഷ്‌ണൻ്റെ പേരിൽ കേസ് വന്നതായി അറിയുന്നത്. ഫണ്ട് ഫ്രീസ് ചെയ്‌തതായും അറിഞ്ഞു. അതിനാൽ സീഡ് സൊസൈറ്റി ഭാരവാഹികളും ഗുണഭോക്താവായ മെമ്പര്‌മാരും ആശങ്കയിലാണെന്നും
സർക്കാർ,മറ്റ് നിയമ സംവിധാനങ്ങൾ എന്നിവർ ഇടപെട്ട് ഇതിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരികയും ഇനിയും ഗുണഭോക്താക്കൾക്ക് കാത്തിരിക്കാൻ ഇടവരുത്താതെ എത്രയും പെട്ടെന്ന് മുടങ്ങിക്കിടക്കുന്ന പ്രൊജക്ടുകൾ നൽകുകയോ, അതല്ലെങ്കിൽ മെമ്പർമാർ അടച്ച ഗുണഭോകൃത വിഹിതം തിരിച്ചു നൽകുകയോ ചെയ്യാൻ നടപടി ഉണ്ടാവണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
തികച്ചും സോഷ്യൽ കമ്മിറ്റ്‌മെൻ്റും, ചാരിറ്റി ബേസ്‌ഡ് പ്രോഗ്രാമും ആയതുകൊണ്ട് മാത്രമാണ് സീഡ് സൊസൈറ്റി ഭാരവാഹികൾ ഇതിന്റെ ഭാഗമായത് എന്നും അതിനായി അവർക്ക് വേതനമോ, മറ്റ് ആനുകൂല്യമോ കമ്പനി നൽകിയിട്ടില്ല എന്നും തികച്ചും സന്നദ്ധ പ്രവർത്തനം മാത്രമാണ് ഇതുവരെ നടന്നിട്ടുള്ളത് എന്നും ഭാരവാഹികൾ തളിപ്പറമ്പിൽ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.