സിനിമയിൽ പട്ടാളക്കാരെ അപമാനിക്കുന്ന കഥാപാത്രങ്ങളുണ്ടാക്കുന്നു; ശൗര്യ ചക്ര സുബേദാർ മനേഷ്


വെള്ളച്ചാൽ: മലയാള സിനിമയിൽ പട്ടാളക്കാരെ അപമാനിക്കുന്ന കഥാപാത്രങ്ങൾ വിലയിരുത്തപ്പെടേണ്ടതാണെന്ന് ശൗര്യ ചക്ര സുബേദാർ പി.വി മനേഷ് പറഞ്ഞു. വെള്ളച്ചാൽ മഹാത്മ വായനശാല ആൻഡ് ഗ്രന്ഥാലയം വെള്ളച്ചാൽ ടൗണിൽ നടത്തിയ റിപ്പബ്ളിക് ദിനാഘോഷത്തിൻ്റെ ഭാഗമായി വിമുക്തഭടൻമാരെ ആദരിച്ചു കൊണ്ടു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മീശ മാധവനെന്ന സിനിമയിലെ പുരുഷു ഇത്തരത്തിൽ പട്ടാളക്കാരെ അവഹേളിക്കുന്നതാണ്. ഈ കാര്യത്തിൽ തൻ്റെ എതിർ അഭിപ്രായം പലയിടങ്ങളിലും പറഞ്ഞിട്ടുണ്ട്. അമ്പലത്തിൽ വെടി പൊട്ടുമ്പോൾ എല്ലാവരോടും തന്നെപ്പോലെ കമിഴ്ന്ന് കിടക്കാൻ പറയുകയാണ് നാട്ടിൽ അവധിക്കെത്തിയ പട്ടാളക്കാരനായ പുരുഷു. എന്നാൽ അതു അമ്പലത്തിലെ വെടിവഴിപാടാണെന്ന് മറ്റൊരാൾ പറയുമ്പോഴാണ് അയാൾ അറിയുന്നത്. ഇതു ഹാസ്യത്തിന് വേണ്ടി അതിശയോക്തി കലർത്തി ചിത്രീകരിച്ചതായിരിക്കാം.
ഈ കഥാപാത്രത്തിൽ പോലും പോസിറ്റീവായി ഒരു വശം ഞാൻ കാണുന്നുണ്ട്. ഒരു പട്ടാളക്കാരൻ്റെ നിതാന്ത ജാഗ്രതയാണ് പുരുഷുവിലുള്ള തെന്നും മനേഷ് പറഞ്ഞു. പട്ടാളക്കാരെ മഹത്വവൽക്കരിക്കുന്ന ചില സിനിമകൾ ഇപ്പോൾ ഇറങ്ങുന്നുണ്ട്. രാജ്യത്തിന് വേണ്ടി ജീവത്യാഗം വരെ ചെയ്യാൻ തയ്യാറായ പട്ടാളക്കാർ വിരമിച്ചു നാട്ടിൽ വരുമ്പോൾ അവർ പറയുന്നതൊക്കെ തള്ളെന്ന് പറയുന്ന യുവ തലമുറയാണ് ഇപ്പോഴുള്ളത്. എന്നാൽ സിയാച്ചിനിലൊക്കെ കൊടും തണുപ്പിൽ ജീവിച്ചും മരിച്ചും ജോലി ചെയ്ത സൈനികരുടെ ജീവത്യാഗം രാജ്യത്തിൻ്റെ അതിരുകൾ സംരക്ഷിക്കാനാണെന്ന് ഓർക്കണമെന്ന് മനേഷ് പറഞ്ഞു.

മുംബൈയിൽ ഭീകരാക്രമണം നടന്ന സാഹചര്യത്തിൽ കേരളം ഏറ്റവും സുരക്ഷിതമല്ലാത്ത സംസ്ഥാനമാണെന്ന് പറയേണ്ടിവരുമെന്ന് മനേഷ് ചൂണ്ടിക്കാട്ടി. അറബി കടലുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനമാണ് കേരളം. എപ്പോൾ വേണമെങ്കിലും പാക്കിസ്ഥാനിൽ നിന്നും ഭീകരവാദികൾക്ക് ഇതിലൂടെ എത്തി മുംബൈ മോഡൽ ആക്രമം നടത്താൻ കഴിയുമെന്നും എന്നാൽ നമ്മുടെ നാവികസേന ഈ കാര്യത്തിൽ ജാഗ്രത പാലിക്കുന്നുണ്ടെന്നും മനേഷ് പറഞ്ഞു.
രാജ്യത്തിൻ്റെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിൽ നിർണായക പങ്കു വഹിക്കുന്നത് പട്ടാളക്കാരാണ്. യുദ്ധത്തിൽ കൊല്ലപ്പെടുന്ന പട്ടാളക്കാർക്ക് ആദരാജ്ഞലികൾ അർപ്പിക്കാൻ പൊതുജനങ്ങളോ സംഘടനകളോ വരുന്നില്ല. ഒന്നാം തീയ്യതി വിമുക്തഭടൻമാരെ മദ്യത്തിനായി തേടിപ്പോകുന്ന ബന്ധം മാത്രമേ ജനങ്ങൾക്കുള്ളൂവെന്നും ഈ കാഴ്ച്ചപ്പാട് മാറണമെന്നും മനീഷ് പറഞ്ഞു.
വായനശാല പുതുതായി വാങ്ങിയ ആംബുലൻസിൻ്റെ ഫ്ളാഗ് ഓഫ് അഡ്വ. സണ്ണി ജോസഫ് എം.എൽ.എ നിർവഹിച്ചു. വായനശാലയ്ക്കായുള്ള പാലിയേറ്റ് ഉപകരണങ്ങൾ ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡൻ്റ് മുകുന്ദൻ മഠത്തിൽ ഏറ്റുവാങ്ങി. പരിപാടിയിൽ എം. സുധാകരൻ അധ്യക്ഷനായി. വായനശാല സെക്രട്ടറി കെ.ഒ സുരേന്ദ്രൻ സ്വാഗതം പറഞ്ഞു.