കണ്ണൂരിൽ അമിതവേഗതയില്‍ കാറോടിച്ചു വഴിയാത്രക്കാരിയുടെ മരണത്തിനിടയാക്കിയതിന് പൊലിസുകാരനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു

Policeman suspended from service for killing passerby in Kannur by speeding
ബീനയുടെ മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ വ്യാഴാഴ്ച്ച സംസ്‌കരിച്ചു.രാവിലെ ജില്ലാ ആശുപത്രിയില്‍ പോസ്റ്റു മോര്‍ട്ടം നടത്തിയതിനു ശേഷം ഇവര്‍ ജോലി ചെയ്തിരുന്ന മുണ്ടേരി വനിതാസഹകരണ സംഘം ഓഫീസില്‍പൊതുദര്‍ശനത്തിന് വെച്ച ശേഷം  

കണ്ണൂര്‍: അമിതവേഗതയില്‍ ഓടിച്ച കാറിടിച്ച് ഏച്ചൂര്‍ കമാല്‍ പീടികയില്‍ വഴിയാത്രക്കാരി മരിച്ച കേസിലെ പ്രതിയായ സിവില്‍പൊലിസ് ഓഫീസറെ കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ അന്വേഷണവിധേയമായി സര്‍വീസില്‍ നിന്നും  സസ്‌പെന്‍ഡ് ചെയ്തു. കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. അജിത്ത് കുമാറാണ് കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്‌റ്റേഷനിലെ സിവില്‍ പൊലിസ് ഓഫീസര്‍ ലിതേഷിനെ സസ്‌പെന്‍ഡ് ചെയ്തത്.

ബീനയുടെ മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ വ്യാഴാഴ്ച്ച സംസ്‌കരിച്ചു.രാവിലെ ജില്ലാ ആശുപത്രിയില്‍ പോസ്റ്റു മോര്‍ട്ടം നടത്തിയതിനു ശേഷം ഇവര്‍ ജോലി ചെയ്തിരുന്ന മുണ്ടേരി വനിതാസഹകരണ സംഘം ഓഫീസില്‍പൊതുദര്‍ശനത്തിന് വെച്ച ശേഷം നൂറുകണക്കിനാളുകള്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു. തുടര്‍ന്ന് ഏച്ചൂരിലെ തറവാട്ടുവീട്ടിലെത്തിച്ചപ്പോള്‍ ബന്ധുക്കളും നാട്ടുകാരും അക്ഷരാര്‍ത്ഥത്തില്‍ കണ്ണീരൊഴുക്കുകയായിരുന്നു. ബീനയുടെ അമ്മ രോഹിണിയെ ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കള്‍ ഏറെപാടുപ്പെട്ടു. 

ഉച്ചയ്ക്ക് ഒരു മണിയോടെ മൃതദേഹം അവിടെ നിന്നും സ്വന്തംവീടായ ആലക്കാട്ട് ഹൗസിലും എത്തിച്ചു. ഇതിനു ശേഷം പയ്യാമ്പലം ശ്മശാനത്തില്‍ സംസ്‌കരിച്ചു. ബുധനാഴ്ച്ച ഉച്ചയോടെയാണ് കണ്ണൂര്‍-മട്ടന്നൂര്‍ സംസ്ഥാനപാതയിലെ ഏച്ചൂര്‍ കമാല്‍ പീടികയില്‍ അമിത വേഗതയിലെത്തിയ കാര്‍ ബീനയെ ഇടിച്ചു തെറിപ്പിച്ചത്. 

നാട്ടുകാര്‍ ഇവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. കേസിലെ പ്രതിയായ പൊലിസുകാരനെ  ചക്കരക്കല്‍ പൊലിസ് സ്‌റ്റേഷനിലെത്തിച്ചു വൈദ്യപരിശോധന നടത്തിയതിനു ശേഷം അപകടസ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി. അശ്രദ്ധയോടെ വാഹനം ഓടിച്ചു വഴിയാത്രക്കാരിയുടെ മരണത്തിന് ഇടയാക്കിയതിന് മന:പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

Tags