കനിവായി കാക്കി; വാഹനമിടിച്ചു കിടന്ന തെരുവ് നായക്ക് തുണയായി കേരളാ പൊലിസ്
കണ്ണൂർ: റോഡരികിൽ വാഹനമിടിച്ചു അതീവ ഗുരുതരാവസ്ഥയിൽ കിടന്ന തെരുവു നായക്ക് കാരുണ്യവുമായി കേരളാ പൊലിസെത്തി. വ്യാഴാഴ്ച്ച രാവിലെയാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫിസിനു മുൻപിൽ അത്രയൊന്നും പ്രായമില്ലാത്ത തെരുവുനായയെ തല മാത്രം ഉയർത്താൻ കഴിയുന്ന അവസ്ഥയിൽ കണ്ടെത്തിയത്. ഇതു ശ്രദ്ധയിൽപ്പെട്ട തൊട്ടടുത്ത കണ്ണൂർ ടൗൺ പൊലിസ് സ്റ്റേഷനിലെ പൊലിസുകാർ തിരക്കിനിടെയിലും ഇവിടേക്ക് വരികയായിരുന്നു.
ചുട്ടുപൊള്ളുന്ന വെയിലിൽ അവശനിലയിലായ നായക്ക് പൊലിസുകാർ വെള്ളം നൽകുകയും കഴിക്കാൻ ബിസ്കറ്റ് വാങ്ങി നൽകുകയായിരുന്നു. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് മൃഗാശുപത്രിയിൽ നിന്നും വനിതാഡോക്ടറെത്തുകയും നായയെ പരിശോധിക്കുകയും ചെയ്തു. ഇഞ്ചക്ഷൻ നൽകി മയക്കിയതിനു ശേഷം കണ്ണൂർ താണയിലെ മൃഗസംരക്ഷകനായ രാജീവനെ വിളിച്ചു വരുത്തുകയും നായയെ കൂടുതൽ ചികിത്സയ്ക്കായി കണ്ണൂർ മൃഗാശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. പൊലിസുകാരുടെ തക്ക സമയത്തുള്ള ഇടപെടലാണ് മിണ്ടാപ്രാണിക്ക് തുണയായത്. സ്റ്റേഷൻ പരിസരത്തും കലക്ടറേറ്റ് വളപ്പിലും കാണുന്ന നായക്കാണ് വാഹനമിടിച്ച് ഗുരുതരമായി പരുക്കേറ്റത്.