കണ്ണിനും മനസിനും കുളിർമഴ തീർത്ത കണ്ണൂർ പുഷ്പോത്സവത്തിന് സമാപനം


കണ്ണൂർ :കണ്ണിനും മനസിനും കുളിർമഴ തീർത്ത കണ്ണൂർ പുഷ്പോത്സവത്തിന് സമാപനം. പൊലീസ് മൈതാനിയിൽ നടന്ന സമാപന സമ്മേളനം രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.പുഷ്പോത്സവം കണ്ണൂരിൻ്റെ ജനകീയ ഉത്സവമായി മാറിയെന്ന് മന്ത്രി പറഞ്ഞു. ഓരോ വീട്ടുമുറ്റത്തും ഉദ്യാനങ്ങൾ നിർമിക്കുന്നതിൻ്റെ ആവശ്യകതയെക്കുറിച്ച് ശാസ്ത്രീയ അവബോധം നൽകാൻ പുഷ്പോത്സവത്തിനായി. അന്യ സംസ്ഥാനങ്ങളിൽ നിന്നും പുഷ്പവുമായുള്ള ലോറികൾ എത്തിയില്ലെങ്കിൽ നമ്മുടെ നാട്ടിലെ പരിപാടികൾക്ക് പൂവുകൾ ഉണ്ടാകാത്ത അവസ്ഥയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇറക്കുമതി ചെയ്ത പൂവുകൾക്ക് വർണം മാത്രമേയുള്ളൂ, സുഗന്ധവും സൗരഭ്യവുമില്ല. സുഗന്ധം നഷ്ടപ്പെട്ട പൂക്കൾക്ക് പകരം നിറവും മണവുമുള്ള പൂക്കൾ നാട്ടിലെങ്ങും വിരിയാൻ പുഷ്പോത്സവം ഒരു നിമിത്തമാകട്ടേയെന്നും അദ്ദേഹം പറഞ്ഞു. സൊസൈറ്റി പ്രസിഡന്റ് കൂടിയായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ അധ്യക്ഷത വഹിച്ചു. സിറ്റി പൊലീസ് കമ്മീഷണർ നിധിൻ രാജ് വിശിഷ്ടാതിഥിയായി. പുഷ്പോത്സവത്തിനോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ മന്ത്രിയും ജില്ലാ കലക്ടറും പോലീസ് കമ്മീഷണറും ചേർന്ന് വിതരണം ചെയ്തു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി പി വിനീഷ്, പുഷ്പോത്സവം സംഘാടക സമിതി ജനറൽ കൺവീനർ പി.വി. രത്നാകരൻ, സംഘാടക സമിതി ട്രെഷറർ കെ എം ബാലചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
പന്ത്രണ്ട് ദിവസങ്ങളിലായി പതിനായിരങ്ങളാണ് പുഷ്പ-ഫല- സസ്യ പ്രദർശന മേളയിലേക്ക് ഒഴികിയത്. കേരളത്തിനകത്തും പുറത്തു നിന്നും മാത്രമല്ല വിദേശങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തതടക്കമുള്ള അപൂർവ ചെടികളുടെയും സസ്യങ്ങളുടെയും പൂക്കളുടെയും അപൂർവ്വ ശേഖരമായിരുന്നു ഇത്തവണത്തെ സവിശേഷത. ചൈനയിൽ നിന്നുള്ള ഇരപിടിയൻ സസ്യം കാണികളെ ആകർഷിച്ചു. സ്കൂളുകളിൽ പാഠ്യപദ്ധതിയുടെ ഭാഗമായി പഠിക്കാനുള്ള ഇരപിടിയൻ ചെടിയെ നേരിൽ കാണാനും പരിചയപ്പെടാനും കഴിഞ്ഞത് വിദ്യാർഥികൾക്ക് നവ്യാനുഭവമായി.
പന്ത്രണ്ടായിരം ചതുരശ്ര അടിയിൽ ഒരുക്കിയ ഡിസ്പ്ലേ ആയിരുന്നു ഇത്തവണത്തെ മുഖ്യാകർഷണം. കുമളിയിൽ നിന്നെത്തിയ വിദഗ്ധ തൊഴിലാളികളാണ് ഡിസ്പ്ളേ സജ്ജമാക്കിയത്. പല വർണ്ണങ്ങളിലുള്ള പൂക്കൾ നിറഞ്ഞുനിൽക്കുന്ന ബോഗൻവില്ലയുടെ കലവറ കൂടിയായി പ്രദർശന നഗരി. റോസ്, ഓർക്കിഡ്,ആന്തൂറിയം, പോയൻ്റ് സെറ്റിയ,ജറിബ്രാ പീസ് ലില്ലി, മെറി ഗോൾഡ്, ബേബിസീനിയ , കലാഞ്ചോ, പെറ്റോണിയാ സാൽവിയാ പെൻ്റാനസ്, സെലോഷ്യ , ഡെയ്സി തുടങ്ങി കണ്ണൂരിന് ചിരപരിചിതമല്ലാത്ത പൂക്കളുടെ കമനീയ ശേഖരമായി വിശാലമായ പ്രദർശനതോട്ടം.

ഇതോടൊപ്പം അമ്പതോളം നഴ്സറി സ്റ്റാളുകളിൽ ചെടികളും ഔഷധ സസ്യങളും, പച്ചക്കറി തൈകളും ഫലവൃക്ഷ തൈകളുമെല്ലാം വാങ്ങുന്നതിനും നല്ല തിരക്കുന്നനുഭവപ്പെട്ടു. വീടുകളിൽ പൂന്തോട്ടത്തിലും പച്ചക്കറി തോട്ടത്തിലും പുതിയവ നട്ടുവളർത്തുന്നതിന് മേള കാണാൻ എത്തുന്നവരെല്ലാം തൈകൾ സ്വന്തമാക്കി. ആറളം ഫാം , ജില്ലാ കൃഷി തോട്ടം, എന്നിവിടങ്ങളിലെ കവുങ്ങ്, തെങ്ങിൻ തൈകൾക്കും വൻ ഡിമാൻ്റായിരുന്നു. എല്ലാ ദിവസവും കാർഷിക പ്രാധാന്യമുള്ള വിഷങ്ങളിൽസെമിനാറുകൾ, പാചക മത്സരം ,കുട്ടികൾക്കുള്ള വിവിധ മത്സരങ്ങൾ, കലാപരിപാടികൾ എന്നിവയും അരങ്ങേറി.