പെരുവനം പഞ്ചാരിയിലെ ശബ്ദവ്യതിയാനം പഠിക്കാൻ അന്തരീക്ഷശാസ്ത്ര ഗവേഷകനെത്തി

Atmospheric researcher came to Peruvanam Panchari to study sound variation
Atmospheric researcher came to Peruvanam Panchari to study sound variation

ചിറക്കൽ: ചെണ്ടയിൽ നാദബ്രഹ്മംതീർക്കുന്ന മേള കുലപതി പദ്മശ്രീ പെരുവനം കുട്ടൻ മാരാരുടെ പഞ്ചാരിമേളത്തിലെ ശബ്ദവ്യതിയാനം നിരീക്ഷിക്കാൻ പ്രശസ്ത അന്തരീക്ഷ പഠന ശാസ്ത്ര ഗവേഷകൻ ഡോ. എം. കെ. സതീഷു കുമാറും കടലായി ശ്രീകൃഷ്ണ ക്ഷേത്ര തിരുമുറ്റത്തെത്തി.
 ചെണ്ടയിലൂടെ പെരുവനം തീർക്കുന്ന ശബ്ദതാളം എങ്ങിനെ സംഭവിക്കുന്നുവെന്നു ശാസ്ത്രീയമായി നിരീക്ഷിച്ച  ഡോ. എം കെ. സതീഷ്കുമാർ അക്കാര്യം പെരുവനവുമായി പങ്കുവച്ചു.

കമ്പനവും പ്രതിധ്വനിയും സമയ വ്യതിയാനവുമാണ് മേളത്തിൻ്റെ ആസ്വാദ്യക്കൂട്ടെന്ന് ഡോ. സതീഷ് കുമാർ പറഞ്ഞു.മരക്കുഴലിൻ്റെ ഇരുവശത്തും 
മൃഗത്തോൽ വലിച്ചുകെട്ടി ഉണ്ടാക്കുന്ന ചെണ്ടയിൽ കോലുപയോഗിച്ച് കൊട്ടുമ്പോൾ തോലിൻ്റെ പ്രതലത്തിൽ കമ്പനമുണ്ടാകും. 
ആ കമ്പനം മൂലമാണ് ശബ്ദം കേൾക്കുന്നത്. ആ ശബ്ദം അന്തരീക്ഷത്തിൽ വ്യാപിക്കുന്നു. ഒപ്പം ചെണ്ടയുടെ അകത്തെ പൊള്ളയായ വായഅറയിലേക്കും പ്രവേശിക്കും. അവിടെ  അറയുടെ വശങ്ങളിൽ തട്ടി പ്രതിഫലിക്കുമ്പോൾ  ശബ്ദത്തിന് തീവ്രത കൂടും. മരത്തിൻ്റെ സ്പന്ദനത്തിലൂടെ അവ പുറത്തുവരുന്നു.അദ്ദേഹം വിശദീകരിച്ചു.

അന്തരീക്ഷത്തിൽ നേരിട്ട് വ്യാപിക്കുന്ന ശബ്ദവും ചെണ്ടക്കുള്ളിലെ പൊള്ളയായ അറയിൽ പ്രതിധ്വനിക്കുന്ന ശബ്ദവും തമ്മിലുണ്ടാകുന്ന സമയ വ്യത്യാസമാണ് അതിൻ്റെ മുഴക്കത്തിനുകാരണമെന്ന് ഡോ. സതീഷ് കുമാർ പറഞ്ഞു .ഇതിൽ കോലുകളുടെ സ്ഥാനക്രമമനുസരിച്ചു ശബ്ദത്തിനുണ്ടാകുന്ന വ്യത്യാസവും അതു മുഴങ്ങുന്നതിലുള്ള സമയ വ്യതിയാനവുമാണ് ചെണ്ടമേളത്തിൽ സംഭവിക്കുന്ന നാദ വിസ്മയമെന്ന് ഡോ. സതീഷ് കുമാർ അഭിപ്രായപ്പെട്ടു.പെരുവനമെന്ന വാദ്യകലാകാരൻ്റെ കരവിരുതിൻ്റെ വൈദഗ്ദ്ധ്യവും മനസ്സിലുള്ള താളലയവും അതിൻ്റെ ആസ്വാദ്യതയും ആകർഷണീയതയും വർദ്ധിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെണ്ടമേളം കേൾക്കുമ്പോൾ ആസ്വാദക മനസ്സിൻ്റെ അകത്തും പുറത്തും സംഭവിക്കുന്നതും ശ്രദ്ധേയമാണ്.

 അസുരവാദ്യമെന്നു വിളിപ്പേരുള്ള ചെണ്ടയിൽ തീർക്കുന്ന ഉത്സവമേളത്തിൻ്റെ ശബ്ദശാസ്ത്രത്തെക്കുറിച്ചും അത് അന്തരീക്ഷത്തിൽ സൃഷ്ടിക്കുന്നഅവസ്ഥകളെക്കുറിച്ചും നടത്തുന്ന തൻ്റെ ഗവേഷണത്തിൻ്റെ ഭാഗമായാണ് അന്തരീക്ഷ പഠനശാസ്ത്രജ്ഞൻ 
ചിറക്കൽ കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടന്ന പെരുവനം കുട്ടൻ മാരാരുടെ  പഞ്ചാരിമേളം നിരീക്ഷിച്ചുപഠിക്കാനെത്തിയത്.
ശാസ്ത്രജ്ഞൻ്റെ നിരീക്ഷണപഠനം കൗതുകമായെന്നും ആ പഠനം പൂർണമായും അറിയാൻ താൽര്യമുണ്ടെന്നും  പെരുവനം പറഞ്ഞു.ആസ്വാദകരുടെ മുഖഭാവത്തിൽ നിന്ന് മേളത്തിൻ്റെ ആസ്വാദ്യത തിരിച്ചറിയാമെന്നും അവരുടെ മുഖത്തെ ആ സ്നേഹ സന്തോഷ പ്രതിഫലനങ്ങളാണ് തൻ്റെ കർമ്മശക്തിയെന്നും മേള കുലപതി പെരുവനം കുട്ടൻ മാരാർ കൂട്ടിച്ചേർത്തു.

Tags