കരിയര്‍ സ്വപ്‌നങ്ങളുടെ വാതില്‍തുറന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഗ്ലോബല്‍ ജോബ് ഫെയര്‍
കണ്ണൂർ: യുവതയുടെ കരിയര്‍ സ്വപ്‌നങ്ങള്‍ക്ക് ചിറകുമുളപ്പിച്ച് കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച ഗ്ലോബല്‍ ജോബ് ഫെയർ ഇന്ന് സമാപിക്കും. രണ്ടുദിവസങ്ങളായി നടക്കുന്ന ജോബ് ഫെയറിന്റെ ആദ്യദിനം തന്നെ ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളാണ് ഒഴുകിയെത്തിയത്. നൂറുകണക്കിന് പേര്‍ക്ക് ജോലി നല്‍കിയും ഒപ്പം ജോലി തേടുന്നവര്‍ക്ക് അവസരങ്ങളുടെ പുതുവാതിലുകള്‍ തുറക്കുന്ന വേദിയായും ഗ്ലോബല്‍ ജോബ് ഫെയര്‍മാറി.
20 വിദേശ കമ്പനികളും 55 ഇന്ത്യന്‍ കമ്പനികളും പങ്കെടുക്കുന്ന ഗ്ലോബല്‍ ജോബ് ഫെയര്‍ കണ്ണൂരിന് പുതുഅനുഭവം നല്‍കുന്നതായി. തൊഴില്‍ മേഖലയിലെ പുതുപ്രവണതകളെ കുറിച്ച് ബോധവല്‍കരിക്കുന്നതും വിദേശത്ത് തൊഴിലും പഠനവും ഒരുമിച്ച് കൊണ്ടുപോകാനുള്ള അവസരങ്ങള്‍ പരിചയപ്പെടുത്തുന്ന വിവിധ സെഷനുകളും വേദിയില്‍ ജോബ് ഫെയറിന്റെ ഭാഗമായി നടന്നു. ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളാണ് ആദ്യദിനം ഗ്ലോബല്‍ ജോബ് ഫെയറില്‍ പങ്കെടുത്തത്.
ഇതിലൂടെ നൂറുകണക്കിന് ഉദ്യോഗാര്‍ഥികള്‍ക്ക് ജോലിയും സാധ്യമാക്കാനായി. കണ്ണൂര്‍ ജില്ലയില്‍ തന്നെ ആദ്യമായാണ് ഇത്രയും വിശാലമായ രീതിയില്‍ ഗ്ലോബല്‍ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നത്. 12000 പേര്‍ രജിസ്റ്റര്‍ ചെയ്ത ഗ്ലോബല്‍ ജോബ് ഫെയറിന്റെ ആദ്യദിനത്തില്‍ ആറായിരത്തോളം പേര്‍ക്കായിരുന്നു സ്ലോട്ട് നല്‍കിയിരുന്നത്. രാവിലെ മുതല്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്‌റ്റേഡിയം ഉദ്യോഗാര്‍ഥികളെ കൊണ്ട് നിറഞ്ഞുകവിഞ്ഞിരുന്നു.
ജോബ് ഫെയര്‍ ഔപചാരിക ഉദ്ഘാടനം കെ സുധാകരന്‍ എംപി നിര്‍വഹിച്ചു. മേയര്‍ മുസ്‌ലിഹ് മഠത്തില്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ അഡ്വ. പി ഇന്ദിര സ്വാഗതം പറഞ്ഞു. കെവി സുമേഷ് എംഎല്‍എ വിശിഷ്ടാതിഥികളായി. മുസ് ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം ചേലേരി, സിപിഎം പ്രതിനിധി എം പ്രകാശന്‍ മാസ്റ്റര്‍, സിപിഐ പ്രതിനിധി സിപി ഷൈജന്‍, മുന്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി കെ രാഗേഷ്, പി ഷമീമ ടീച്ചര്‍, എം.പി രാജേഷ്, വി കെ ശ്രീലത, സിയാദ് തങ്ങള്‍, ഷാഹിന മൊയ്തീന്‍, സുരേഷ് ബാബു എളയാവൂര്‍, കൗണ്‍സിലര്‍മാരായ കൂക്കിരി രാജേഷ്, കെ പി അബ്ദുല്‍റസാഖ്, ടി രവീന്ദ്രന്‍, എന്‍ ഉഷ, കണ്ണൂര്‍ കോര്‍പ്പറേഷന്‍ അഡീഷണല്‍ സെക്രട്ടറി ഡി ജയകുമാര്‍, ബ്രാന്‍ഡ്‌ബെ മീഡിയ മാനേജിംഗ് ഡയറക്ടര്‍ സൈനുദ്ദീന്‍ ചേലേരി തുടങ്ങിയവര്‍ സംസാരിച്ചു.
തുടര്‍ന്ന് ആരോഗ്യ രംഗത്തെ അനന്തസാധ്യതകള്‍ എന്ന വിഷയത്തില്‍ മോണ്ട് ഗോ ഹെല്‍ത്ത് കെയര്‍ സിസ്റ്റംസ് മാനേജിംഗ് ഡയറക്ടര്‍ ഷൗക്കത്തലി മാതോടം ക്ലാസെടുത്തു. ബ്രാന്റ്‌ബേ മീഡിയയുടെ സഹകരണത്തോടെയാണ് ജോബ് ഫെയര്‍ ഒരുക്കുന്നത്.