പയ്യന്നൂർ മൾട്ടിപർപ്പസ് സ്റ്റേഡിയം: കിറ്റ്കോയെ ഒഴിവാക്കി പുതിയ നിർവ്വഹണ ഏജൻസിയെ നിശ്ചയിക്കും

payyannur

പയ്യന്നൂർ: സാമ്പത്തിയേക് അനുമതി ലഭിച്ചിട്ടും പയ്യന്നൂർ മൾട്ടിപർപ്പസ് സ്റ്റേഡിയം നിർമ്മാണം എങ്ങുമെത്തിയില്ല. നിർമ്മാണം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വ്യക്തമായ മറുപടി കിറ്റ്‌കോയ്ക്ക് നൽകാൻ കഴിയാത്ത സാഹചര്യത്തിൽ കിറ്റ്കോയെ ഒഴിവാക്കി പുതിയ നിർവ്വഹണ ഏജൻസിയെ നിശ്ചയിക്കാൻ ഒരുങ്ങുകയാണ് ഇപ്പോൾ.

മൾട്ടി പർപ്പസ് സ്റ്റേഡിയം നിർമ്മിക്കുന്നതിനായി കിഫ്ബിയിൽ നിന്ന് 13.4 കോടി രൂപയുടെ സാമ്പത്തിക അനുമതി ലഭിക്കുകയും 2021 ഫെബ്രുവരി മാസം പ്രവർത്തി ആരംഭിക്കുകയും ചെയ്തു. 12 മാസമായിരുന്നു പൂർത്തീകരണ കാലാവധി. കോവിഡ് സമയത്തെ ലോക്ക്ഡൗൺ വിഷയങ്ങൾ ചൂണ്ടിക്കാട്ടി പിന്നീട് 2023 ജനുവരി വരെ കാലാവധി നീട്ടി നൽകി. തുടർന്ന് കിഫ്ബിയുടെ സൈറ്റ് സന്ദർശന വേളയിൽ പദ്ധതിയുടെ ഫൗണ്ടേഷൻ റീ ഡിസൈൻ നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കിഫ്ബി സ്റ്റോപ്പ് മെമ്മോ നൽകിയതിനാൽ നിർമ്മാണം നിർത്തിവെച്ചു. മണ്ണ് അടിഞ്ഞുകൂടാൻ സാധ്യതയുള്ള പ്രദേശമായതിനാലാണ് ഫൗണ്ടേഷൻ റീ ഡിസൈൻ ചെയ്യാൻ കിഫ്ബി നിർദ്ദേശിച്ചത്.

10% പ്രവർത്തികൾ പൂർത്തീകരിച്ച ഘട്ടത്തിലാണ് 2022 ഒക്ടോബറിൽ പ്രവർത്തി നിർത്തിവെച്ചത്. സോയിൽ ടെസ്റ്റ് വീണ്ടും നടത്തുന്നതിനായി കിറ്റ്കോ കോഴിക്കോട് NIT വിദഗ്ദരെ ചുമതലപ്പെടുത്തി. NITയുടെ റിപ്പോർട്ട് 2022 നവംബർ 22 ന് ലഭിച്ചു എന്നാണ് കിറ്റ്കോ തന്നെ പറഞ്ഞിട്ടുള്ളത്. എന്നാൽ പുതിയ സോയിൽ ടെസ്റ്റ് പ്രകാരം ഡിസൈൻ പുതുക്കി കിഫ്ബിയിൽ നിന്ന് അംഗീകാരം വാങ്ങുന്നതിന് വലിയ കാലതാമസമാണ് വന്നത്. സാങ്കേതിക പ്രശ്നങ്ങൾ കൂട്ടായി ചർച്ച ചെയ്ത് പരിഹരിച്ച് പ്രവർത്തി പുനരാരംഭിക്കാൻ വേണ്ടി MLA ആവശ്യപ്പെട്ടത്  പ്രകാരം ഉദ്യോഗസ്ഥതലത്തിലും മന്ത്രിതലത്തിലും പല യോഗങ്ങൾ കൂടി എങ്കിലും പദ്ധതി പുനരാരംഭിക്കാൻ കഴിഞ്ഞിട്ടില്ല.

madhusoodhanan

അവസാനം 2024 മെയ് 20ന് കിഫ്ബി CEOയുടെ സാന്നിദ്ധ്യത്തിൽ യോഗം ചേർന്നു.പുതുക്കിയ എല്ലാ രേഖകളും സഹിതം PED (Project Execution Document) വീണ്ടും സമർപ്പിച്ചാൽ മാത്രമേ PED അംഗീകരിക്കുകയുള്ളൂ എന്ന് കിഫ്ബി കിറ്റ്കോയോട് നിർദ്ദേശിക്കുകയും 20-06-2024-നകം സമർപ്പിക്കാമെന്ന്  കിറ്റ്‌കോ സമ്മതിക്കുകയും ചെയ്തു.സോയിൽ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട് ,കിഫ്ബി അംഗീകരിച്ച ഡിസൈൻ ,ഒറിജിനൽ റേറ്റ് ഉൾപ്പെട്ട ഡീവിയേഷൻ സ്റ്റേറ്റ്മെന്റ് എന്നിവ കിറ്റ്‌കോ സമർപ്പിക്കണമെന്നും ,അതിനുശേഷം കരാർ Foreclose ചെയ്ത് ബാലൻസ് പ്രവർത്തികൾ റീ-ടെണ്ടർ ചെയ്യണമെന്നും കിഫ്ബി കിറ്റ്‌കോയോട് നിർദ്ദേശിച്ചു. നിശ്ചയിച്ച തീയ്യതി കഴിഞ്ഞിട്ടും ഒരു പുരോഗതിയും ഉണ്ടായിട്ടില്ല.

ഈ സാഹചര്യത്തിലാണ് ജൂലൈ 4 ന് കായിക വകുപ്പ് മന്ത്രി വി.അബ്‌ദുൽറഹ്മാന്റെയും ടി.ഐ മധുസൂദനൻ എം.എൽ.എ യുടെയും സാന്നിധ്യത്തിൽ കിറ്റ്‌കോ ,കിഫ്‌ബി ,കായികവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ചേർന്നത്. ഈ യോഗത്തിലും നിർമ്മാണം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വ്യക്തമായ മറുപടി കിറ്റ്‌കോയ്ക്ക് നൽകാൻ കഴിഞ്ഞിട്ടില്ല. ഇക്കാരണത്താലാണ് നിലവിലെ നിർവ്വഹണ ഏജൻസിയെ മാറ്റി പുതിയ ഏജൻസിയെ നിശ്ചയിക്കാൻ തീരുമാനിച്ചിട്ടുള്ളത്. SPV യെ മാറ്റിനിശ്ചയിച്ച്  സ്റ്റേഡിയം നിർമ്മാണവുമായി ബന്ധപ്പെട്ട തുടർനടപടികൾ വേഗത്തിലാക്കുമെന്ന്  ടി.ഐ മധുസൂദനൻ എം.എൽ.എ അറിയിച്ചു.

Tags