ഭരണഘടന മൂല്യങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കാനുള്ള ശ്രമങ്ങളിൽ ജനങ്ങൾ പങ്കാളികളാവണം: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

Minister Ramachandran Kadannappally urged people to participate in efforts to protect constitutional values ​​and freedom
Minister Ramachandran Kadannappally urged people to participate in efforts to protect constitutional values ​​and freedom

കണ്ണൂർ: രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളും സ്വാതന്ത്ര്യവും ജനാധിപത്യവും മതനിരപേക്ഷതയും പരമാധികാരവും സംരക്ഷിക്കാനുള്ള ശ്രമങ്ങളിൽ ദേശാഭിമാനികളായ ജനങ്ങൾ സചേതനമായി പങ്കാളികളാവേണ്ട ഘട്ടമാണിതെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. 76-ാമത് റിപ്പബ്ലിക് ദിനത്തിൽ കണ്ണൂർ കലക്ട്രേറ്റ് മൈതാനിയിൽ ദേശീയ പതാക ഉയർത്തി സെറിമോണിയൽ പരേഡിന്റെ അഭിവാദ്യം സ്വീകരിച്ച ശേഷം റിപ്പബ്ലിക് ദിനസന്ദേശം നൽകുകയായിരുന്നു മന്ത്രി.

സ്വാതന്ത്ര്യം, പരമാധികാരം തുടങ്ങിയ മൂല്യങ്ങളെ രാജ്യത്തിനകത്തു നിന്നും പുറത്തുനിന്നും വെല്ലുവിളിച്ചു കൊണ്ടിരിക്കുന്നത് നമ്മൾ ഇപ്പോൾ കാണുന്നുണ്ട്. അത് അതിജീവിക്കാൻ സ്വാതന്ത്ര്യസമരത്തിന്റെ അതേ വീര്യത്തോടും ആ കാലഘട്ടത്തിന്റെ സമർപ്പണ ബോധത്തോടുകൂടിയും ഉള്ള പോരാട്ടങ്ങളുടെ പാതയിൽ നാം ആവശ്യമെങ്കിൽ ഇറങ്ങണം. രണ്ടാം സ്വാതന്ത്ര്യ സമരം ആവശ്യമായി വന്നാൽ സ്വാതന്ത്ര്യസമരക്കാലത്തെ തീക്ഷ്ണമായ ദേശവികാരങ്ങൾ ഉൾക്കൊണ്ടു കൊണ്ട് ദേശാഭിമാനികളായ ജനങ്ങൾ രംഗത്തിറങ്ങണം.

അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ ആവശ്യമായ നിതാന്തമായ ജാഗ്രത നമുക്കെല്ലാം സ്വീകരിക്കാൻ കഴിയട്ടെ എന്നും മന്ത്രി പറഞ്ഞു. യുവതലമുറയുടെ കയ്യിലാണ് ഈ രാജ്യത്തിന്റെ അമൂല്യനിധിയായ ഭരണഘടന. ഭരണഘടന സംരക്ഷിക്കുന്നതിന്റെ ശ്രമങ്ങളിൽ മറ്റെല്ലാം വിസ്മരിച്ചു നാം പങ്കുകൊള്ളണം. നമ്മുടെ സംസ്ഥാനം ഈ മൂല്യങ്ങൾ പരിരക്ഷിച്ചുകൊണ്ടുള്ള യാത്രയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.  

വിപുലമായ ആഘോഷ പരിപാടികളാണ് ജില്ലയിൽ റിപ്പബ്ലിക് ദിനത്തിനോടനുബന്ധിച്ച് സംഘടിപ്പിച്ചത്. ജില്ലാതല റിപ്പബ്ലിക് ദിന പരേഡിൽ 24 പ്ലാറ്റൂണുകൾ അണിനിരന്നു. വിവിധ വകുപ്പുകളുടെ പ്ലോട്ടുകളും പരേഡിന്റെ ആകർഷണമായി. പൊലീസ് -നാല്, എക്‌സൈസ് -ഒന്ന്, ഫോറസ്റ്റ് -ഒന്ന്, എൻസിസി -നാല്, സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് -ആറ്, എസ് പി സി -നാല്, ജൂനിയർ റെഡ് ക്രോസ്-നാല് എന്നിങ്ങനെയാണ് പരേഡിൽ പ്ലാറ്റൂണുകൾ അണിനിരന്നത്. പരേഡിൽ അണിനിരന്ന മികച്ച പ്ലാറ്റൂണുകൾക്കുള്ള പുരസ്‌കാരങ്ങൾ മന്ത്രി വിതരണം ചെയ്തു.

