കണ്ണൂരിൽ പതിമൂന്ന് വയസുകാരനെ അടിച്ചു വീഴ്ത്തി മോഷണശ്രമം: പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി
കൂത്തുപറമ്പ്: മാങ്ങാട്ടിടം കോയിലോട് പതിമൂന്ന് വയസുകാരനെ അടിച്ചു വീഴ്ത്തി വീട്ടിൽ മോഷണശ്രമം നടത്തിയ സംഭവത്തിൽ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി. കോയിലോട് ജുമാ മസ്ജിദിന് സമീപത്തെ ഷമീദിൻ്റെ ഹെവൻ മൻസി ലി ലാണ് തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെ മോഷണശ്രമം നടത്തിയത്.
ഷമീദിൻ്റെ എട്ടാം ക്ളാസിൽ പഠിക്കുന്ന മകൻ ഫഹദ് പകൽ ഒരു മണിയോടെ സ്കൂൾ വിട്ട് വീട്ടിലെത്തിയപ്പോഴാണ് അകത്ത് കയറി ഒളിച്ചിരുന്ന മോഷ്ടാവ് അടിച്ചു വീഴ്ത്തിയത്. കൈക്ക് സാരമായി പരുക്കേറ്റ കുട്ടിക്ക് ബോധം നഷ്ടപ്പെട്ടിരുന്നു. വൈകിട്ട് മൂന്നേ കാലിന് ബോധം തിരിച്ചു കിട്ടിയ കുട്ടി അടുത്ത വീട്ടിലെത്തി വിവരം പറഞ്ഞപ്പോഴാണ് നാട്ടുകാരറിഞ്ഞത്. ഇതിനിടയിൽ മുറിയിലുണ്ടായിരുന്ന അലമാരകളും മേശയും തകർത്ത് വസ്ത്രങ്ങളും മറ്റും വാരിവലിച്ച് എറിഞ്ഞ മോഷ്ടാവ് രക്ഷപ്പെട്ടു.
കറുത്ത പാൻ്റ്സും ഷർട്ടും കൈയ്യുറയും മാസ്കും ധരിച്ചാണ് മോഷ്ടാവ് എത്തിയതെന്ന് കുട്ടി പൊലിസിന് മൊഴി നൽകിയിട്ടുണ്ട്. കൂത്തുപറമ്പ് സി.ഐ ഹരിക്കുട്ടൻ്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിവരുന്നത്.