ഇനി ചിലങ്കയണിയും നാളുകൾ; സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം കണ്ണൂരിൽ തുടങ്ങി
കണ്ണൂർ: സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം കണ്ണൂർ മുൻസിപ്പൽ സ്കൂളിൽ തുടങ്ങി. 14 ജില്ലകളിലെ സർക്കാർ, എയ്‌ഡഡ്, അൺഎയ്‌ഡഡ് വിദ്യാലയങ്ങളിലെ 1,600 കുട്ടികളാണ് ആട്ടവും പാട്ടും വാക്കും വരയുമായി കലോത്സവത്തിനെത്തിയത്. കണ്ണൂർ മുനിസിപ്പൽ സ്‌കൂളിലെ മുഖ്യവേദിയിൽ ഇന്ന് രാവിലെ പത്തിന് കെ.വി സുമേഷ് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു.
തളാപ്പ് മിക്‌സഡ് യുപി സ്‌കൂളിലടക്കം എട്ടുവേദികളിലാണ് മത്സരം ആരംഭിച്ചത്. മോഹിനിയാട്ടം, നാടോടിനൃത്തം, സംഘനൃത്തം, ലളിതഗാനം, സംഘഗാനം, ദേശഭക്തിഗാനം, ഉപകരണസംഗീതം, പെൻസിൽ ഡ്രോയിങ്, ജലച്ചായം തുടങ്ങിയ ഇനത്തിൽ മൂന്ന് വേദികളിലായി മാനസികവെല്ലുവിളി നേരിടുന്ന വിദ്യാർഥികളാണ് മത്സരിക്കുന്നത്.
കേൾവി പരിമിതിയുള്ളവർ 15 ഇനങ്ങളിലും കാഴ്‌ചപരിമിതിയുള്ളവർ 19 ഇനങ്ങളിലും വെള്ളി, ശനി ദിവസങ്ങളിൽ മത്സരിക്കും. അഡ്വ. ടി. സരള അധ്യക്ഷയായി. കണ്ണൂർ കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ മുഖ്യാതിഥിയായി.