സി എച്ച് സെൻ്ററുകളുടെ പ്രവർത്തനങ്ങൾ മാതൃകാപരം: സ്പീക്കർ അഡ്വ. എ എൻ ഷംസീർ
കണ്ണൂർ: എളയാവൂർ സി എച്ച് സെൻ്റർ ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകൾ ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീർ പറഞ്ഞു. പ്രത്യേകിച്ച് ഇതിൻ്റെ പ്രവർത്തന രംഗത്ത് വൊളൻ്റിയർമാരായി ആർജവത്തോടെ മുന്നോട്ടുവരുന്നവരെ ചേർത്തുപിടിക്കാൻ സാധിക്കണമെന്നും സ്പീക്കർ പറഞ്ഞു. എളയാവൂർ സി എച്ച് സെൻ്ററിൻ്റെ 20-ാം വാർഷികാഘോഷം കണ്ണൂർ ചേംമ്പർ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രോഗം വന്നാൽ ചികിൽസിക്കലല്ല പകരം രോഗം വരാതിരിക്കാനുള്ള മാർഗങ്ങൾ കണ്ടെത്തണം. കോവിഡ് വാക്സിനേഷൻ കഴിഞ്ഞതോടെ കുഴഞ്ഞുവീണുളള മരണം കൂടിവരികയാണ്. അതിനുള്ള കാരണം ആരോഗ്യ മേഖല കണ്ടെത്തണം. കാൻസർ പോലുള്ള രോഗങ്ങൾ ആദ്യ ഘട്ടത്തിൽ കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ ചികിത്സിച്ച് മാറ്റാൻ പ്രയാസമാണ്, ഇവിടെയാണ് സി എച്ച് സെൻ്റർ, മലബാർ കാൻസർ സെന്റർ പോലുള്ള സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും പാലിയേറ്റീവ് പ്രവർത്തനങ്ങളും ശ്രദ്ധേയമാകുന്നതെന്നും സ്പീക്കർ പറഞ്ഞു.
സർക്കാർ ആശുപത്രികളിലും വൻകിട സ്വകാര്യ ആശുപത്രികളിലും ലഭിക്കാത്ത പരിചരണങ്ങളാണ് എളയാവൂർ സി എച്ച് സെൻ്റർ നൽകുന്നത്. ജീവകാരുണ്യ പ്രവർത്തന രംഗത്ത് ബഹുമുഖ സേവനങ്ങൾ ചെയ്യുന്ന ഈ സെൻ്റർ ആധുനിക രീതിയിൽ നൂതന സംവിധാനങ്ങളോടെയുള്ള മെഡിക്കൽ ബ്ലോക്ക് പ്രവർത്തനങ്ങൾ തുടങ്ങിയതോടെ കാൻസർ പാലിയേറ്റീവ് രംഗത്ത് സജീവമാകുന്നത് ഏറെ സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ ചേമ്പർ ഹാളിൽ വെച്ചു നടന്ന ചടങ്ങിൽ ചെയർമാൻ സി.എച്ച് മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു. സെൻ്ററിൻ്റെ കീഴിൽ ആധുനിക രീതിയൽ വരുന്ന കാൻസർ പാലിയേറ്റീവിൻ്റെ പ്രീ ലോഞ്ചിംഗ് കർമ്മം പുരാവസ്തു വകുപ്പ് മന്ത്രി ശ്രീ രാമചന്ദ്രൻ കടന്നപ്പള്ളി നിർവ്വഹിച്ചു. മർഹും ജാസിം കെ ചെറുവത്തലയുടെ സ്മരാണർത്ഥം പുറത്തിറക്കുന്ന ആംബുലൻസിൻ്റെ ഉദ്ഘാടന കർമ്മം പാണക്കാട് സയ്യിദ് നൗഫൽ അലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.
സെൻ്ററിൻ്റെ ഡോക്യുമെൻ്ററി പ്രകാശന കർമ്മം വ്യവസായ പ്രമുഖൻ ടി. സന്തോഷ് കുമാർ സാഹിത്യക്കാരനും വളപ്പട്ടണം എ.എസ്.ഐയുമായ സി.കെ സുജിത്തിന് നൽകി നിർവ്വഹിച്ചു. ഹോപ്പ് വാലിയുടെ ഉദ്ഘാടന പ്രഖ്യാപനം ഐ.എം എ മുൻ പ്രസിഡണ്ട് ഡോ: എം. മുഹമ്മദലി നിർവ്വഹിച്ചു. ഡി.സി.സി ജനൽ സിക്രട്ടറി രാജീവൻ എളയാവൂർ, സി.പി.ഐ ജില്ലാ സിക്രട്ടറി സി.പി. സന്തോഷ്, ആർ ജെ ഡി സംസ്ഥാന കമ്മിറ്റി അംഗം കെ.പി പ്രശാന്തൻ, ഡോ: എ എ ബഷീർ, പി.പി വത്സലൻ,സാജിദ് നദ് വി , പി.പി. സുബൈർ, അഷ്റഫ് ചമ്പാട്, കെ.എം ഷംസുദ്ദീൻ, ഉമ്മർ പുറത്തീൽ , സി.പി. മുഹമ്മദ് അൻസാരി, സത്താർ എഞ്ചിനിയർ, പി.എ കരീം, എൻ അബ്ദുള്ള, എൻ കെ കുഞ്ഞഹമ്മദ് ഹാജി, വി. മുഹമ്മദ് കുഞ്ഞി ഹാജി, കെ.വി മുഹമ്മദ് നവാസ്, ആർ.എം ഷബീർ എന്നിവർ സംസാരിച്ചു.