കുവൈറ്റിൽ ജോലി ചെയ്തിരുന്ന മകനെ കള്ളക്കേസിൽ കുടുക്കിയതായി ഉമ്മയുടെ പരാതി
കണ്ണൂർ: മൂന്ന് വർഷത്തെ എംപ്ളോയ്മെൻ്റ് കോൺട്രാക്റ്റിൽ ജോലി ചെയ്തു വരികയായിരുന്ന തൻ്റെ മകനെ കുവൈറ്റിൽ കള്ള കേസ് കൊടുത്ത് പീഡിപ്പിക്കുന്നതായി ഉമ്മ ചൊക്ളി സ്വദേശിനി ബി.ആമിന കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 2022 ജൂൺ 16ന് കുവൈറ്റിലേക്ക് ജോലി ആവശ്യാർത്ഥം പോയ മകൻ ഫിറോസിനെതിരെ മലയാളിയുടെ ഉടമസ്ഥതയിലുള്ള കുവൈറ്റിലെ ഒരു മെഡിൽ ക്ളീനിക്കായ മെട്രോ മെഡിക്കൽ ഗ്രൂപ്പിൻ്റെ സി.ഇ.ഒയായ മുസ്തഫ ഹംസയാണ് കള്ള കേസ് കൊടുത്തത്.
ജോലി ചെയ്യുന്ന സമയത്ത് അവൻ അവിടെ നിന്നും ഒളിച്ചോടിയെന്ന കള്ളക്കേസ് ഫിറോസിൻ്റെ പേരിൽ കൊടുത്തും 300 കുവൈറ്റ് ദിനാർ കമ്പനിക്ക് കൊടുക്കണമെന്ന് ആവശ്യപെട്ട് വേറൊരു കള്ളക്കേസും കൂടി കൊടുത്തിരിക്കുകയാണ്. കുവൈറ്റിൽ നിന്ന് നാട്ടിലേക്ക് വരാനോ അവിടെ ഇനി ഒരു ജോലി ചെയ്യാനോ പറ്റാത്ത തരത്തിൽ മകൻ കൊടും ദുരിതത്തിലായിരിക്കുകയാണ്. ഒരു വർഷത്തോളം കുടുങ്ങിയ ഫിറോസിനെ മോചിപ്പിക്കുന്നതിനായി എം.പി ക്കും കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർക്കും പരാതി നൽകുമെന്ന് ബി.ആമിന പറഞ്ഞു. ഫിറോസിൻ്റെ സഹോദരിയുടെ മകനായ ഷാരിഖ് ദിൽഷാദും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.