മാതമംഗലം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം: ആദ്യദിനം തന്നെ ഒഴുകിയെത്തി നിരവധി ഭക്തജനങ്ങൾ..


മാതമംഗലം: മാതമംഗലം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിന് തുടക്കമായി. ആദ്യദിനം തന്നെ നിരവധി ഭക്തജനങ്ങളാണ് ഭഗവതിയുടെ അനുഗ്രഹം തേടി ക്ഷേത്ര സന്നിധിയിലെത്തിയത്. മുച്ചിലോട്ടു ഭഗവതിയുടെ ഉച്ചത്തോറ്റവും അന്തിത്തോറ്റവും നെയ്യാട്ടവും മറ്റു തെയ്യങ്ങളുടെ തോറ്റംവരവും കാണാനും അനേകരെത്തി.
ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലായിരുന്നു മാതമംഗലം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിന് തുടക്കമായത്. ശനിയാഴ്ച പുലർച്ചെ തന്ത്രി ഇടവലത്ത് പുടയൂർ മനയ്ക്കൽ കുബേരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ ഗണപതി ഹോമവും ക്ഷേത്രം വാല്യക്കാരുടെ കലശംകുളിയും തിരുമുറ്റത്ത് വെള്ളോല കുടവയ്പ് , ഭഗവതിയുടെ തോറ്റത്തിനുള്ള പീഠം ഏറ്റുവാങ്ങൽ എന്നിവയും നടന്നു.
ശേഷം തൃപ്പുന്നിക്കുന്ന് മഹാ ദേവ ക്ഷേത്രത്തിൽനിന്നും ദീപവും തിരിയും കൊണ്ടുവന്നു കുഴിയടുപ്പിൽ തീപൂട്ടൽ ചടങ്ങ് നടത്തി. തുടർന്ന് മുച്ചിലോട്ടമ്മയുടെ ഉച്ചത്തോറ്റവും നെയ്യാട്ടവും ഉണ്ടായി. ഇതിനുപിന്നാലെ വെള്ളാട്ടങ്ങളും വിവിധ തെയ്യങ്ങളുടെ തോറ്റങ്ങളും അരങ്ങിലെത്തി.

ഇന്ന് പുലർച്ചെ പൊന്നുന്നൻ തൊണ്ടച്ചൻ ദൈവം പുറപ്പാട്, തുടർന്ന് മുച്ചിലോട്ടു ഭഗവതിയുടെ നേർചങ്ങാതി കണ്ണങ്ങാട്ട് ഭഗവതിയുടെ പുറപ്പാട് എന്നിവയും നടന്നു. തുടർന്ന് പുലിയൂർ കാളി, വിഷ്ണു മൂർത്തി, മടയിൽ ചാമുണ്ഡി, കുണ്ടോർചാമുണ്ഡി തുടങ്ങിയ തെയ്യങ്ങളും കെട്ടിയാടി. വൈകിട്ട് 3ന് മുച്ചിലോട്ട് ഭഗവതിയുടെ ഉച്ചത്തോറ്റം, നെയ്യാട്ടം, 5ന് പുലിയൂർ കണ്ണൻ വെള്ളാട്ടം, 6ന് തൊണ്ട ച്ചൻ വെള്ളാട്ടം, 6.30ന് തായപര ദേവത തോറ്റം, 7 മുതൽ 10 മണി വരെ അന്നദാനം, 9ന് അന്തിതോറ്റം, 10ന് മുവർ തോറ്റം, തുടർന്ന് വിവിധ തെയ്യങ്ങളുടെ തോറ്റവും ഉണ്ടാകും.
അതേസമയം സാംസ്‌കാരിക സമ്മേളനം ടി.ഐ മധുസൂദനൻ എം എൽ എ ഉദ്‌ഘാടനം ചെയ്യും. കണ്ണൂർ സിറ്റി അഡീഷണൽ എസ്. പി കെ. വി വേണുഗോപാലൻ, ബാലതാരം ശ്രീപദ് എന്നിവർ മുഖ്യാഥിതികളാകും. തുടർന്ന് നടി രമ്യാ നമ്പീശൻ നയിക്കുന്ന മ്യൂസിക് ലൈവ് അരങ്ങേറും.