കമ്മ്യൂണിസ്റ്റുകാരെ ദുർബലപ്പെടുത്താനും അധികാരം പിടിക്കാനും കോൺഗ്രസും ലീഗും നടത്തുന്ന ശ്രമങ്ങളെ കരുതിയിരിക്കണം; പിണറായി വിജയൻ

Pinarayi Vijayan said that Congress and League should be aware of the efforts made to grab power
Pinarayi Vijayan said that Congress and League should be aware of the efforts made to grab power

തളിപ്പറമ്പ്: കമ്മ്യൂണിസ്റ്റുകാരെ ദുർബലപ്പെടുത്താനും അധികാരം പിടിക്കാനും കോൺഗ്രസും ലീഗും നടത്തുന്ന ശ്രമങ്ങളെ കരുതിയിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോർപറേറ്റ് - ഹിന്ദുത്വ താൽപര്യങ്ങളെ നേരിടണമെന്നും നാലു വോട്ടിനു വേണ്ടി ഒരിക്കലും വർഗീയതയുമായി സന്ധി ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള കണ്ണൂര്‍ ജില്ലാ സമ്മേളനത്തിൻ്റെ പ്രതിനിധി സമ്മേളനം തളിപ്പറമ്പ് കോടിയേരി ബാലകൃഷ്ണന്‍ നഗറിൽ (കെകെ.ന്‍ പരിയാരം സ്മാരക ഹാളില്‍) ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുപ്രീം കോടതിയെ തന്നെ വരുതിയിൽ നിർത്താൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണ്. ഹിന്ദുത്വ അജണ്ടയെ പ്രതിരോധിക്കാനുള്ള രാഷ്ടീയ അജണ്ട കോൺഗ്രസ് സ്വീകരിക്കുന്നില്ല. ലോകസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ യോജിപ്പ് പിന്നീട് ഉണ്ടായില്ല. ബി ജെ.പിക്ക് അത് ഗുണമായി. ഡൽഹിയിലും കോൺഗ്രസ് സമാന നിലപാട് സ്വീകരിക്കുന്നു. കോൺഗ്രസിന് നയപരമായി ഉറച്ച നിലപാടില്ല. മതനിരപേക്ഷത സംരക്ഷിക്കണമെങ്കിൽ വർഗീയതയോട് കർശന നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ സർവകലാശാലകളിൽ ആദ്യ 12 ൽ 3 എണ്ണം കേരളത്തിലാണ്. രാജ്യത്തെ 100 കോളേജുകളിൽ 16 മികച്ച കോളേജുകളും കേരളത്തിൽ തന്നെ. ഈ മികവ് നശിപ്പിക്കാൻ സർവകലാശാലകളെ ഗവർണറെ ഉപയോഗപ്പെടുത്തി തടയുന്നു. ഇപ്പോഴും ആ ശ്രമം തുടരുന്നു. ഫെഡറൽ സംവിധാനത്തെ കത്തിവെക്കാൻ ശ്രമം നടക്കുന്നുണ്ട്. ബി.ജെ.പി വിരുദ്ധ നിലപാട് സ്വീകരിക്കുന്നതായി പറയുന്ന കോൺഗ്രസ് പക്ഷെ, ഇത്തരം നയങ്ങളെ പിന്തുണക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. 

Pinarayi Vijayan said that Congress and League should be aware of the efforts made to grab power

ഫെഡറിലിസത്തെ തകർക്കുന്ന നിലപാടിനെ കോൺഗ്രസ് പിന്തുണക്കുന്നു. കേരളത്തിൽ ഉണ്ടായ ദുരന്തങ്ങളെ നേരിടുന്ന കാര്യത്തിലും കോൺഗ്രസും യു.ഡി.എഫും ഇതേ നയം സ്വീകരിക്കുന്നു. ആഗോളവൽക്കരണ നയങ്ങളെ എതിർക്കുന്നത് ഉൾക്കൊള്ളാൻ കേന്ദ്രത്തിനാവുന്നില്ല. ക്ഷേമപദ്ധതികൾ സംരക്ഷിക്കുന്ന നയമാണ് സംസ്ഥാനം സ്വീകരിച്ചത്. മുസ്ലിം ന്യൂനപക്ഷം വ്യാപകമായി അക്രമിക്കപ്പെടുന്നു, ക്രൈസ്തവർക്കെതിരെയും അക്രമങ്ങൾ നടക്കുന്നു. സംസ്ഥാന സർക്കാറിനെതിരെ വർഗീയ ശക്തികൾ കുപ്രചരണങ്ങൾ നടത്തുന്നു. മതാധിഷ്ഠിത രാഷ്ട്രം കെട്ടിപ്പടുക്കാൻ സംഘപരിവാറും ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും ശ്രമിക്കുകയാണ്. ഇവരെ എതിർക്കാൻ സി.പി.എം.ശക്തമായി രംഗത്തുണ്ട്. 

