ജനകീയ സമ്മർദ്ദം ഉണ്ടായാൽ മാത്രമേ ഏത് വികസനവും നടപ്പിലാക്കാനും നിലനിർത്തുവാനും സാധിക്കൂ; എം.വി ഗോവിന്ദൻ എം.എൽ.എ

taluk conference

തളിപ്പറമ്പ: ജനകീയ സമ്മർദ്ധം ഉണ്ടായാൽ മാത്രമേ ഏത് വികസനവും നടപ്പിലാക്കാനും നിലനിർത്തുവാനും സാധിക്കുകയുള്ളുവെന്ന് എം.വി ഗോവിന്ദൻ എം.എൽ.എ. തളിപ്പറമ്പ് നഗരസൗന്ദര്യവൽക്കരണവുമായി ബന്ധപ്പെട്ട് താലൂക്ക് കോൺഫറൻസ് ഹാളിൽ വിളിച്ചു ചേർത്ത ആലോചനാ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂതകാലത്തെ നില നിർത്തി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ യുവതലമുറ പിന്തുണ നൽകണമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.

ബൈപ്പാസ് നിലവിൽ വരുന്നതോടെ വലിയ രീതിയിൽ വാഹനങ്ങൾ നഗരപാത വിട്ട് സഞ്ചരിക്കുന്നത് തളിപ്പറമ്പ് പട്ടണത്തെ സാരമായി ബാധിക്കും. ഇത് ഒഴിവാക്കുന്നതിന് പ്രദേശത്തെ ടൂറിസം, കച്ചവട സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി അടിസ്ഥാന സൗകര്യ വികസനം ഉൾപ്പെടെ സാധ്യമാക്കിയുള്ള നഗര സൗന്ദര്യ വൽക്കര പദ്ധതി രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് എം.വി ഗോവിന്ദൻ എം.എൽ.എ യോഗം വിളിച്ചു ചേർത്തത്. 

നഗരത്തിലെ പാർക്കിങ് സൗകര്യ പരിമിതി, കന്നുകാലി ശല്യം, ട്രാഫിക്ക് യൂനിറ്റിൻ്റെ ആവശ്യം, മാലിന്യ സംസ്കരണം, തെരുവോര കച്ചവടം, അനധികൃത പരസ്യ ബോർഡുകൾ തുടങ്ങിയവ സംബന്ധിച്ച് ചർച്ചകൾ നടന്നു. നാടുകാണിയിൽ സഫാരി പാർക്ക് വരുന്നതോടെ ദേശീയ - അന്തർദേശിയ ശ്രദ്ധ നേടുന്ന കേന്ദ്രമാകും. പുതിയ റവന്യൂ ടവർ നിർമ്മാണം, തളിപ്പറമ്പ് താലൂക്ക് കെട്ടിടം മ്യൂസിയമാക്കി മാറ്റൽ എന്നിവ സമയബന്ധിതമായി നടപ്പിലാക്കുന്നത് പുത്തൻ ഉണർവ്വ് നൽകും. 

തളിപ്പറമ്പിൽ നിന്നും നിയന്ത്രിക്കുന്ന രീതിയിൽ രാജരാജേശ്വര ക്ഷേത്രം, പറശിനിക്കടവ്, തളിപ്പറമ്പ് വലിയ ജുമാ മസ്ജിദ്, മറ്റ് ദേവാലയങ്ങൾ, നീലിയാർ കോട്ടം, വെള്ളിക്കീൽ, തുടങ്ങിയവ ബന്ധിപ്പിച്ചുള്ള ടൂറിസം പദ്ധതി, ചിറവക്കിൽ 2 കോടി ചെലവിൽ പൂർത്തിയാകുന്ന ഹാപ്പിനസ് സ്ക്വയർ, നവീകരിച്ച ബസ് ഷെൽട്ടർ എന്നിവയെല്ലാം നഗരത്തിൻ്റെ പ്രൗഡി നിലനിർത്തുന്നതിന് സഹായകമാകും. നഗരസൗന്ദര്യ വൽക്കരണത്തിന് 1കോടി രൂപയാണ് എം വി ഗോവിന്ദൻ എം.എൽ.എയുടെ ശ്രമഫലമായി സർക്കാരിൽ നിന്നും അനുവദിച്ചത്.

നഗരസഭയും ബജറ്റിൽ തുക നീക്കിവച്ചിട്ടുണ്ട്. ചർച്ചയിൽ ഉയർന്നു വന്ന നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി ഒരു മാസത്തിനകം വിപുലമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് നഗരസഭാ ചെയർപേഴ്സൺ, വൈസ് ചെയർമാൻ, ആർ.ഡി.ഒ, എസ്.ഐ എന്നിവരെ ചുമതലപ്പെടുത്തി. അടുത്ത മാസം യോഗം ചേർന്ന് പദ്ധതി നടപ്പിലാക്കുന്നതിന് സാധിക്കണമെന്നും കൂട്ടായ്മയിലൂടെ ഒരു പുതിയ തളിപ്പറമ്പിനെ രൂപപ്പെടുത്താൻ സാധിക്കണമെന്നും എം.വി ഗോവിന്ദൻ എം.എൽ.എ പറഞ്ഞു.

നഗരസഭാ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.എം കൃഷ്ണൻ, നഗരസഭാ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ, ആർ.ഡി.ഒ അജയകുമാർ, തഹസീൽദാർ കലാഭാസ്കർ, തളിപ്പറമ്പ് പ്രസ് ഫോറം പ്രസിഡൻ്റ് എം.കെ മനോഹരൻ,  കൗൺസിലർമാർ, വ്യാപാരി നേതാക്കൾ, പൊതുപ്രവർത്തകർ സംസാരിച്ചു.

Tags