കണ്ണൂരിൽ ഓൺലൈൻ ട്രേഡിങ്ങിൻ്റെ മറവിൽ ഇൻകം ടാക്സ് ഓഫീസറുടെ ഒരു കോടിയിലേറെ രൂപ തട്ടിയെടുത്ത പ്രതി റിമാൻഡിൽ
ഓണ്‍ലൈന്‍ ട്രേഡിംഗ് നടത്താമെന്ന് വിശ്വസിപ്പിച്ച് ഒരു കോടി 76,000 രൂപ തട്ടിയെടുക്കുകയായിരുന്നു.
കണ്ണൂർ : ഓണ്‍ലൈന്‍ ട്രേഡിംഗിൻ്റെ മറവിൽ ഇൻകം ടാക്സ് ഓഫിസറുടെ ഒന്നേമുക്കാല്‍ കോടി തട്ടിയ കേസില്‍ ഒരാള്‍കൂടി റിമാൻഡിൽ.
ചെറുതാഴം ഏഴിലോട്ടെ റോസ് ഏയ്ഞ്ചല്‍ വില്ലയില്‍ എഡ്ഗാര്‍ വിന്‍സെന്റിനാണ്(56)പണം നഷ്ടപ്പെട്ടത്.
ഓണ്‍ലൈന്‍ ട്രേഡിംഗ് നടത്താമെന്ന് വിശ്വസിപ്പിച്ച് ഒരു കോടി 76,000 രൂപ തട്ടിയെടുക്കുകയായിരുന്നു. ഈ കേസില്‍ കോഴിക്കോട് നാദാപുരം വാണിമേല്‍ സ്വദേശി മുഹമ്മദ് ഷെരീഫ്(26)നെയാണ് കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കീര്‍ത്തിബാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
23 പ്രതികളുള്ള കേസില്‍ 10 പ്രതികളെ നേരത്തെ പോലീസ് പിടികൂടിയിരുന്നു. പിടിയിലായ ഷെരീഫിന്റെ അക്കൗണ്ടിലേക്ക് 14 ലക്ഷം രൂപയാണ് എഡ്ഗാര്‍ വിന്‍സെന്റ് അയച്ചുകൊടുത്തത്. ഉഡുപ്പിയില്‍ ഇന്‍കം ടാക്സ് ഇന്‍സ്പെക്ടറാണ് എഡ്ഗാര്‍ വിന്‍സെന്റ്. മഹാരാഷ്ട്ര നവി മുംബൈ അന്ധേരി ഈസ്റ്റിലെ ഏരീസ് മാനേജ്‌മെന്റ് കോര്‍പറേഷന്‍ ടീം ലീഡറായ ഉദയന്‍ കേജ്രിവാളിന്റെ പേരിലാണ് പരിയാരം പൊലീസ് കേസെടുത്തത്.
2024 മെയ്-29 മുതല്‍ ജൂലൈ ഒന്നു വരെയുള്ള കാലത്താണ് ഓണ്‍ലൈന്‍ ട്രേഡിംഗിനായി ഉദയന്‍ കേജ്രിവാള്‍ അഡ്മിനായ ഡബ്ല്യു.ബി-12 ഏരീസ് സ്റ്റോക്ക് പില്ലപ്പ് ഗ്രൂപ്പ് എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശപ്രകാരം പല തവണകളായി വിവിധ അക്കൗണ്ടുകളിലേക്ക് 1,00,76,000 രൂപ എഡ്ഗാര്‍ വിന്‍സെന്റ് അയച്ചുകൊടുത്തത്.
എന്നാല്‍ പിന്നീട് വിവിധ നിര്‍ദ്ദേശങ്ങള്‍ വെച്ച് പണം പിന്‍വലിക്കാന്‍ സമ്മതിക്കാതെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ ചതി ചെയ്തുവെന്നാണ് പരാതി.
ഓണ്‍ലൈന്‍ ട്രേഡിംഗിനെക്കുറിച്ച് പഠിക്കാനായി യൂട്യൂബില്‍ സെര്‍ച് ചെയ്യവെ ലഭിച്ച ഒരു ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെയാണ് തട്ടിപ്പില്‍ കുടുങ്ങിയതെന്നാണ് എഡ്ഗാര്‍ വിന്‍സെന്റ് പൊലിസിന് നല്‍കിയ മൊഴി. സംഭവത്തില്‍ 2024 ജൂലായ് 14 നാണ് പരിയാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
പരിയാരം പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.