ദുരന്തങ്ങളും അപകട മരണങ്ങളും തടയാൻ ജാഗ്രതാ സമിതികൾ സജീവമാക്കണം: കരീം ചേലേരി

cheleri

കാലവർഷം ശക്തി പ്രാപിക്കുകയും ദുരന്തങ്ങളും അപകട മരണങ്ങളും കൂടി വരികയും ചെയ്യുന്ന സാഹചര്യത്തിൽ പോലീസ് സ്റ്റേഷനുകളും തദ്ദേശ ഭരണ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചു രൂപീകൃതമായ ജാഗ്രത സമിതികളുടെ പ്രവർത്തനങ്ങൾ സജീവമാക്കാൻ ജില്ലാ ഭരണകൂടം മുൻകൈ എടുക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി ആവശ്യപ്പെട്ടു.

മഴ വെള്ളപ്പാച്ചലിൽ പൂനെയിൽ മനുഷ്യജീവനുകൾ ഒലിച്ചു പോകുന്ന ഞെട്ടിപ്പിക്കുന്ന രംഗം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് ജില്ലയിലെ പടിയൂരിൽ രണ്ട് കോളജ് വിദ്യാർത്ഥിനികൾ പുഴയിലിറങ്ങി അപകടത്തിൽ പെട്ട വാർത്ത വരുന്നത്. രണ്ട് ദിവസം മുമ്പാണ് മാച്ചേരിയിൽ രണ്ട് സ്കൂൾ വിദ്യാർത്ഥികൾ കുളത്തിൽ മുങ്ങി മരണപ്പെട്ടത്. കേവലം രണ്ടാഴ്ച മുമ്പാണ് പാവന്നൂർ കടവിൽ മൂന്ന് വിദ്യാർത്ഥികൾ പുഴയിൽ വീണ് മരിച്ചത്. ദിനേനയെന്നോണം നടുക്കുന്ന അപകട മരണങ്ങളുടെ വാർത്തകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. കുട്ടികളിലും വിദ്യാർത്ഥികളിലും കൃത്യമായ ബോധവത്കരണം നടത്തണം. അതിന് സ്കൂളുകളും കലാലയങ്ങളും കേന്ദ്രീകരിച്ച് ജാഗ്രതാ സമിതികൾ രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പടിയൂരിൽ വിദ്യാർത്ഥികൾ അപകടത്തിൽ പെട്ട സ്ഥലം അബ്ദുൽ കരീം ചേലേരി സന്ദർശിച്ചു. ജില്ലാ സെക്രട്ടരി സി.കെ. മുഹമ്മദ്, ഇരിക്കൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി. ഫാത്തിമ എന്നിവരും കൂടെയുണ്ടായിരുന്നു.

Tags