ബീനയെ അപകട മരണം തട്ടിയെടുത്തത് മകൻ്റെ വിവാഹത്തിനുള്ള ഒരുക്കത്തിനിടെ; ശോകമൂകമായി ഉളിക്കൽ ഗ്രാമം
ഇരിട്ടി: ബീനയെ അപകട മരണം തട്ടിയെടുത്തത് മകൻ്റെ വിവാഹത്തിനുള്ള ഒരുക്കത്തിനിടെ, ശോകമൂകമായി ഉളിക്കൽ കാലാങ്കിയിലെ വിവാഹ വീട്. ആഹ്ളാദാരവങ്ങൾ ഉയരേണ്ട വിവാഹ വീട്ടിൽ തളം കെട്ടിനിന്നത് മരണവാർത്തയറിഞ്ഞുള്ള നിശബ്ദതയാണ്. മകൻ്റെ വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടത്തിവരുന്നതിനിടെയാണ് ഉളിക്കൽ കലാങ്കി കയ്യോന്ന് പാറയിലെ കെ.ടി ബീനയെയും (48) ഭർത്താവിൻ്റെ സഹോദരി പുത്രനായ ലിജോയെയും മരണം വാഹനാപകടത്തിൻ്റെ രൂപത്തിൽ പുലർകാലെ തട്ടിയെടുത്തത്.
ബീനയുടെ മകൻ ആൽബിൻ്റെ വിവാഹത്തോടനുബന്ധിച്ചായിരുന്നു അപകടത്തിൽ മരിച്ച ലിജോ (37) മംഗ്ളൂരിൽ നിന്നും ഉളിക്കലിൽ എത്തിയത്. മരിച്ച ബീനയുടെയും പരുക്കേറ്റ തോമസിൻ്റെയും ഏക മകനായ ആൽബിൻ്റെ വിവാഹവുമായി ബന്ധപ്പെട്ട വസ്ത്രങ്ങൾ എർണാകുളത്ത് പോയി വാങ്ങി മടങ്ങിവരുന്നതിനിടെയാണ് ഇവർ സഞ്ചരിച്ച കാർ നിർത്തിയിട്ട സ്വകാര്യ ബസിൻ്റെ പുറകിലിടിച്ച് തകർന്നത്. ആലപ്പുഴ സ്വദേശിനിയുമായി ഈ മാസം 18 ന് കല്യാണം നിശ്ചയിച്ചതായിരുന്നു.
തലശേരി - വളവു പാറ റോഡ് നവീകരണത്തിന് ശേഷമാണ് ഇവിടെ അപകടങ്ങൾ പെരുകിയത്. കൊടുംവളവും ഇറക്കവും വാഹനങ്ങളുടെ അമിത വേഗതയുമാണ് അപകടത്തിന് ഇടയാക്കുന്നതെന്നാണ് പ്രദേശവാസികൾ ചൂണ്ടികാണിക്കുന്നത്.