കണ്ണൂർ തളാപ്പിൽ പൂട്ടിയിട്ട വീട്ടിൽ കവർച്ച; സ്വർണവും പണവും നഷ്ടപ്പെട്ടു

Robbery Gold and money lost in a locked house in Kannur Thalap
Robbery Gold and money lost in a locked house in Kannur Thalap

കണ്ണൂർ: കണ്ണൂർ നഗരത്തിലെ തളാപ്പിൽ പൂട്ടിയിട്ട വീട്ടിൽ നിന്നും സ്വർണവും പണവും കവർന്നു. വീട്ടിലെ അലമാരകളിൽ സൂക്ഷിച്ച 12 സ്വർണനാണയങ്ങളും രണ്ടു പവന്റെ മാലയും 88,000 രൂപയും മോഷണം പോയതായാണ് പരാതി. തളാപ്പ് കോട്ടാമ്മാർകണ്ടിക്ക് സമീപം ഉമൈബയുടെ വീട്ടിലാണ് മോഷണം നടന്നത്. 

വീടിന്റെ മുൻവാതിൽ കുത്തി തുറന്ന് അകത്ത് കയറിയ മോഷ്ടാവ് അലമാരകളിൽ സൂക്ഷിച്ച സ്വർണവും പണവുമാണ് കവർന്നത്.
വിദേശത്തു നിന്നും കഴിഞ്ഞ വ്യാഴാഴ്ച്ച സുഹൃത്തിന്റെ കല്യാണത്തിൽ പങ്കെടുക്കാനായി നാട്ടിലെത്തിയ ഉമൈബയുടെ മകൻ നാദിറാണ് ഇന്നു പുലർച്ചെ വീടിന്റെ മുൻവാതിൽ തകർത്ത നിലയിൽ കണ്ടത്. ചെറുകുന്നിലെ സുഹൃത്തിന്റെ കല്യാണ ചടങ്ങിൽ പങ്കെടുത്തതിന് ശേഷം ഇന്ന് പുലർച്ചെ 4 മണിയോടെയാണ് നാദിർ തളാപ്പിലെ വീട്ടിൽ എത്തിയത്. 

വീടിന്റെ മുൻവാതിൽ തകർത്ത നിലയിൽ കണ്ടതിനെ തുടർന്ന് പോലീസിലും വിദേശത്തുള്ള ബന്ധുക്കളെയും വിവരമറിയിക്കുകയായിരുന്നു. വീടിന്റെ എല്ലാ മുറികളും തുറന്നിട്ട് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. ടൗൺ പോലീസ് സ്ഥലത്തെത്തി സ്ഥലത്തെ നീരീക്ഷണ ക്യാമറകൾ ഉൾപ്പെടെ പരിശോധിച്ച് അന്വേഷണം നടത്തിവരികയാണ്. വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും സംഭവ സ്ഥലത്തെത്തി.

Tags