തലശ്ശേരി കുഴിപ്പങ്ങാട് തണ്ണീർതടം നികത്തുന്നതിൽ പ്രതിഷേധം ശക്തമാകുന്നു


തലശ്ശേരി: നഗരസഭയിലെ കുഴിപ്പങ്ങാട് ഏക്കർകണക്കിന് തണ്ണീർതടം മണ്ണിട്ട് നികത്തുന്നതിനെതിരെ പ്രതിഷേധം വ്യാപകം. എരഞ്ഞോളി പുഴയോട് ചേർന്ന സ്വകാര്യ വ്യക്തിയുടെ ഭൂമിയിലാണ് മത്സ്യകൃഷിയുടെ പേരിൽ ഗുരുതര പാരിസ്ഥിതികാഘാതം ഉണ്ടാകുംവിധം തണ്ണീർത്തടം നികത്തുന്നത്.
തലശ്ശേരി നഗരസഭ പരിധിയിൽ എരഞ്ഞോളി പുഴയോട് ചേർന്ന് തിരുവങ്ങാട് വില്ലേജിൽ ഉൾപ്പെടുന്ന ഏക്കർകണക്കിന് തണ്ണീർത്തടമാണ് മത്സ്യകൃഷിയുടെ പേരിൽ മണ്ണിട്ട് നികത്തുന്നത്. അപൂർവമായ കണ്ടൽക്കാടുകളുടെയും സസ്യ ജന്തുജാലങ്ങളുടെയും ആവാസ കേന്ദ്രം കൂടിയാണ് ഇതോടെ ഇല്ലാതാകുന്നത് .ഗുരുതരമായ പാരിസ്ഥിതിക ആഘാതങ്ങൾക്കും ഇത് ഇടയാക്കും എന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
തണ്ണീർത്തടം നികത്തുന്നതിനെതിരെ നാട്ടുകാരും നഗരസഭയിലെ പ്രതിപക്ഷ വാർഡ് കൗൺസിലർമാരും രംഗത്തെത്തി. കോടതിയെ തെറ്റിദ്ധരിപ്പിച്ച് ഉത്തരവ് സമ്പാദിച്ചാണ് പ്രവൃത്തി ഇവിടെ നടക്കുന്നത് എന്ന് വിവിധ വാർഡ് കൗൺസിലർമാർ ആരോപിച്ചു.
അതേ സമയം ഇത് താൻ ലീസിനെടുത്ത സ്ഥലമാണെന്നും ഇവിടെ മത്സ്യക്കൃഷി ചെയ്യാനുള്ള ഉത്തരവ് ഹൈക്കോടതിയിൽ നിന്നും നേടിയിട്ടുണ്ടെന്നും സ്ഥലം ലീസിനെടുത്ത മർസൂഖ് പറഞ്ഞു. 'ഒരു വർഷം മുൻപ് ഇതേ സ്ഥലത്ത് കണ്ടൽ നശിപ്പിച്ച് ചതുപ്പ് നികത്താനുള്ള നീക്കത്തിനെതിരെ ഡി.വൈ. എഫ്.ഐ. ഉൾപ്പെടെയുള്ള യുവജന സംഘടനകളും പ്രതിഷേധവുമായ് രംഗത്തെത്തിയിരുന്നു.