തൊഴില്‍ സമയം വര്‍ദ്ധിപ്പിക്കുവാനുള്ള ശ്രമത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് വര്‍ക്കിങ്ങ് വിമന്‍സ് ഫോറം കണ്ണൂർ ജില്ലാ സമ്മേളനം

uui
uui

കണ്ണൂര്‍ : കോര്‍പ്പറേറ്റ് തലവന്‍മാര്‍ക്ക് കൊള്ളലാഭം ഉണ്ടാക്കി കൊടുക്കുന്നതിന് വേണ്ടി   കേന്ദ്രസര്‍ക്കാര്‍ തൊഴില്‍സമയം വര്‍ദ്ധിപ്പിക്കുവാന്‍ നടത്തുന്ന ശ്രമത്തില്‍ നിന്നും പിന്‍വാങ്ങണമെന്ന് വര്‍ക്കിങ്ങ് വിമന്‍സ് ഫോറം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

 ജീവനക്കാര്‍ ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലി ചെയ്യണമെന്ന എല്‍ എന്‍ ഡി ചെയര്‍മാന്‍ എസ് എന്‍ സുബ്രഹ്മണ്യന്റെ പരാമര്‍ശത്തില്‍ സമ്മേളനം ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. സമ്മേളനം വര്‍ക്കിങ്ങ് വിമന്‍സ് ഫോറം സംസ്ഥാന സെക്രട്ടറി കെ മല്ലിക ഉദ്ഘാടനം ചെയ്തു. സ്ത്രീകൾ ശക്തമായ ഇചഛാശക്തിയോടെ പ്രവർത്തിച്ചെങ്കില്‍ മാത്രമെ  മുന്നേറാൻ സാധിക്കുകയുള്ളു . സ്ത്രീകൾക്ക് കൂടുതൽ അവസരങ്ങൾ ലഭ്യമാക്കുക,   സുരക്ഷിതമായി തൊഴില്‍ ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കുക തുടങ്ങിയ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങള്‍ സംഘടന ഉന്നയിച്ചിട്ടുമുണ്ട്, പല കാര്യങ്ങള്‍ നേടിയെടുക്കാന്‍ സംഘടനയ്ക്ക് സാധിച്ചിട്ടുമുണ്ട്. സ്ത്രീ തൊഴിലാളികളുടെ പ്രശ്നങ്ങളുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അനുകൂലമായ നിലപാട് സ്വീകരിക്കുന്ന ഇടതുസര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന ബോധ്യമുള്ളത് കൊണ്ട് തന്നെയാണ് നിരവധി ആവശ്യങ്ങളുന്നയിച്ച് കൊണ്ട് തൊഴിലാളികള്‍ സമരരംഗത്തിറങ്ങുന്നത്.

അത് ഭരണത്തോടുള്ള വിയോജിപ്പ് കൊണ്ടല്ല,  ഭരണകൂടം അത്തരം പ്രശ്നങ്ങളോട് മുഖം തിരിക്കില്ലെന്ന വിശ്വാസമുള്ളത് കൊണ്ടാണെന്നും കെ മല്ലിക പറഞ്ഞു. ഏത് മേഖലയിലോ തസ്തികയിലോ പ്രവര്‍ത്തിക്കുന്നവരാണെങ്കിലും പൊതുജനങ്ങള്‍ക്കിടയില്‍ വളരെ നല്ല രീതിയില്‍ ഇടപെടാന്‍ നമ്മുക്ക് സാധിക്കണമെന്നും സംഘടനാപരമായി ഒന്നിച്ച് നില്‍ക്കണമെന്നും അവര്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ടി കെ സീന അധ്യക്ഷയായി.

സെക്രട്ടറി എന്‍ ഉഷ സ്വാഗതം പറഞ്ഞു. സി പി ഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാര്‍, എഐടിയു സി ജില്ലാ സെക്രട്ടറി കെ ടി ജോസ്, മണ്ഡലം സെക്രട്ടറി എം അനില്‍കുമാര്‍,  വര്‍ക്കിങ്ങ് വിമന്‍സ് ഫോറം ജില്ലാ ജോയിന്റ് സെക്രട്ടറി കെ എം സപ്ന എന്നിവര്‍ സംസാരിച്ചു. എം ടി രൂപ, ടി പ്രീത സംബന്ധിച്ചു. കെ എം സജിത നന്ദി പറഞ്ഞു.

ഭാരവാഹികള്‍:  ടി കെ സീന(പ്രസിഡന്റ്), കെ എം സപ്ന, ഡോ, ഷാനി, വി പി ബിജിത(വൈസ് പ്രസിഡന്റുമാര്‍), എന്‍ ഉഷ(സെക്രട്ടറി), കെ കെ ദീപ, എം ടി രൂപ,  ബീന കൊരട്ടി(ജോയിന്റ് സെക്രട്ടറിമാര്‍), കെ എം സജിത(ട്രഷറര്‍).

Tags