ചാൽ ബീച്ചിലെ വികസന സാധ്യതകൾ പരിശോധിക്കും; മന്ത്രി മുഹമ്മദ് റിയാസ്

Minister Mohammad Riyas said that he will examine the development possibilities of Chal Beach
Minister Mohammad Riyas said that he will examine the development possibilities of Chal Beach

കണ്ണൂർ: ബ്ലൂ ഫ്ലാഗ് ലഭിച്ച അഴീക്കോട് ചാൽ ബീച്ചിൽ കൂടുതൽ വികസന പ്രവർത്തനങ്ങൾക്കുള്ള സാധ്യത സർക്കാർ പരിശോധിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. നവീകരിച്ച ചിറക്കൽ പഞ്ചായത്ത്- ചിറ- ചിറക്കൽ രാജാസ് ഹൈസ്കൂൾ റോഡ്  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ചാൽ ബീച്ചിന് ബ്ലൂ ഫ്ലാഗ് ലഭിച്ചത് സന്തോഷകരമാണെന്നും മന്ത്രി പറഞ്ഞു.

2016 ന് ശേഷം പശ്ചാത്തല സൗകര്യ വികസന രംഗത്ത് സംസ്ഥാനം അഭൂതപൂർവ്വമായ മുന്നേറ്റമാണ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. കിഫ്ബി എന്ന സംവിധാനം വന്നതോടുകൂടി കേരളത്തിന്റെ മുക്കിലും മൂലയിലും പുതിയ റോഡുകളും പാലങ്ങളും കെട്ടിടങ്ങളും വരുന്ന സ്ഥിതിയാണ്. കണ്ണൂർ ജില്ലയിലും ഇത്തരത്തിലുള്ള വികസന പ്രവർത്തനങ്ങൾ കാണാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.

ചിറക്കൽ രാജാസ് കാൻ്റീന് സമീപം നടന്ന ചടങ്ങിൽ കെ. വി. സുമേഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രത്നകുമാരി, ചിറക്കൽ കോവിലകം വലിയ രാജ സി.കെ. രാമവർമ്മ രാജ എന്നിവർ മുഖ്യാതിഥികളായി. പി.ഡബ്ല്യൂ.ഡി റോഡ്സ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ എം ജഗദീഷ് റിപ്പോർട്ട് അവതരിപ്പിച്ചു.

Minister Mohammad Riyas said that he will examine the development possibilities of Chal Beach

പുതിയതെരുവിൽ നിന്ന് കണ്ണൂർ നഗരത്തിലേക്ക് പെട്ടെന്ന് എത്താൻ സാധിക്കുന്ന പ്രധാന റോഡാണിത്. ചിറക്കല്‍ ബാങ്കിന്റെ എതിർവശത്തുകൂടി കടന്നുപോകുന്ന റോഡ് വഴി പുതിയതെരു ടൗണിൽ കടക്കാതെ ചിറക്കല്‍ പഞ്ചായത്ത് ഓഫിസ്, ചിറക്കല്‍ രാജാസ് സ്കൂള്‍ വഴി പള്ളിക്കുന്ന് വനിത കോളജിന് മുൻവശം എത്തിച്ചേരും. കേരള ഫോക് ലോർ അക്കാദമി, ചിറക്കൽ രാജാസ് ഹൈസ്കൂൾ, ചിറക്കൽ പഞ്ചായത്ത് ഓഫീസ് എന്നീ സ്ഥാപനങ്ങൾ ഈ റോഡരികിലാണ് സ്ഥിതി ചെയ്യുന്നത്.  

പഴയങ്ങാടി, തളിപ്പറമ്പ് ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് ഈ റോഡിലൂടെ പുതിയതെരു ദേശീയപാതയിലെ ഗതാഗതക്കുരുക്കിൽ അകപ്പെടാതെ കണ്ണൂർ നഗരത്തിലേക്ക് എത്തിപ്പെടാനാകും. 2022-23 ബജറ്റിൽ ഉൾപ്പെടുത്തി 5,26,30,000 രൂപയുടെ ഭരണാനുമതിയാണ് റോഡ് വികസനത്തിനായി 2023 ൽ അനുവദിച്ചത്.  3,51,21,115 രൂപക്കാണ് റോഡിൻ്റെ പ്രവൃത്തി ഏറ്റടുത്തത്. 3.7 മീറ്റർ മാത്രം വീതിയുണ്ടായിരുന്ന പഞ്ചായത്ത് റോഡ് 5.5. മീറ്ററാക്കി വീതികൂട്ടി. 1.61 കിലോമീറ്റർ മെക്കാഡം ടാറിംഗ് (ബി.എം ആൻ്റ് ബി.സി)ചെയ്‌ത് നവീകരിച്ചു.

റോഡ്‌ സംരക്ഷണത്തിനായി ഒരു കിലോമീറ്റർ ഓവുചാൽ സംവിധാനമൊരുക്കി. 30 മീറ്റർ കോൺക്രീറ്റ് സംരക്ഷണഭിത്തിയും ഏഴ് കൾവർട്ടുകളും നിർമ്മിച്ചു. കാൽനടയാത്രികരുടെ സുഗമസഞ്ചാരത്തിനും സുരക്ഷിതത്വത്തിനുമായി 1350 ചതുരശ്രമീറ്റർ നടപ്പാത നിർമ്മിച്ച് ടൈൽ പാകുകയും 465 മീറ്റർ കൈവരി സ്ഥാപിക്കുകയും ചെയ്‌തു. കൂടാതെ റോഡ് വികസനത്തിനായി സ്ഥലം വിട്ടു നൽകിയ 25 വ്യക്തികളുടെ ചുറ്റുമതിൽ പുനർനിർമ്മിച്ചു നൽകുകയും ചെയ്തു.

ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ടി.സരള, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.സി.ജിഷ, ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി. ശ്രുതി, വൈസ് പ്രസിഡന്റ് പി.അനിൽകുമാർ, സ്ഥിരം സമിതി അധ്യക്ഷ ടി കെ മോളി, പഞ്ചായത്ത് മെമ്പർമാരായ കെ.ലത, സുജിത്ത് കുമാർ, പി.വി സീമ , വിവിധ റസിഡൻ്റ്സ് അസോസിയേഷൻ പ്രതിനിധികളായ പി. പ്രദീപൻ, കെ.കെ. രാധാകൃഷ്ണ‌ൻ തോടെൻ മോഹനൻ, എം. വിജയൻ നമ്പ്യാർ, പി.രമേശ് ബാബു, പി.ചന്ദ്രൻ, പി.ഒ. ചന്ദ്രമോഹനൻ, പി. മഹമ്മൂദ് ഹാജി, സി.കെ. സുരേഷ് വർമ്മ എന്നിവർ സംസാരിച്ചു.

Tags