ചൊർക്കള-മയ്യിൽ-കൊളോളം എയർ പോർട്ട് ലിങ്ക് റോഡ് ടെൻഡർ നടപടികൾ ഡിസംബറിൽ

link highway meeting

തളിപ്പറമ്പ്: ചൊർക്കള-മയ്യിൽ-കൊളോളം എയർ പോർട്ട് ലിങ്ക് റോഡ് ടെൻഡർ നടപടികൾ ഡിസംബറിൽ നടക്കുന്ന നിലയിൽ പ്രവർത്തനങ്ങൾ വേഗത്തിലാക്കും. ഇതുസംബന്ധിച്ച് എം വി ഗോവിന്ദൻ എംഎൽഎ വിളിച്ചു ചേർത്ത യോഗത്തിലാണ് പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദേശിച്ചത്.
 
ചൊർക്കള മുതൽ ചാലോട് വരെയുള്ള ഒന്നാമത്തെഭാഗവും, തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ മുതൽ - സർ സയ്യിദ്കോളേജ്- ഭ്രാന്തൻ കുന്ന് വരെയുള്ള രണ്ടാമത്തെ ഭാഗവും ഉൾപ്പെടെ റോഡിന് 25.25 കിലോമീറ്റർ നീളമാണ്. 291. 63 കോടി രൂപയുടെ പദ്ധതി കേരള റോഡ് ഫണ്ട് ബോർഡാണ് നടപ്പാക്കുന്നത്. 19(1) നോട്ടിഫിക്കേഷന് ആവശ്യമായ പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത്.

ഏറ്റെടുക്കുന്ന ഭൂമിയിലെ കെട്ടിടങ്ങളുടെ വിലനിർണയം ആഗസ്തിൽ പൂർത്തിയാക്കുമെന്ന് കെ ആർ എഫ് ബി പ്രതിനിധികൾ യോഗത്തിൽ അറിയിച്ചു. കാർഷിക വിളകളുടെ വിലനിർണയവും പുരോഗമിക്കുന്നതായി കൃഷി വകുപ്പും വൈദ്യുതി തൂണുകൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി കെ എസ് ഇ ബി അധികൃതരും അറിയിച്ചു. മൺസൂൺ കഴിയുന്നതോടെ പൈപ്പ് മാറ്റിയിടൽ പൂർത്തിയാക്കുമെന്ന ജല അതോറിറ്റി അറിയിച്ചു.

തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ മുതൽ -സർ സയ്യിദ്കോളേജ്-ഭ്രാന്തൻ കുന്ന് വരെയുള്ള ഭാഗത്തെ ഭൂമി വിട്ടുകിട്ടാനുള്ള നടപടികൾ വേഗത്തിലാക്കാനും എംഎൽഎ നിർദ്ദേശിച്ചു. ഇതിനായി സ്ഥലം വിട്ടു നൽകുന്നവരുടെ യോഗം വിളിച്ചു ചേർക്കും. പ്രവർത്തനങ്ങൾ  കെ ആർ എഫ് ബി എക്സിക്യൂട്ടീവ് എൻജിനിയർ ഏകോപിപ്പിക്കും.
  
യോഗത്തിൽ നഗരസഭാ ചെയർമാൻ മുർഷിദ കൊങ്ങായി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി എം കൃഷ്ണൻ സ്വാഗതം പറഞ്ഞു. ആന്തൂർ നഗരസഭാ ചെയർമാൻ പി മുകുന്ദൻ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Tags