കുട്ടികൾക്ക് ഇന്‍റർനെറ്റ് ഉപയോഗിക്കുന്നതിന് പരിധി നിശ്ചയിക്കണം : അഡീഷണൽ എസ്പി കെ.വി വേണുഗോപാൽ


ചക്കരക്കൽ : അണുകുടുംബ കാലഘട്ടത്തിൽ കുട്ടികളുടെ എണ്ണം രണ്ടായതോടെ രക്ഷിതാക്കൾ അവരെ സ്നേഹിച്ചു കൊല്ലുകയാണെന്ന് കണ്ണൂർ അഡീഷണൽ ജില്ലാ പോലീസ് മേധാവി കെ.വി. വേണുഗോപാൽ പറഞ്ഞു.
മക്കൾക്ക് ഒരു കുറവും വരുത്തരുതെന്ന ചിന്തയിൽ ഏറ്റവും പുതിയ ഫോണുകളും ബൈക്കുകളും വാങ്ങി നൽകുമ്പോൾ അത് വലിയ ദുരന്തത്തിലേക്ക് വഴിവയ്ക്കുമെന്ന ചിന്ത രക്ഷിതാ ക്കളിൽ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. വിബ്ജ്യോർ റസിഡന്‍റ്സ് അസോസിയഷന്‍റെ മൂന്നാം ജന്മദിനത്തോടനുബന്ധിച്ച് കാപ്പാട്ടിൽ സംഘടിപ്പിച്ച 'കൈവിട്ടു പോകുന്ന യുവത്വം' എന്ന വിഷയ ത്തിൽ സംസാരിക്കുകയായിരുന്നു അഡീഷണൽ എസ്പി.
രക്ഷിതാക്കളും മക്കളും എല്ലാം തുറന്നു സംസാരിക്കുന്ന സാഹചര്യം ഉണ്ടാകണം. എത്ര തിരക്കുണ്ടായാലും മക്കളെ സ്നേഹിക്കാനുള്ള സമയം രക്ഷിതാക്കൾ കണ്ടെത്തേണ്ടതുണ്ട്. സംസാരം കുറയുന്പോഴാണ് സ്നേഹവും സൗഹൃദവും നഷ്ടപ്പെടുന്നത്. മക്കളോട് നേരിട്ട് സംവദിക്കാനുള്ള സാഹചര്യം ഉണ്ടാകണം. നമ്മുടെ മക്കൾ രാവിലെ സ്കൂളിലക്കുപോയ അതേ മനോഭാവത്തിൽ തന്നെയാണോ വൈകുന്നേരം തിരിച്ചുവരുന്നത്, സ്വഭാവ രീതിയിൽ വലിയ മാറ്റം ഉണ്ടോ എന്ന് തിരിച്ച റിയാൻ രക്ഷിതാക്കൾക്ക് സാധിക്കണം.
ഉണ്ടെങ്കിൽ അവർക്ക് കൗൺസിലിംഗ് അടക്കം ലഭ്യമാക്കണം. വേണ്ടി വന്നാൽ അവരുടെ ബാഗുകൾ പോലും പരിശോധിക്കണമെന്നും അഡീഷണൽ എസ്പി പറഞ്ഞു.
മക്കളുടെ മൊബൈൽ, ഇന്‍റർനെറ്റ് എന്നിവയുടെ ഉപയോഗത്തിന് പരിധി നിശ്ചയിക്കണം. മൊബൈൽ ഫോൺ അഡിക്ഷനിലേക്ക് അവരെ കൊണ്ടുചെന്നെത്തിക്കരുത്. അപരിചിതരുമായി കൂട്ടുകൂടാനുള്ള സാഹചര്യം പൂർണമായും ഒഴിവാക്കണം. ബാങ്ക് അക്കൗണ്ട് പോലും വാടകയ്ക്ക് നൽകുന്ന കാലത്താ ണ് നമ്മൾ ജീവിക്കുന്നതെന്ന ബോധം ഓരോ വ്യക്തികൾക്കും ഉണ്ടാകണം. അപരിചിതരുടെ ഫോൺ, വീഡിയോ കോളുകൾ പൂർണമായും ഒഴിവാക്കണം. ഫോണുകളിൽ വരുന്ന പ്രലോഭന സന്ദേശ ങ്ങളിൽ ആരും വീഴാതെ ശ്രദ്ധിക്കണം.

സ്കൂൾ വിദ്യാർഥികൾ പോലും പോക്കറ്റു മണിക്കുവണ്ടി സ്വന്തം പേരിൽ സിം കാർഡെടുത്ത് അത് മറിച്ചുവില്ക്കുന്ന പ്രവണത വ്യാപകമാണ്. ഇത് ഭാവിയിൽ അവർക്കു തന്നെ വലിയ കുരുക്കായി മാറുമെന്നും വേണുഗോപാൽ മുന്നറിപ്പു നല്കി. സി.പി. മനോജ്, എം.അനീഷ്, പി.പി. പ്രഭാകരൻ, കെ. ശൈലജ, സി.പി. ജയകുമാർ, ഉഷാഭായ്, അജിത എന്നിവർ പ്രസംഗിച്ചു. ജന്മദിന കേക്ക് മുറിയും കുടുംബാംഗങ്ങളുടെ വിവിധ കായിക മത്സരങ്ങളും നടന്നു.