Minister Ramachandran Kadannappally urged people to participate in efforts to protect constitutional values ​​and freedom

ജില്ലാ കലക്ടർ അരുൺ കെ.വിജയൻ, കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ പി നിധിൻരാജ്, ജില്ലാ പോലീസ് മേധാവി (റൂറൽ) അനുജ് പാലിവാൽ എന്നിവരും പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു. കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ, കെ വി സുമേഷ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രത്‌നകുമാരി, വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, ഡെപ്യൂട്ടി മേയർ അഡ്വ. പി ഇന്ദിര, സ്ഥിരം സമിതി ചെയർപേഴ്‌സൺ സുരേഷ് ബാബു എളയാവൂർ, ഡി.എസ്.സി കണ്ണൂർ കമാൻഡന്റ് പരംവീർ നാഗ്ര, കണ്ണൂർ എഡിഎം സി പദ്മചന്ദ്ര കുറുപ്പ് തുടങ്ങിയവർ പങ്കെടുത്തു. പൊതുജനങ്ങളുടെ വിപുലമായ പങ്കാളിത്തവുമുണ്ടായി.

പരേഡിൽ സേനാ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം കെഎപി നാലാം ബറ്റാലിയൻ മാങ്ങാട്ടുപറമ്പിനാണ്. മികച്ച എൻ സി സി സീനിയർ ഡിവിഷനുള്ള സമ്മാനം ഗവ. പോളിടെക്‌നിക് തോട്ടട നേടി. ഗവ. എച്ച്എസ്എസ് മൊറാഴക്കാണ് മികച്ച സ്റ്റുഡൻറ് പോലീസ് കേഡറ്റ് പ്ലാറ്റൂണിനുള്ള പുരസ്‌കാരം. സ്‌കൗട്ട്‌സ് പ്ലാറ്റൂണുകളിൽ കടമ്പൂർ എച്ച്എസ്എസും ഗൈഡ്‌സ് വിഭാഗത്തിലെ പ്ലാറ്റൂണുകളിൽ കാടാച്ചിറ എച്ച്എസ്എസും ഒന്നാമതെത്തി.

ജൂനിയർ റെഡ് ക്രോസ് ആൺകുട്ടികളുടെ വിഭാഗത്തിനും കാടാച്ചിറ എച്ച്എസ്എസിന് തന്നെയാണ് ഒന്നാം സ്ഥാനം. സെൻറ് തെരേസസ് ആംഗ്ലോ ഇന്ത്യൻ എച്ച്എസ്എസ് ബർണശ്ശേരി ജൂനിയർ റെഡ് റോസ് പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാമതെത്തി. മികച്ച എൻ സി സി ട്രൂപ്പിനുള്ള ജില്ലാ കളക്ടറുടെ ട്രോഫി തോട്ടട ഗവ. പോളിടെക്‌നിക് സീനിയർ ഡിവിഷൻ നേടി.

എക്‌സൈസ്, മോട്ടോർ വാഹന വകുപ്പ് ആരോഗ്യവകുപ്പ്, ശുചിത്വ മിഷൻ, വ്യാവസായിക വകുപ്പ്, കുടുംബശ്രീ തുടങ്ങിയവയുടെ പ്ലോട്ടുകൾ ആകർഷകമായി. ലഹരിക്കെതിരെയുള്ള സന്ദേശവുമായി എത്തിയ എക്‌സൈസ് ഡിപ്പാർട്ട്‌മെൻറ് പ്ലോട്ട് ഒന്നാം സ്ഥാനം നേടി. ട്രാഫിക് നിയമ അവബോധം നൽകിയ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെൻറിനാണ് രണ്ടാം സ്ഥാനം. സ്വാതന്ത്ര്യ സമര സേനാനികളെ അണിനിരത്തിയ തളാപ്പ് മിക്‌സഡ് യു പി സ്‌കൂളിന്റെ പ്ലോട്ടിന് മൂന്നാം സ്ഥാനവും ലഭിച്ചു.
 
ഡിഎസ്‌സി കണ്ണൂർ, ആർമി പബ്ലിക് സ്‌കൂൾ, സെൻറ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറി സ്‌കൂൾ, പഴശ്ശിരാജ മെമ്മോറിയൽ ബഡ്‌സ് സ്‌കൂൾ മട്ടന്നൂർ എന്നിവരുടെ ബാൻഡും ഉണ്ടായിരുന്നു. ബഡ്‌സ് സ്‌കൂൾ വിദ്യാർഥികളെ നിറഞ്ഞ കയ്യടികളോടെയും സ്‌നേഹത്തോടെയുമാണ് കാണികൾ വരവേറ്റത്. തുടർന്ന്, ദേശഭക്തിഗാനം, ബാൻഡ് മേളം, റോൾ പ്ലേ തുടങ്ങിയ കലാപരിപാടികളും അരങ്ങേറി.

Tags