കണ്ണൂർ കോർപറേഷനിലെ മാലിന്യ സംസ്കരണത്തിൻ്റെ മറവിലെ അഴിമതി: വിജിലൻസ് അന്വേഷണം വേണമെന്ന് എം.വി ജയരാജൻ


കണ്ണൂർ: യുഡിഎഫ് ഭരിക്കുന്ന കണ്ണൂർ കോർപ്പറേഷനിൽ അഴിമതിയെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ചേലോറ മാലിന്യ പ്ലാൻ്റിലെ ഖരമാലിന്യ നീക്കത്തിലാണ് അഴിമതി. 1.77 കോടി രൂപയുടെ ക്രമക്കേട് നടന്നതായി സി എ ജി റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്. മാനദണ്ഡങ്ങൾ പാലിക്കാതെ ടെൻഡർ നൽകിയതായും കണ്ടെത്തിയിട്ടുണ്ട്.
ആവശ്യത്തിനുള്ള മാലിന്യം നീക്കം ചെയ്യാതെ ഒരു നിശ്ചിത അളവിൽ മാത്രം ഖരമാലിന്യങ്ങൾ മാറ്റുകയായിരുന്നു.. ബാക്കി ട്രഞ്ചിംങ് ഗ്രൗണ്ടിൽ മണ്ണിട്ടു മൂടുകയാണ് ചെയ്തത്. നിങ്ങൾ ഇത്രമാത്രം മാലിന്യങ്ങൾ നീക്കം ചെയ്താൽ മതിയെന്ന് മുൻ മേയർ കരാറുകാരോട് മാലിന്യം ചൂണ്ടിക്കാണിക്കുകയായിരുന്നു.. ബാക്കിയുള്ളവ മണ്ണിട്ട് മൂടിയാണ് അഴിമതി നടത്തിയത്. ഇതിനായി കരാറേറ്റെടുത്ത കമ്പനിക്ക് കൂടുതൽ തുക നൽകിയതായും സി എ ജി റിപ്പോർട്ടിലുണ്ട്. 86 ലക്ഷം നൽകേണ്ടതിന് പകരം 2.63 കോടി രൂപയാണ് നൽകിയത്. സംഭവത്തിൽ വിജിലൻസ് അന്വേഷണം വേണമെന്നും എൽ.ഡി.എഫ് പരാതി നൽകുമെന്നും എം.വി ജയരാജൻ പറഞ്ഞു.
മൾട്ടിലെവൽ കാർ പാർക്കിങ് സെൻ്റർ ഉദ്ഘാടനം ചെയ്തിട്ട് മാസങ്ങളായെങ്കിലും ഇതുവരെ ഒരു കാർ കയറ്റാൻ കഴിഞ്ഞിട്ടില്ല. കോർപറേഷൻ്റെ ദ്രവ മാലിന്യ സംസ്കരണ പദ്ധതിക്ക് എൽ.ഡി.എഫ് പൂർണ പിൻതുണ നൽകിയതാണ്. എന്നാൽ അതും അഴിമതിക്കുള്ള വേദിയാക്കി മുൻ മേയർ മാറ്റി. ഇപ്പോഴത്തെ മേയർ അഴിമതി നടത്തിയെന്ന് ഞങ്ങൾ പറയുന്നില്ല എന്നാൽ എല്ലാത്തിനും നിസഹായനായി നോക്കുകുത്തിയായി നിൽക്കുകയാണെന്നും കണ്ണൂർ ഡി.സി ഓഫീസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ എം.വി ജയരാജൻ ആരോപിച്ചു.

2022 മെയ് മാസം ഏഴിനാണ് മുൻ മേയർ കരാർ ഉണ്ടാക്കിയത്. ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിലുള്ള ഖരമാലിന്യങ്ങൾ നീക്കം ചെയ്തു സ്ഥലം ലെവൽ ചെയ്തു നൽകാമെന്നാണ് 7.56 കോടി രൂപയ്ക്കുണ്ടാക്കിയ കരാർ. സർക്കാരല്ല കോർപറേഷൻ തന്നെയാണ് നേരിട്ട് കരാർ കമ്പിനിയെ തെരഞ്ഞെടുത്തത്. അത് അഴിമതി നടത്താനാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ് ഞങ്ങൾ അന്ന് അവിടെ പോയപ്പോൾ ആ ഭാഗത്ത് ദുർഗന്ധമാണെന്ന് പറഞ്ഞ് തടസപ്പെടുത്തി. എന്നിട്ടും ഞങ്ങൾ അവിടെ പോയപ്പോഴാണ് മാലിന്യം മണ്ണിട്ടു മൂടുന്നത് നേരിൽ കണ്ടത്.
ഇപ്പോഴത്തെ മേയർ അഴിമതി വിരുദ്ധ നിലപാടുള്ളയാളാണെങ്കിൽ അന്നത്തെ മേയർക്കെതിരെ വിജിലൻസിൽ പരാതി നൽകണം. മുൻ മേയറുടെ നേതൃത്വത്തിലുള്ള കറക്കുകമ്പിനിയാണ് അന്ന് ഭരണം നിയന്ത്രിച്ചത്. മൾട്ടി ലെവൽ പാർക്കിങ് കേന്ദ്രം നിർമ്മിച്ചെങ്കിലും മൾട്ടി ലെവൽ പോയിട്ട് ഒരു കാർ പോലും അവിടെ പാർക്ക് ചെയ്യാൻ കഴിയാത്ത അവസ്ഥയുണ്ടാക്കി.
ദ്രവ മാലിന്യ പ്ളാൻ്റിനായി റോഡുകൾ വെട്ടിപ്പൊളിച്ചു പൈപ്പിട്ടെങ്കിലും വെള്ളം അതിലൂടെ ഒഴുക്കിവിടാൻ കഴിഞ്ഞില്ല റോഡുകൾ പഴയ പടിയിലാക്കിയുമില്ല. മുൻ മേയർ ഒരു പാർട്ടിയുടെ പ്രതിനിധിയാണ് അൽപ്പമെങ്കിലും ധാർമ്മികതയുണ്ടെങ്കിൽ കൗൺസിലർ സ്ഥാനം രാജിവയ്ക്കണമെന്നും എം.വി ജയരാജൻ ആവശ്യപ്പെട്ടു.