ഫെഡറൽ സംവിധാനത്തെ വെല്ലുവിളിക്കുന്നത് വിദ്യാഭ്യാസ മേഖലയ്ക്ക് തിരിച്ചടിയാകുന്നു; പി.എസ്. ഗോപകുമാർ

PS Gopakumar said that the federal system poses a challenge to the education sector
PS Gopakumar said that the federal system poses a challenge to the education sector

ശ്രീകണ്ഠപുരം: രാജ്യത്തിൻ്റെ ഫെഡറൽ സംവിധാനത്തെ വെല്ലുവിളിക്കുന്ന സംസ്ഥാന സർക്കാർ നിലപാട് വിദ്യാഭ്യാസ മേഖലയ്ക്ക് തിരിച്ചടിയാകുന്നതായി ദേശീയ അധ്യാപക പരിഷത്ത് (എൻ.ടി.യു) സംസ്ഥാന പ്രസിഡൻ്റ് പി.എസ്. ഗോപകുമാർ പറഞ്ഞു. ശ്രീകണ്ഠപുരം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എൻ.ടി.യു ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തിൻ്റെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി നിരവധി പദ്ധതികളാണ് കേന്ദ്ര സർക്കാർ ആസൂത്രണം ചെയ്യുന്നത്. രാഷ്ട്രീയ വിരോധം മൂലം ഇത്തരം പദ്ധതികളോട് സംസ്ഥാന ഗവൺമെൻ്റ് മുഖം തിരിച്ചു നിൽക്കുന്നതുമൂലം അവയുടെ ഗുണം സംസ്ഥാനത്തിന് നഷ്ടപ്പെടുകയാണ്. മൂന്നര പതിറ്റാണ്ടിന് ശേഷം രാജ്യത്ത് കേന്ദ്ര സർക്കാർ നടപ്പാക്കിയ ദേശീയ വിദ്യാഭ്യാസ നയം വിദ്യാഭ്യാസ മേഖലയ്ക്ക് വൻ വികസന സാധ്യതകളാണ് തുറന്നിട്ടിരിക്കുന്നത്.  

പുതിയ നയത്തിൻ്റെ അടിസ്ഥാനത്തിൽ മൊത്തം ആഭ്യന്തര ഉല്പാദനത്തിൻ്റെ ആറ് ശതമാനം വിദ്യാഭ്യാസ മേഖലയ്ക്ക് നീക്കിവെക്കുന്നു. ഇതുമൂലം വിദ്യാഭ്യാസ രംഗത്ത്  സ്വപ്നതുല്യമായ കുതിച്ചുചാട്ടമുണ്ടാകും. സനാതന ധർമത്തിനെതിരെ മുഖ്യമന്ത്രി രംഗത്തു വന്നത് യാദൃശ്ചികമല്ല. തമിഴ്നാട്ടിൽ ഒരു മന്ത്രിയുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രചരണം മുഖ്യമന്ത്രി ഏറ്റെടുക്കുകയാണ് ചെയ്തത്. 

ലഹരിക്കെതിരെ സർക്കാരും ഇതര ഏജൻസികളും നടത്തുന്ന പോരാട്ടത്തെ പിന്നോട്ടടിക്കുന്നതാണ് സാംസ്കാരിക മന്ത്രിയുടെ ലഹരിയനുകൂല നിലപാടെന്ന് പി.എസ്.ഗോപകുമാർ കുറ്റപ്പെടുത്തി. പാവപ്പെട്ടവരുടെ ക്ഷേമപെൻഷനും ജീവനക്കാരുടെ ശമ്പള പരിഷ്കരണ കുടിശികയും ക്ഷാമബത്തയും ഉൾപ്പെടെ കോടികളുടെ ആനുകൂല്യങ്ങൾ തടഞ്ഞുവച്ച സംസ്ഥാന സർക്കാർ ജനങ്ങളിൽ നിന്ന് ബഹുദൂരം അകന്നു.

അർഹമായ ആനുകൂല്യങ്ങൾ ലഭിക്കാതെ പെൻഷൻകാർ മരണമടയുന്ന സംസ്ഥാനമായി കേരളം മാറി.സ്കൂൾ ഉച്ചഭക്ഷണത്തിനും പാലിനും മുട്ടയ്ക്കും ആവശ്യമായ ഫണ്ട് സമയബന്ധിതമായി അനുവദിക്കാതെ
പ്രധാനാധ്യാപകരെ ബുദ്ധിമുട്ടിക്കുന്നു. വിദ്യാഭ്യാസ രംഗത്തെ കൊള്ളരുതായ്മകൾക്കെതിരെയുള്ള എൻ.ടി.യു.വിൻ്റെ പ്രതിഷേധം ശക്തമായി തുടരും."പി.എം.ശ്രീ " ഉൾപ്പെടെ കേന്ദ്രത്തിൻ്റെ ക്ഷേമ പരിപാടികൾ നടപ്പിലാക്കാത്തതിനാൽ  കോടികളുടെ ആനുകൂല്യമാണ് സംസ്ഥാനത്തിന് നഷ്ടമായത്.

ജില്ലാ പ്രസിഡൻ്റ് മനോജ് മണ്ണേരി അധ്യക്ഷത വഹിച്ചു. ബി.ജെ.പി.ജില്ലാ വൈസ് പ്രസിഡൻ്റ് അജികുമാർ കരിയിൽ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ കെ.പ്രഭാകരൻ നായർ, എം.ടി. സുരേഷ്കുമാർ, ജില്ലാ സെക്രട്ടറി സി.ഷാജി, ആർ.എസ്.എസ്.ഖണ്ഡ് സംഘചാലക് കെ.വി.പ്രേമരാജൻ, വിഭാഗ് പര്യാവരൺ സംയോജക് ടി.ഒ.രാജേഷ്, എൻ.ജി.ഒ.സംഘ് ജില്ലാ കമ്മിറ്റി അംഗം വി.ബാലകൃഷ്ണൻ, സംസ്ഥാന സമിതി അംഗങ്ങളായ എം.സോജ,സി.കെ. രമേശൻ, സഹകാർ ഭാരതി സംസ്ഥാന കൗൺസിൽ അംഗം ടി.ഒ.ഇന്ദിര, സംഘാടക സമിതി ചെയർമാൻ എ.മോഹനൻ, ജില്ലാ വൈസ് പ്രസിഡൻ്റ് എ.പ്രശാന്ത്കുമാർ, പി.കെ.ധനീഷ് തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാഭ്യാസ, സാംസ്കാരിക സമ്മേളനം, സംഘടനാ സമ്മേളനം, യാത്രയയപ്പ് സമ്മേളനം തുടങ്ങിയവയുമുണ്ടായി.

Tags