കണ്ണൂർ കുറുമാത്തൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി മെസ്നയുടെ 'കാലം തെറ്റിയ മഴ' ഇനി പാഠപുസ്തകത്തിൽ


കണ്ണൂർ : കെ.വി. മെസ്ന രചിച്ച 'കാലം തെറ്റിയ മഴ'എന്ന കവിത സി.ബി.എസ്.ഇ. ഏഴാം ക്ലാസ് മലയാളം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി. മലബാർ എജുക്കേഷൻ ആൻറ് റിസർച്ച് സെൻ്ററാണ് മധുമൊഴി പാഠപുസ്തകം തയ്യാറാക്കിയത്. കുറുമാത്തൂർ ഗവ: വൊക്കേഷനിൽ ഹയർ സെക്കൻഡറി സ്കൂൾ പത്താംക്ലാസ് വിദ്യാർത്ഥിനിയാണ്. പൊന്ന്യത്ത് വെച്ച് സ്പീക്കർ എ.എൻ. ഷംസീറിന്റെ സാന്നിധ്യത്തിൽ പാഠപുസ്തകം പ്രകാശനം ചെയ്തു.
കോപത്താൽ കത്തിജ്വലിച്ചുകൊണ്ട് സൂര്യൻ പറഞ്ഞു. മനുഷ്യരാണ് നിൻ്റെ അന്തകർ.ഭൂമിയുടെ ദുരവസ്ഥയെക്കുറിച്ച് സൂര്യൻ പറയുന്നതോടെ ആരംഭിക്കുന്ന കവിതയിൽ അനുജത്തിയുടെ അവസ്ഥയിൽ മനംനൊന്ത് ശുക്രൻ ആശ്വാസവാക്കുകൾ ചൊരിയുന്നതും ഭൂമിദേവിയോടുള്ള സ്നേഹം നിലാവായി ചന്ദ്രൻ പരത്തുന്നതും ചന്ദ്രന്റെ പ്രഭയിൽ ഭൂമിയുടെ കവിളത്തെ മിഴിനീർത്തുള്ളികൾ തിളങ്ങുന്നതും കൊച്ചു കവയത്രി മനോഹരമായി വർണ്ണിച്ചിട്ടുണ്ട്. ഭൂമിയിൽ മനുഷ്യർ നടത്തുന്ന ക്രൂരതകൾ എണ്ണിപ്പറയുന്ന കവിതയിൽ ഒടുവിൽ എല്ലാ ഗ്രഹങ്ങളുടെയും കണ്ണുനീർ ഒരുമിച്ചു ഭൂമിയിലേക്ക് പെയ്തിറങ്ങിയപ്പോൾ മണിമാളികകളുടെ മുകളിൽ നിന്ന് 'കാലം തെറ്റിയ മഴ' എന്ന് മനുഷ്യൻ വിലപിക്കുന്നത് ഏറെ മനോഹരമായി കവിതയിൽ വരച്ചുകാട്ടിയിട്ടുണ്ട്.
സംസ്ഥാന സർക്കാരിൻ്റെ ഉജ്ജ്വല ബാല്യം പുരസ്കാരം, മുല്ലനേഴി പുരസ്കാരം, ഗാന്ധി പുരസ്കാരം എന്നിവ ഉൾപ്പെടെ നിരവധി നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ രണ്ടു വർഷമായി കവിതാ രചനയിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ഒന്നാം ക്ലാസ് മുതൽ കവിതാ രചന ആരംഭിച്ച മെസ്ന കുറുമാത്തൂർ പൊക്കുണ്ട് സ്വദേശിനിയാണ്. അധ്യാപകരായ കെ.വി. മെസ്മർ-കെ.കെ.ബീന ദമ്പതികളുടെ ഏക മകളാണ്.
