കേരളത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അധികാരത്തിലെത്താൻ കാരണം ഗാന്ധിയൻ കമ്മ്യൂണിസ്റ്റ് ചിന്ത; മുല്ലക്കര രത്നാകരൻ
തളിപ്പറമ്പ: ഇന്ത്യയിൽ എല്ലാ സംസ്ഥാനത്തും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ തകർന്നപ്പോൾ കേരളത്തിൽ മാത്രം വീണ്ടു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അധികാരത്തിലെത്താൻ കാരണം ഗാന്ധിയൻ കമ്മ്യൂണിസ്റ്റ് ചിന്തയാണെന്ന് സി പി ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗവും മുൻ മന്ത്രിയുമായ മുല്ലക്കര രത്നാകരൻ പറഞ്ഞു. കെ വി മൂസ്സാൻ കുട്ടി മാസ്റ്റർ - സി കൃഷ്ണൻ - പി വി എസ് നമ്പ്യാർ അനുസ്മരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .
1957ലെ വിജയത്തിന് കാരണമായ അടിസ്ഥാനം ജനകീയ സoഘടനാ പ്രവർത്തനം നടത്തി ഗാന്ധിയൻ കമ്മ്യൂണിസ്റ്റ് രീതിയിൽ തന്നെ പ്രവർത്തിച്ചതാണ്.1957ൽ ഭരണം കിട്ടിയപ്പോൾ ജനകീയമായി താഴെ തട്ടിലുള്ള മനുഷ്യൻ്റെ ജീവിത നിലവാരം ഉയർത്താനുള്ള പ്രവർത്തനങ്ങളാണ് അന്ന് കമ്മ്യൂണിസ്റ്റ് നേതാക്കൾ നടത്തിയത്.
മതേതര കേരളവും ജനാധിപത്യ ഇന്ത്യയും കെട്ടിപ്പടുക്കാൻ അർപ്പണബോധവും സത്യസന്ധതയുള്ളതും അഴിമതി ഇല്ലാത്തതുമായ പൊതുപ്രവർത്തകർ വേണം. രാഷ്ടിയ പ്രവർത്തനവും പൊതു പ്രവർത്തനവും നടത്താൻ സാമൂഹ്യ ജീവിതം ദാനം നല്കിയ നേതാക്കളായിരുന്ന കെ വി മൂസ്സാൻകുട്ടി മാസ്റ്ററും, സി കൃഷ്ണനും ,
പി വി എസ് നമ്പ്യാരുമെന്നും അദ്ദേഹം പറഞ്ഞു.
തളിപ്പറമ്പ ടൗൺ സ്ക്വയറിൽ നടന്ന യോഗത്തിൽ ടി വി നാരായണൻ അധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ അനുസ്മരണ പ്രഭാഷണം നടത്തി. താവം ബാലകൃഷ്ണൻ പ്രസംഗിച്ചു. സി പി ഐ തളിപ്പറമ്പ മണ്ഡലം സെക്രട്ടറി പി കെ മുജീബ് റഹമാൻ സ്വാഗതവും എം രഘുനാഥ് നന്ദിയും പറഞ്ഞു.