കണ്ണൂരിൻ്റെ കാളിന്ദിയായി മാലിന്യത്താൽ മുങ്ങുന്നു കക്കാട് പുഴ


കണ്ണൂർ : അനധികൃത കൈയ്യേറ്റത്തിലും മാലിന്യം തള്ളലിലും കക്കാട് പുഴ മുങ്ങി താഴുന്നു. അര നൂറ്റാണ്ട് മുൻപ് യാത്ര വഞ്ചികൾ കടന്നു പോവുകയും വളപട്ടണത്ത് നിന്ന് മില്ലുകളിലേക്ക് മരം കൊണ്ടുവരികയും ചെയ്തിരുന്നു. കുടിക്കാനും കുളിക്കാനും ഈ പുഴയിലെ വെള്ളമാണ് ജനങ്ങൾ ഉപയോഗിച്ചിരുന്നത്.
ഒരു കാലത്ത് ഏറെ മത്സ്യ സമൃദ്ധിയുള്ള പുഴയെ ആശ്രയിച്ച് മത്സ്യം പിടിച്ച് ജീവിച്ചിരുന്ന ആളുകൾ കക്കാടുണ്ടായിരുന്നു..
കണ്ടൽ കാടുകളും തോണി യാത്രകളും ഉണ്ടായിരുന്ന കക്കാട് പുഴവേനൽക്കാലത്തും ജലസമൃദ്ധിയേകിയിരുന്നു.
പുഴയോടു ചേർന്ന ചെമ്മീൻ പാടങ്ങളും നെൽക്കൃഷിയുമായിരുന്നു പ്രദേശത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ അടിത്തറ.
ചകിരി, മര വ്യവസായങ്ങളും സജീവമായിരുന്നു. അതിനൊപ്പം പുഴയിലെ ജലസാന്നിധ്യം കൊണ്ടു നീർപക്ഷികളുടെയും സന്യാസി, പച്ചക്കാലൻ, പീച്ചാളി തുടങ്ങിയ മൊളാസ്ക ജീവികളുടെയും പറുദീസയായിരുന്നു കക്കാട്.
ഇന്ന് അറവ് മാലിന്യം തള്ളാനുള്ള കേന്ദ്രമായി കക്കാട് പുഴ മാറിയിരിക്കുകയാണ്. പുഴയുടെ വീതി കുറഞ്ഞു തോടിനെ പോലെയായി മാറി. മണ്ണിട്ട് നികത്തൽ, നിർമാണ പ്രവർത്തികൾ, കണ്ടൽ നശീകരണം, പ്ലാസ്റ്റിക്, ഹോട്ടൽ, , ആശുപത്രി മാലിന്യങ്ങൾ തുടങ്ങിയവ പുഴയെ അടിച്ചമർത്തിക്കൊണ്ടിരിക്കുന്നു.

പുഴയുടെ അസ്തിത്വം സംരക്ഷിക്കാൻ നടപടികൾ വേണമെന്ന് നാട്ടുകാർ അടക്കമുള്ളവരിൽ നിന്നും ആവശ്യം ഉയരുകയാണ്. ഇതിനായി കോർപറേഷൻ ചില പദ്ധതികൾ നടപ്പിലാക്കിയിരുന്നുവെങ്കിലും തുടർപ്രവർത്തനങ്ങളുണ്ടായില്ലെന്ന് പ്രദേശവാസികൾ പറയുന്നു. ദുർഗന്ധം വമിക്കുന്ന കറുത്ത ജലം കെട്ടിക്കിടക്കുന്ന കൊതുകുകൾ പെറ്റുപെരുകുന്ന കണ്ണൂരിൻ്റെ കാളിന്ദിയായി മാറിയിരിക്കുകയാണ് കക്കാട് പുഴ.