തലശേരിയിൽ 40 വർഷത്തിന് ശേഷം നഴ്സറി വിദ്യാർത്ഥികൾ ഒത്തുകൂടി; പിന്നെ നടന്നത് കളിയും ചിരിയും പാട്ടും മേളവും...
തലശേരി: പഴയ നഴ്സറി കുട്ടികളായി അവർ ഒത്തുചേർന്നപ്പോൾ കളിയും ചിരിയും പ്രായത്തെ മറികടന്നു തിരിച്ചു വന്നു. തലശേരിയിലാണ് നഴ്സറിയിൽ പഠിച്ച പൂർവ്വ വിദ്യാർത്ഥികളുടെ അപൂർവ്വ സംഗമം നടന്നത്. 1978 ല്‍ തലശ്ശേരി സൈദാര്‍ പള്ളിക്കടുത്ത് സ്ഥാപിതമായ ഇസ്ലാമിക് നഴ്‌സറി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്ത് ചേര്‍ന്ന് സഹപാഠി സംഗമവും പൂര്‍വ്വാദ്ധ്യാപകര്‍ക്ക് സ്‌നേഹാദരവും നല്‍കിയ പരിപാടി ഓർമ്മകൾക്ക് വിരുന്നൊരുക്കുന്നതായിരുന്നു.
തലശ്ശേരിയിലെ അറിയപ്പെടുന്ന പ്രീ പ്രൈമറിസ്ഥാപനമായിരുന്ന ഇസ്ലാമിക് നഴ്‌സറി സ്‌കൂള്‍ സ്‌ക്കൂളിലെ വിദ്യാര്‍ഥികളാണ് 40 വര്‍ഷത്തിനിപ്പുറം ഒത്തു ചേര്‍ന്നത്. ഒപ്പം പൂര്‍വ്വാധ്യാപകര്‍ക്ക് സ്‌നേഹാദരവും നല്‍കി. സ്വാഗത പ്രസംഗത്തില്‍ പഴയകാല സംഭവങ്ങള്‍ എടുത്ത് പറഞ്ഞപ്പോള്‍ പങ്കെടുത്തവരെ നാല്‍പത് വര്‍ഷം പിന്നിലുള്ള ഓര്‍മയിലേക്ക് നയിച്ചു.
ചടങ്ങിൽ വിശിഷ്ടാതിഥികളായി ക്ഷണിച്ചു വരുത്തിയ ഹൈമ ബാല്‍, സുലൈഖ, ഫരീദ, റഷീദ എന്നീ അധ്യാപികമാരെ പൊന്നാട അണിയിച്ചു ആദരിച്ചു. അദ്ധ്യാപകരും പഴയ കാല ഓര്‍മകള്‍ പങ്ക് വെക്കുകയും തങ്ങളുടെ കുട്ടികളുടെ സ്‌നേഹത്തിന് ഏറെ സന്തോഷവും പ്രകടിപ്പിച്ചു. അന്നത്തെ സ്‌കൂള്‍ പിന്നീട് നിലച്ചു പോയെങ്കിലും ആ കെട്ടിടം തലശ്ശേരിയിലെ പഴയ കാല മലഞ്ചരക്ക് വ്യാപാരി പി പി അബൂബക്കര്‍ ഹാജിയുടെ കുടുംബത്തിന്റെ കൈവശമാണ്.
അദ്ദേഹത്തിന്റെ ഭാര്യയും മക്കളും വളരെ ഈ സ്‌നേഹ സംഗമത്തിന് പിന്തുണ നല്‍കിയപ്പോള്‍ വീട്ടുമുറ്റവും ഹാളും മുറികളും വീണ്ടും പഴയ സ്‌കൂളും ക്ലാസ് മുറികളുമായപ്പോള്‍, ഇന്നത്തെ യുവതീ യുവാക്കള്‍ ചെറിയ കുട്ടികളുമായി മാറിയ അപൂർവ്വ സംഗമമാണ് തലശേരിയിൽ നടന്നത്. തലശേരി പ്രസ് ഫോറം പ്രസിഡൻ്റ് നവാസ് മേത്തർ പരിപാടി ഉദ്ഘാടനം ചെയ്തു.
പൂര്‍വ്വ വിദ്യാര്‍ത്ഥിയും നെഴ്‌സറി ഡെയ്‌സ് കൂട്ടായ്മയുടെ സ്ഥാപകന്‍ കൂടി ആയ അസീന്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് നിസാര്‍, നവാസ് പി എം കെ, സാജിദ കെ എം എ പി, ഷഫീഖ് എ, ഷമീര്‍ അഫ്താബ്, ദില്‍ഷാദ്, താജുദ്ധീന്‍, ഫൗസിയ എന്നിവര്‍ നേതൃത്യം നല്‍കി. തുടര്‍ന്ന് വിവിധകലാപരുപാടികളും അരങ്ങേറി ഒരു ദിവസം മുഴുവനായി നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിന് ആശംസയേകാൻ ജനപ്രതിനിധികളും നാട്ടുകാരും ഉൾപ്പെടെ നൂറു കണക്കിനാളുകൾ എത്തിയിരുന്നു. കളിയും ചിരിയും കൈ മുട്ടിപാട്ടു പാടലുമൊക്കെയായി സംഗമം കളറാക്കിയാണ് ഓരോരുത്തരും മനസിൽ ഓർമ്മകൾ ബാക്കി നിർത്തി പിരിഞ്ഞു പോയത്.