കണ്ണൂർ റെയിൽവെ ഫൂട് ഓവർബ്രിഡ്ജ് നിർമ്മാണം; സമരപ്രഖ്യാപനവുമായി ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു


കണ്ണൂർ: കണ്ണൂർ റെയിൽവേ മേൽ നടപ്പാത പുനർ നിർമ്മാണത്തിന് അധികാരികൾ കാണിക്കുന്ന അനാസ്ഥക്കെതിരെ സമരപരമ്പര നടത്തുന്നതിന് കോർപ്പറേഷൻ്റെ നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റി രൂപീകരണ യോഗം തീരുമാനിച്ചു. മേയർ മുസ്ലിഹ് മഠത്തിൽ യോഗം ഉദ്ഘാടനം ചെയ്തു. പഴയ ബസ്റ്റാൻ്റ് ഭാഗത്ത് നിന്നും മുനീശ്വരൻ കോവിൽ ഭാഗത്തേക്ക് എളുപ്പത്തിൽ എത്തിച്ചേരുന്നതിനുളള ജനങ്ങളുടെ ഏക ആശ്രയമാണ് തടയപ്പെട്ടിരിക്കുന്നത്.
റിപ്പയറിംഗ് എന്ന നിലയിലാണ് ആരംഭിച്ചതെങ്കിലും സുരക്ഷിതമല്ല എന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ മുഴുവൻ പൊളിച്ച് നീക്കി പുതുതായി നിർമ്മിക്കണമെന്ന തീരുമാനത്തിൽ എത്തുകയായിരുന്നു. എന്നാൽ ഇത് സംബന്ധിച്ച നടപടി ക്രമങ്ങളൊന്നും ഇതുവരെയായി ആരംഭിച്ചിട്ടുമില്ല. ഈ നടപ്പാത ഇല്ലാത്തതിനാൽ ജനങ്ങൾ അനുഭവിക്കുന്ന കഷ്ടതകൾ കണ്ടില്ലെന്ന് നടിക്കുന്ന റെയിൽവെ അധികൃതരുടെ അനാസ്ഥക്കെതിരെ ശക്തമായ സമരപരിപാടികൾ ആരംഭിക്കുന്നതിനാണ് തീരുമാനം.
സമരപരിപാടികളുടെ മുന്നോടിയായി ആക്ഷൻ കമ്മിറ്റി പാലക്കാട് ഡിവിഷണൽ മാനേജരെ നേരിൽ കണ്ട് സംസാരിക്കുന്നതിനും നിവേദനം നൽകുന്നതിനും തീരുമാനിച്ചു. കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ ചെയർമാനും വാർഡ് കൗൺസിലർ സുരേഷ് ബാബു എളയാവൂർ കൺവീനറുമായി 101 അംഗ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കെ സുധാകരൻ എം.പി, ജില്ലയെ പ്രതിനിധികരിക്കുന്ന മറ്റ് എം.പിമാർ, മുഖ്യ രക്ഷാധികളായും, എം എൽ എ മാർ, രാഷ്ട്രീയ പാർട്ടികളുടെ ജില്ലാ അദ്ധ്യക്ഷന്മാർ എന്നിവരെ രക്ഷാധികാരികളായും തെരഞ്ഞെടുത്തു.

വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, തൊഴിലാളി സംഘടന നേതാക്കൾ, വ്യാപാരി സംഘടന പ്രതിനിധികൾ, കൗൺസിലർമാർ എന്നിവർ പങ്കെടുത്തു. ഡെപ്യൂട്ടി മേയർ പി. ഇന്ദിര അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷൻമാരായ പി. ഷമീമ ടീച്ചർ, വി.കെ ശ്രീലത, സിയാദ് തങ്ങൾ, ഷാഹിന മൊയ്തിൻ, സുരേഷ് ബാബു എളയാവൂർ , എം പ്രകാശൻ മാസ്റ്റർ, വെളോറ രാജൻ, റഷീദ് കവ്വായി, മനോഹരൻ സി, ,.കെ.വി. സലീം, വി.രാജേഷ് പ്രേം എന്നിവർ സംസാരിച്ചു.