യു.ഡി.എഫ് കേരള അജണ്ട നിരാശയിൽ നിന്ന് ഉടലെടുക്കുന്നതാണ്. എങ്ങിനെയെങ്കിലും ഭരണത്തിൽ വരണമെന്ന ചിന്തയിലാണ് യു.ഡി.എഫ്. ഏത് മാർഗ്ഗത്തിലും അധികാരത്തിൽ തിരിച്ചുവരാനാണ് ശ്രമം. വർഗീയതക്ക് വളരാൻ എൽ.ഡി.എഫ് അല്ലാത്ത ഭരണം വരാൻ ശ്രമിക്കുന്നു. മുസ്ലിം ലീഗും ഇതിന് അനുസരിച്ച് നീങ്ങുകയാണ്. ഇത് മതനിരപേക്ഷ സമൂഹത്തെ ദുർബ്ബലപ്പെടുത്തും. ഇത് കോൺഗ്രസും ലീഗും തിരിച്ചറിയണം. ഗാന്ധിജിയും ആസാദും ഭൂരിപക്ഷ - ന്യൂനപക്ഷ വർഗീയതക്കെതിരെ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. ഇടതു സർക്കാറിനെ തകർക്കുന്ന നയമാണ് ബി.ജെ.പി.നടപ്പിലാക്കുന്നത്.

Pinarayi Vijayan said that Congress and League should be aware of the efforts made to grab power

രാജ്യത്തെ ഏക ഇടത് സർക്കാർ - കേരളത്തിലെ ബദൽ നയമാണ് നടപ്പിലാക്കുന്നത്. ബദൽ നടപ്പിലാക്കുന്ന ഏക സർക്കാർ.  സംസ്ഥാനങ്ങളുടെ അധികാരം കേന്ദ്രം കയ്യടക്കാനുള്ള ശ്രമത്തിന് ശക്തമായ നിലപാട് സ്വീകരിക്കാൻ കഴിഞ്ഞു. ബി.ജെ.പി. രാജ്യത്തെ ഭൂരിപക്ഷം പിന്താങ്ങുന്ന പാർട്ടിയല്ല. മതനിരപേക്ഷ രാഷ്ട്രമാണ് ജനം ആഗ്രഹിക്കുന്നത്. സി.പി.എം. സ്വീകരിച്ച നയം രാജ്യം ഏറ്റെടുക്കുന്നതാണ് ലോകസഭാ തെരഞ്ഞെടുപ്പിൽ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായ എം.വി ഗോവിന്ദന്‍ എംഎല്‍എ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി.കെ ശ്രീമതി ടീച്ചര്‍, ഇ.പി ജയരാജന്‍, കെ.കെ.ശൈലജ ടീച്ചര്‍, എ.കെ.ബാലന്‍, എളമരം കരീം, കെ.രാധാകൃഷ്ണന്‍, പി.സതീദേവീ, സി.എസ് സുജാത, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സ്വരാജ്, ആനാവൂര്‍ നാഗപ്പന്‍, കെ.കെ.ജയചന്ദ്രന്‍, പി.ജയരാജൻ, കെ.കെ രാഗേഷ്, പി. ശശി, ടി.വി രാജേഷ്, മുൻ എം.പി പി.കരുണാകരൻ, എ.കെ.ജിയുടെ മകൾ ലൈല, പി മുകുന്ദൻ, രക്തസാക്ഷി ധീരജിൻ്റെ മാതാപിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. 

പതാക ഉയർത്തലിന് ശേഷം മുരുകൻ കാട്ടാക്കട രചിച്ച കവിതയുടെ നൃത്ത ശിൽപ്പം തളിപറമ്പിലെ കലാകാരൻമാർ അവതരിപ്പിച്ചു. വിവിധ ഏരിയകളിൽ നിന്നുള്ള പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. 

ഫെബ്രുവരി മൂന്നിന് വൈകുന്നേരം നാല് മണി മുതൽ സീതാറാം യെച്ചൂരി നഗറിൽ (ഉണ്ടപ്പറമ്പ് മൈതാനം) പൊതുസമ്മേളനവും നടക്കും. പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുന്നത് കേരള മുഖ്യമന്ത്രിയും പാര്‍ട്ടി പൊളിറ്റ്ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ തന്നെയാണ്.

Tags