തളിപ്പറമ്പിനെ കൂടുതൽ ഹാപ്പിയാക്കാൻ എം വി ഗോവിന്ദൻ എം എൽ എയുടെ പുതുവത്സരസമ്മാനം; ഹാപ്പിനെസ്സ് സ്‌ക്വയർ ഉദ്‌ഘാടനം ഇന്ന്

taliparamba Happiness Square Inauguration Today
taliparamba Happiness Square Inauguration Today

തളിപ്പറമ്പ്: ജനങ്ങൾക്ക് ഒത്തുചേരാനും ആഘോഷ നിമിഷങ്ങളിൽ പങ്കുചേരാനുമായി തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ ചിറവക്കിൽ ഒരുക്കിയ ഹാപ്പിനെസ്സ് സ്‌ക്വയർ ഇന്ന് നാടിന് സമർപ്പിക്കും. വൈകീട്ട് അഞ്ചിന് എം.വി. ഗോവിന്ദൻ എം.എൽ.എ. ഉദ്ഘാടനം നിർവഹിക്കും.   

മുൻപ് വിദ്യാഭ്യാസ വകുപ്പിന്റെ കയ്യിലുണ്ടായിരുന്ന സ്ഥലത്ത് എം.വി.ഗോവിന്ദൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 2.72 കോടി രൂപ ചെലവിട്ടാണ് ഹാപ്പിനസ് സ്ക്വയർ നിർമിച്ചത്. നേരത്തെ ഇവിടെ നിർമിച്ച ചെറുശ്ശേരി സർഗാലയയോട് ചേർന്നാണ് ഹാപ്പിനസ് സ്ക്വയറും നിർമിച്ചത്. സാംസ്‌കാരിക കേന്ദ്രം, കൺവൻഷൻ സെന്റർ, കോഫി പാർക്ക്, റീഡിങ് കഫേ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

taliparamba Happiness Square Inauguration Today

ആയിരത്തിലധികം ആളുകൾക്ക് പരിപാടികളിൽ പങ്കെടുക്കാൻ സാധിക്കുന്ന വിധത്തിലുള്ള ഇൻഡോർ ഓഡിറ്റോറിയത്തിൽ ശബ്ദ സംവിധാനം, ഇരിപ്പിട സൗകര്യങ്ങൾ എന്നിവയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ടൂറിസം വകുപ്പിന്റെ കീഴിലാണ് പ്രവർത്തിക്കുക. എം.വി.ഗോവിന്ദൻ എംഎൽഎയുടെ ഓഫിസ് പ്രവർത്തനവും ഹാപ്പിനസ് സ്ക്വയർ കെട്ടിടത്തിലേക്ക് മാറ്റും. 

ഉദ്‌ഘാടന ചടങ്ങിൽ തളിപ്പറമ്പ് നഗരസഭാ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി അധ്യക്ഷയാകും. വെബ്സൈറ്റ് ലോഞ്ചിങ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ രത്നകുമാരിയും തളിപ്പറമ്പ് ഡെസ്റ്റിനേഷൻ മാനേജ്മെൻറ് കൗൺസിൽ ലോഗോ പ്രകാശനം ആന്തൂർ നഗരസഭാ ചെയർമാൻ പി. മുകുന്ദനും റീഡിങ് കഫെ ഉദ്ഘാടനം തളിപ്പറമ്പ് ബ്ലോക്ക് ‌പഞ്ചായത്ത് പ്രസിഡൻ്റ് സിഎം കൃഷ്ണനും നിർവ്വഹിക്കും. മുൻ തളിപ്പറമ്പ് എം.എൽ.എ ജെയിംസ് മാത്യു മുഖ്യാഥിതിയാകും.

Tags