കണ്ണൂർ തളാപ്പിലെ വീട് കുത്തി തുറന്ന് സ്വർണവും പണവും കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ
കണ്ണൂർ: കണ്ണൂർ നഗരത്തിലെ തളാപ്പ് കോട്ടമ്മാർ മസ്ജിദ് റോഡിലെ പൂട്ടിയിട്ട വീട്ടിൽ നിന്നും സ്വർണവും പണവും കവർന്ന കേസിൽ രണ്ടു പേർ അറസ്റ്റിൽ 'അഴിക്കോട് ഉപ്പായിച്ചാലിലെ റനിസെന്ന ബദർ, എ.വി അബ്ദുൾ റഹീം എന്നിവരാണ് അറസ്റ്റിലായത്.
കേസിലെ മറ്റൊരു പ്രതി അഴിക്കൽ ചാൽ സ്വദേശി ധനേഷ് ഗൾഫിലേക്ക് കടന്നതായി പൊലിസിന് വിവരം ലഭിച്ചു. കവർച്ച നടത്താൻ കോട്ടമ്മാർ കണ്ടിയിലെ വീട് കാണിച്ചു കൊടുത്തത് വീട്ടുടമയുടെ അടുത്ത ബന്ധുവായ റഹീമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
കണ്ണൂർ എ.സി.പി ടി.കെ രത്നകുമാർ, കണ്ണൂർ ടൗൺ പൊലിസ് ഇൻസ്പെക്ടർ ശ്രീജിത്ത് കോടെരി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തെ തുടർന്നാണ് പ്രതികൾ കുടുങ്ങിയത്. തളാപ്പ്കോട്ടമ്മാർ മസ്ജിദിന് സമീപമുള്ള ഉമയ്യാമി ഹൗസിൽ പ്രവാസിയായ പി.നജീറിൻ്റെ പൂട്ടിയിട്ട വീട്ടിൽ നിന്നാണ് ലോക്കറിൽ സൂക്ഷിച്ച 12 പവൻ സ്വർണ നാണയങ്ങളും രണ്ടു പവൻ മാലയും 88000 രൂപയും മോഷണം പോയത്.
വിദേശത്തുനിന്നും ഒരു സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് നജീർ നാട്ടിലെത്തിയത്. വിവാഹത്തിൽ പങ്കെടുത്തതിനു ശേഷം ഡിസംബർ 30 ന് പുലർച്ചെ വീട്ടിലെത്തിയപ്പോഴാണ് മുൻവശത്തെ വാതിൽ തകർത്ത് മോഷണം നടന്നതായി അറിയുന്നത്.