ഒരു വീട്ടിൽ ഒരു സർക്കാർ ജോലി; കണ്ണൂർ കിഴുന്നയിലെ സൗജന്യ പരിശീലന കേന്ദ്രം ഇരുപത്തഞ്ചാം വർഷത്തിലേക്ക്

kannur Kizhunna Free career guidance to Silver Jubilee
kannur Kizhunna Free career guidance to Silver Jubilee

കിഴുന്ന: ഒരു വീട്ടിൽ ഒരു സർക്കാർ ജോലി ഉറപ്പാക്കുക, ലഹരി മാഫിയയിൽ നിന്ന് തലമുറയെ സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ കിഴുന്നയിൽ പ്രവർത്തിച്ചു വരുന്ന സൗജന്യ കരിയർ ഗൈഡൻസ് രജത ജൂബിലിയിലേക്ക്. ഇതിലൂടെ പരിശീലനം നേടിയ മുന്നൂറിലധികം പേർ ഇതിനകം വിവിധ സർക്കാർ സർവ്വീസുകളിൽ പ്രവർത്തിക്കുന്നു. അഞ്ചോളം പേർ സർവ്വീസിൽ നിന്ന് വിരമിക്കുകയും ചെയ്തു. 

സാമൂഹ്യ സേവനം മാത്രം ലാക്കാക്കി തികച്ചും സൗജന്യമായാണ് പരിശീലനം നൽകി വരുന്നത്. തുന്നൽവേല ചെയ്ത് സിവിൽ പോലീസ് ഓഫീസറായ പി.ഷിനോദ് മുതൽ കെട്ടിട നിർമ്മാണ തൊഴിലെടുത്ത് വില്ലേജ് അസിസ്റ്റായി പ്രവർത്തിച്ച് വിരമിച്ച കെ.പ്രകാശൻ വരെയും ഉന്നത പദവിയിലിരിക്കുന്ന ധാരാളം പേരും പട്ടികയിലുണ്ട്. കുറ്റിക്കകം ട്യൂഷൻ സെൻ്ററിൽ 2001 ജനവരി 1 ന് തുടക്കമിട്ട സ്ഥാപനം ഇന്ന് കിഴുന്ന ആലിങ്കൽ സന്നിധാനത്തിൻ്റെ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.

കെട്ടിട ഉടമ തികച്ചും സൗജന്യമായാണ് പരിശീലനത്തിന് കെട്ടിടം വിട്ടു നൽകിയത്. 50 പേരിലധികം പേർ നിത്യേന പരിശീലനത്തിനായി എത്തി മറ്റെല്ലാം മറന്ന് പ്രപഞ്ചത്തിന് കീഴിലെ സർവ്വകാര്യങ്ങളും ചർച്ച ചെയ്യുന്നു. ബോർഡോ പരസ്യമോ ഇല്ലാതെ പരിശീലനം നേടാൻ തലമുറകൾ കൈമാറുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. 

സാമൂഹ്യ വിദ്യാഭ്യാസ സാംസ്കാരിക പ്രവർത്തകൻ ജനു ആയിച്ചാൻകണ്ടിയും ഇന്ത്യൻ നാവികസേനയിൽ നിന്ന്‌ വിരമിച്ച ടി.മോഹൻദാസുമാണ് സ്ഥാപകർ. കരിയർ ഗൈഡൻസിൻ്റെ രജത ജൂബിലി ജനുവരി രണ്ടിന് വൈകുന്നേരം നാലു മണിക്ക് വിവിധ പരിപാടികളോടെ കിഴുന്ന ആലിങ്കൽ യോഗീശ്വര സന്നിധാനത്ത് നടക്കും. അഞ്ചിന് തഹസിൽദാർ വി.ഷിനു ഉദ്ഘാടനം ചെയ്യും.

Tags